Smart Phone Battery: ബാറ്ററി 8000 MAH, കപ്പാസിറ്റി കൂട്ടാൻ സാംസംഗും, ആപ്പിളും; വരുമോ മാറ്റം?
നല്ല ബാറ്ററിയുള്ള ഫോണാണെങ്കിൽ അത് എല്ലാവരും വാങ്ങും, മോശം ബാറ്ററി കപ്പാസിറ്റിയാണെങ്കിൽ ഉപയോക്താക്കൾക്ക് താത്പര്യം കുറയും എന്നത് ഏറ്റവും അടിസ്ഥാനപരമായ കാര്യമാണ്
ബാറ്ററി കപ്പാസിറ്റിയാണ് സ്മാർട്ട് ഫോൺ ഉപഭോക്താക്കളെ അലട്ടുന്ന ഏറ്റവും വലിയ പ്രശ്നങ്ങളിലൊന്ന്. പല ഫ്ലാഗ്ഷിപ്പ് ഫോണുകളും ആളുകൾ വാങ്ങാൻ മടിക്കുന്നത് പോലും ഇത്തരത്തിൽ ബാറ്ററി കപ്പാസിറ്റി എന്ന പ്രശ്നം കൊണ്ടാണ്. സാംസംഗും ആപ്പിളും നേരിട്ടിറങ്ങി ഇത്തരം പ്രശ്നങ്ങൾക്കൊരു പരിഹാരം കണ്ടെത്താനുള്ള ശ്രമത്തിലാണിപ്പോൾ. ഇതിനായൊരു അത്യാധുനിക ബാറ്ററി സാങ്കേതികവിദ്യ കൊണ്ടുവരാനാണ് രണ്ട് കമ്പനികളുടെയും ശ്രമം. ഇത്തരത്തിൽ കുറഞ്ഞത് ചൈനീസ് ബ്രാൻഡുകൾക്കൊപ്പം മത്സരിക്കുക എന്നത് കൂടിയാണ് ഇരു കമ്പനികളുടെയും ലക്ഷ്യം. നിലവിൽ ഒപ്പോ, റെഡ്മീ ബ്രാൻഡുകൾ 7,000mAh-ൽ കൂടുതലുള്ള ബാറ്ററികൾ ഫീച്ചർ ചെയ്യുന്ന സ്മാർട്ട്ഫോണുകളുമായി വിപണിയിലുണ്ട്.
സിലിക്കൺ സാങ്കേതികവിദ്യ ഉപയോഗിച്ച് ബാറ്ററി ശേഷി വർധിപ്പിക്കാൻ സാംസങ്ങ്
സാംസങ് അവരുടെ ഫോൺ ബാറ്ററികളിലെ സിലിക്കണിൻ്റെ അളവ് ഗണ്യമായി വർദ്ധിപ്പിക്കുന്നതിനുള്ള ശ്രമമാണ് നടത്തുന്നത്. കമ്പനിയുടെ പുതിയ ബാറ്ററി വികസന സംരംഭത്തിൻ്റെ ഭാഗമാണ് ഈ നവീകരണം. പുതിയ മാറ്റങ്ങൾ പൊതുവെയുണ്ടാകുന്ന ബാറ്ററി വീർക്കൽ പോലുള്ള പ്രശ്നങ്ങളിൽ നിന്ന് ഫോണിനെ സംരക്ഷിക്കുമെന്നാണ് പ്രതീക്ഷ. അതേസമയം പുതിയ ബാറ്ററി സാങ്കേതിക വിദ്യയുള്ള സ്മാർട്ട്‌ഫോണുകളുടെ ലോഞ്ച് എന്നാണെന്ന് സാംസങ് വെളിപ്പെടുത്തിയിട്ടില്ല.
2026-ഓടെ ആപ്പിളിൻ്റെ ബാറ്ററി
ആപ്പിളും തങ്ങളുടെ സ്മാർട്ട് ഫോൺ ബാറ്ററികളുടെ വികസനത്തിനായി പ്രവർത്തിക്കുന്നുണ്ടെന്നാണ് റിപ്പോർട്ട്. 2026- മുതലെങ്കിലും തങ്ങളുടെ മുൻനിര ഫോണുകളിൽ പുത്തൻ സാങ്കേതിക വിദ്യ കമ്പനി അവതരിപ്പിച്ചേക്കുമെന്നാണ് റിപ്പോർട്ട്. ഇതിനായുള്ള ഗവേഷണം നടന്നു വരികയാണ്.
ചൈനീസ് സ്മാർട്ട്‌ഫോൺ നിർമ്മാതാക്കൾ ബാറ്ററി റേസിൽ മുന്നിൽ
സാംസംഗും ആപ്പിളും ബാറ്ററി ഗവേഷണത്തിലാണ് ഇപ്പോൾ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ചൈനീസ് ബ്രാൻഡായ റെഡ് മാജിക് 10 പ്രോയിൽ 7,050എംഎഎച്ച് ആണ് ബാറ്ററി കപ്പാസിറ്റി, കൂടാതെ 7,000എംഎഎച്ച് വരെ ബാറ്ററിയുള്ള ഫോണുമായി ഓപ്പോയും എത്തുമെന്ന് അഭ്യൂഹമുണ്ട്. ഈ വർഷാവസാനം 8,000 എംഎഎച്ച് ബാറ്ററിയുള്ള ഫോണുകൾ ചൈനീസ് കമ്പനികൾ അവതരിപ്പിക്കുമെന്നാണ് മറ്റ് ചില റിപ്പോർട്ടുകൾ പറയുന്നത്. സ്മാർട്ട്‌ഫോൺ വ്യവസായത്തിൽ വർദ്ധിച്ചുവരുന്ന മത്സരം തന്നെയാണ് ഇതിനെല്ലാം പിന്നിലെ പ്രധാന കാര്യം. ഫോണുകളുടെ പ്രകടനം, ഡിസൈൻ, ബാറ്ററി ലൈഫ് എന്നിവ ഏറ്റവും അധികം മെച്ചപ്പെടുത്തുക എന്നത് മാത്രമാണ് കമ്പനികളുടെ ലക്ഷ്യം.
.