Telecom Tariff Hike: നിരക്ക് വർധിപ്പിക്കാനൊരുങ്ങി ടെലികോം ഓപ്പറേറ്റർമാർ; വർഷാവസാനത്തോടെ തുക വർധിപ്പിക്കുമെന്ന് റിപ്പോർട്ട്
Telecom Operators May Hike Tariff: ടെലികോം ഓപ്പറേറ്റർമാർ നിരക്ക് വർധിപ്പിക്കാനൊരുങ്ങുന്നു എന്ന് റിപ്പോർട്ട്. ഈ വർഷം അവസാനത്തോടെ നിരക്ക് വർധനയുണ്ടാവുമെന്നാണ് സൂചന.

ഈ വർഷം അവസാനത്തോടെ ടെലികോം ഓപ്പറേറ്റർമാർ നിരക്ക് വർധിപ്പിക്കുമെന്ന് റിപ്പോർട്ട്. ഭാരതി എയർടെൽ, റിലയൻസ് ജിയോ, വോഡഫോൺ ഐഡിയ തുടങ്ങി രാജ്യത്തെ പ്രമുഖ ടെലികോം ഓപ്പറേറ്റർമാരെല്ലാം നിരക്ക് വർധിപ്പിക്കുമെന്ന് സൂചനയുണ്ട്. നിരക്ക് വർധനയോടെ ഈ കമ്പനികൾക്കിടയിൽ മാർക്കറ്റ് ഷെയർ കുറച്ചുകൂടി നല്ല രീതിയിൽ വീതിക്കപ്പെടുമെന്നാണ് കരുതപ്പെടുന്നത്.
2025 ഡിസംബറോടെ ടെലികോം നിരക്കിൽ 10 മുതൽ 20 ശതമാനം വരെ വർധനയുണ്ടാവുമെന്നാണ് മണികൺട്രോൾ റിപ്പോർട്ട് ചെയ്യുന്നത്. കഴിഞ്ഞ ആറ് വർഷത്തിനിടെയുണ്ടാവുന്ന പ്രധാനപ്പെട്ട നാലാമത്തെ നിരക്ക് വർധനയാവും ഇത്. 2024 ജൂലായിലാണ് അവസാനമായി ടെലികോം കമ്പനികൾ നിരക്ക് വർധിപ്പിച്ചത്. 25 ശതമാനമാണ് ആ സമയത്ത് വർധിപ്പിച്ചത്.
2025-27 കാലയളവിൽ എയർടെലിനും ജിയോയ്ക്കും മിതമായത് മുതൽ ഉയർന്ന വരുമാന വർധയുണ്ടാവുമെന്നും മണികൺട്രോളിൻ്റെ റിപ്പോർട്ടിൽ പറയുന്നു. ആവറേജ് റെവന്യു പെർ യൂസർ വളർച്ചയും പുതിയ സബ്സ്ക്രൈബർമാരെ ചേർക്കുന്നതുമൊക്കെയാണ് ഈ കമ്പനികൾക്ക് ഗുണമായത്. പുതിയ ഉപഭോക്താക്കളെ ചേർക്കുന്നതിനൊപ്പം നിലവിലുള്ള ഉപഭോക്താക്കളിൽ നിന്നുള്ള വരുമാനത്തിലും ഈ കമ്പനികൾ മികവുണ്ടാക്കുന്നുണ്ട്.
2025 ഡിസംബറിലെ നിരക്ക് വർധനയ്ക്ക് ശേഷം 2026ലും 2033ലും വാർഷിക നിരക്ക് വർധനയ്ക്കുള്ള സാധ്യതയും റിപ്പോർട്ടിൽ പറയുന്നു. നിരക്ക് വർധന മുൻപത്തെ അപേക്ഷിച്ച് കൂടുതൽ സാധാരണയാവും. എന്നാൽ, 2019-205 കാലയളവിനെ അപേക്ഷിച്ച് നിരക്ക് വർധനയുടെ വ്യാപ്തി കുറയും. ടെലികോം ഓപ്പറേറ്റർമാരെ സഹായിക്കാനായാണ് നിരക്ക് വർധന ഏർപ്പെടുത്തിയിരിക്കുന്നത്. വാർഷിക വളർച്ചയിൽ 10 ശതമാനം വളർച്ചയുണ്ടാവും എന്നാണ് കരുതപ്പെടുന്നത്. ഇത് വോഡഫോൺ ഐഡിയയെ ഏറെ സഹായിക്കുമെന്ന് റിപ്പോർട്ടുകളുണ്ട്.
നിലവിൽ രാജ്യത്തെ ഏറ്റവും വലിയ ടെലികോം ഓപ്പറേറ്റർമാർ ജിയോ ആണ്. രണ്ടാമത് എയർടെലും മൂന്നാം സ്ഥാനത്ത് വോഡഫോൺ ഐഡിയയും.