Tecno Spark Slim: ലോകത്തിലെ ഏറ്റവും കനം കുറഞ്ഞ ഫോണുമായി ടെക്നോ; ഫോൺ അവതരിപ്പിക്കപ്പെടുക അടുത്ത ആഴ്ച
Tecno Spark Slim At MWC 2025: ലോകത്തിലെ ഏറ്റവും കനം കുറഞ്ഞ ഫോണെന്ന അവകാശവാദവുമായി എത്തുന്ന ടെക്നോ സ്പാർക്ക് സ്ലിം അടുത്ത ആഴ്ച അവതരിപ്പിക്കും. മാർച്ച് മൂന്ന് മുതൽ ആറ് വരെ നടക്കാനിരിക്കുന്ന മൊബൈൽ വേൾഡ് കോൺഗ്രസിലാവും ഈ ഫോൺ അവതരിപ്പിക്കുക.

സ്മാർട്ട്ഫോൺ ലോകത്തെ വമ്പൻ കമ്പനികൾക്ക് മുൻപ് ലോകത്തിലെ ഏറ്റവും കനം കുറഞ്ഞ ഫോണുമായി ടെക്നോ. അടുത്ത ആഴ്ച സ്പെയിനിലെ ബാഴ്സലോണയിൽ നടക്കാനിരിക്കുന്ന മൊബൈൽ വേൾ കോൺഗ്രസ് (ഡബ്ല്യുഎംസി) 2025ൽ ഈ ഫോൺ അവതരിപ്പിക്കും. ടെക്നോ സ്പാർക് സ്ലിം എന്ന പേരിലാണ് ഫോൺ അവതരിപ്പിക്കപ്പെടുക. 5.75 മില്ലിമീറ്റർ മാത്രം കട്ടിയുള്ള ഈ ഫോൺ ലോകത്തിലെ ഏറ്റവും കനം കുറഞ്ഞ ഫോൺ ആണെന്നാണ് അധികൃതർ അവകാശപ്പെടുന്നത്.
ഒരു വാർത്താകുറിപ്പിലൂടെയാണ് ഫോൺ പുറത്തിറങ്ങുന്ന വിവരം ടെക്നോ അറിയിച്ചത്. കമ്പനിയുടെ ഡബ്ല്യുഎംസി ബൂത്തിൽ ഫോൺ പ്രദർശിപ്പിക്കുമെന്ന് ടെക്നോ അറിയിച്ചു. 5200 എംഎഎച്ച് ബാറ്ററിയും 6.78 ഇഞ്ചിൻ്റെ ഡിസ്പ്ലേയുമാവും ഫോണിലുണ്ടാവുക. 50 മെഗാപിക്സലിൻ്റെ ഡ്യുവൽ റിയർ ക്യാമറ മോഡ്യൂളാവും പിൻഭാഗത്തുണ്ടാവുക എന്നും നേരത്തെ സ്ഥിരീകരിക്കപ്പെട്ടിരുന്നു.
ടെക്നോ സ്പാർക്ക് ഫോണിൻ്റെ സവിശേഷതകൾ
6.78 ഇഞ്ചിൻ്റെ ത്രീഡി കർവഡ് അമോഎൽഇഡി ഡിസ്പ്ലേ ആവും ഫോണിലുണ്ടാവുക. 50 മെഗാപിക്സലിൻ്റെ പ്രൈമറി ക്യാമറയും 50 മെഗാപിക്സലിൻ്റെ സെക്കൻഡറി ക്യാമറയും പിൻഭാഗത്തുണ്ടാവും. മുൻ ക്യാമറ 13 മെഗാപിക്സലിൻ്റേതാവും. ഇതുവരെ ഔദ്യോഗികമായി ചിപ്സെറ്റ് ഏതാണെന്ന് ടെക്നോ വെളിപ്പെടുത്തിയിട്ടില്ല. എന്നാൽ, ഒക്ട കോർ സിപിയു ആവും ഫോണിലുണ്ടാവുക എന്ന് റിപ്പോർട്ടുകളുണ്ട്. 45 വാട്ടിൻ്റെ ഫാസ്റ്റ് ചാർജിംഗും ഫോണൊലുണ്ടാവും. റീസൈക്കിൾഡ് അലൂമിനിയം കൊണ്ടാണ് പൂർണമായും ഫോൺ നിർമിച്ചിരിക്കുന്നത്. സ്റ്റെയിൻലസ് സ്റ്റീൽ ആണ് ഫ്രെയിം.




ഇതുവരെ ഫോണിൻ്റെ വില എത്രയാവുമെന്നതിനെപ്പറ്റി ടെക്നോ സൂചന നൽകിയിട്ടില്ല. കോൺസപ്റ്റ് സ്മാർട്ട്ഫോൺ എന്നതാണ് നേരത്തെ മുതൽ കമ്പനി പറയുന്നത്. കൂടുതൽ വിവരങ്ങൾ മൊബൈൽ വേൾഡ് കോൺഗ്രസിൽ അറിയാനാവുമെന്നും കമ്പനി അറിയിച്ചു. മാർച്ച് മൂന്ന് മുതൽ മാർച്ച് ആറ് വരെയാണ് മ്പ്ബൈൽ വേൾഡ് കോൺഗ്രസ് നടക്കുക. ഗ്യാലക്സി എസ്25 എഡ്ജ്, ഐഫോൺ 17 എയർ എന്നീ മോഡലുകളോടാവും ടെക്നോ സ്പാർക്ക് സ്ലിം മത്സരിക്കുക.