Sunita Williams Christmas Celebration: ബഹിരാകാശത്ത് വീണ്ടുമൊരു ആഘോഷരാവ്; സാൻ്റയായി സുനിതയും ഡോൺ പെറ്റും, ചിത്രങ്ങൾ വൈറൽ
Sunita Williams Christmas Celebration At Space: ബഹിരാകാശ നിലയത്തിൽ നിന്ന് ഹാം റേഡിയോയിലുടെ സംസാരിക്കുന്നതിനിടെ പോസ് ചെയ്ത ചിത്രങ്ങളാണ് അവ. എന്നാൽ ബഹിരാകാശത്ത് കുടുങ്ങിക്കിടക്കുന്ന യാത്രക്കാർക്കുള്ള ക്രിസ്മസ് സമ്മാനങ്ങളും ഭക്ഷണ സാധനങ്ങളും നാസയുടെ സ്പേസ് എക്സ് ഡ്രാഗൺ കാപസ്യൂൾ അവിടെ എത്തിച്ചിരുന്നു.
വീണ്ടും അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ നിന്നൊരു ആഘോഷനിമിഷം കൂടി. ഭൂമിയിലെത്തുന്നത് എന്നാണെന്ന് അറിയാതെ കഴിയുന്ന ബഹിരാകാശ സഞ്ചാരിയും ഇന്ത്യൻ വംശജയുമായ സുനിത വില്യംസും സംഘവും പങ്കുവച്ച ചിത്രങ്ങളാണ് ഇപ്പോൾ വൈറലാവുന്നത്. ബഹിരാകാശത്താണേലും എല്ലാ ആഘോഷങ്ങളും മുടങ്ങാതെ കൊണ്ടാടാൻ സുനിത മറക്കാറില്ല. ആഘോഷങ്ങളുടെ ചിത്രങ്ങളെല്ലാം നാസ പുറത്തുവിടാറുമുണ്ട്. ഇത്തരത്തിൽ ബഹിരാകാശ നിലയത്തിൽ സുനിതയും സഹപ്രവർത്തകരും ക്രിസ്മസ് ആഘോഷിക്കുന്നതിൻ്റെ ചിത്രങ്ങളാണ് നാസ പുറത്തുവിട്ടത്.
സാൻ്റാ തൊപ്പി ധരിച്ച സുനിതയുടേയും മറ്റൊരു ബഹിരാകാശ യാത്രികനായ ഡോൺ പെറ്റിന്റേയും ചിത്രമാണ് നാസ എക്സിലൂടെ പുറത്തുവിട്ടിരിക്കുന്നത്. ബഹിരാകാശ നിലയത്തിൽ നിന്ന് ഹാം റേഡിയോയിലുടെ സംസാരിക്കുന്നതിനിടെ പോസ് ചെയ്ത ചിത്രങ്ങളാണ് അവ. എന്നാൽ ബഹിരാകാശത്ത് കുടുങ്ങിക്കിടക്കുന്ന യാത്രക്കാർക്കുള്ള ക്രിസ്മസ് സമ്മാനങ്ങളും ഭക്ഷണ സാധനങ്ങളും നാസയുടെ സ്പേസ് എക്സ് ഡ്രാഗൺ കാപസ്യൂൾ അവിടെ എത്തിച്ചിരുന്നു.
ഭൂമിയിൽ നിന്നും അയച്ച സാധനങ്ങൾ ഉപയോഗിച്ച് ഭക്ഷണമുണ്ടാക്കി ക്രിസ്മസ് അവധിയാഘോഷത്തിന്റെ മാറ്റ്കൂട്ടാൻ സംഘം ഒരുങ്ങുന്നതായും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. തത്സമയ വീഡിയോ സെഷനുകളിലൂടെ ഭൂമിയിലെ വിദ്യാർത്ഥികളുമായി ഇടപഴകാനും ബഹിരാകാശത്തെ ജീവിതത്തെക്കുറിച്ചുള്ള ഉൾക്കാഴ്ചകൾ പങ്കിടാനും ശാസ്ത്രവും സാങ്കേതികവിദ്യയും പര്യവേക്ഷണം ചെയ്യാൻ യുവ മനസ്സുകളെ പ്രോത്സാഹിപ്പിക്കുന്നതിനായി സുനിതയും സംഘവും പദ്ധതിയിടുന്നുണ്ട്.
ബോയിങ് സ്റ്റാർലൈനറിന്റെ പരീക്ഷണ പറക്കലിന്റെ ഭാഗമായാണ് സുനിത വില്യംസും സഹസഞ്ചാരി ബച്ച് വിൽമോറും ബഹിരാകാശ നിലയത്തിൽ എത്തിയത്. പേടകത്തിലെ സാങ്കേതിക തകരാറിനെ തുടർന്ന് ഇരുവർക്കും അതേ പേടകത്തിൽ ഭൂമിയിലേക്ക് തിരിച്ചിറങ്ങാനായില്ല. 2024 ജൂൺ മുതൽ ബഹിരാകാശ നിലയത്തിൽ തുടരുകയാണ് ഇരുവരും.
നിലവിൽ സുനിത വില്യംസിനൊപ്പം ബച്ച് വിൽമോർ എന്ന ബഹിരാകാശ യാത്രികനും അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലുണ്ട്. ഇരുവരും പരസ്പരം സഹായിച്ചാണ് മുന്നോട്ടുപോകുന്നത്. ജൂൺ ഏഴിന് എത്തിയ ഇവർ 13 ന് തിരിച്ച് ഭൂമിയിലേക്ക് മടങ്ങാനാണ് സംഘം പദ്ധതിയിട്ടിരുന്നത്. ചില സാങ്കേതിക തകരാറുകൾ മൂലമാണ് തിരികെയെത്തുന്നത് വൈകുന്നത്. ഇനി 2025 ഫെബ്രുവരിയിൽ ബഹിരാകാശ നിലയത്തിൽ നിന്ന് തിരിക്കുന്ന സ്‌പേസ് എക്‌സിന്റെ ക്രൂ9 പേടകത്തിലൂടെ മാത്രമെ ഇരുവരെയും തിരികെ എത്തിക്കാൻ സാധിക്കൂവെന്നാണ് നാസ അറിയിച്ചിരിക്കുന്നത്.
സുനിതയുടെ ഭാരം കുറഞ്ഞത് ഇങ്ങനെ
അതിനിടെ സ്പേസിലുള്ള സംഘത്തിന് ലഭിക്കുന്ന ഭക്ഷണത്തിൻ്റെ ക്ഷാമമാണ് സുനിതയുടെ ഭാരം കുറയാൻ കാരണമെന്ന് ആഭ്യൂഹങ്ങൾ പുറത്തുവന്നിരുന്നു. ബഹിരാകാശയാത്രികരുടെ ആരോഗ്യത്തെക്കുറിച്ച് പലരും ആശങ്കയറിയിക്കുകയും ചെയ്തിരുന്നു.
എന്നാൽ, ഈ കിംവദന്തികളെയെല്ലാം തള്ളികൊണ്ട് സുനിത വില്യംസ് രംഗത്തെത്തിയിരുന്നു. ഗുരുത്വാകർഷണം നഷ്‌ടപ്പെട്ടതിനാലാണ് ശരീരഭാരം മാറിയതാണെന്നും അതാണ് തൻ്റെ രൂപത്തിൽ മാറ്റം വന്നതെന്നും അവർ അറിയിച്ചു.