Sunita Williams’ return: സ്പേസ്എക്സ് ക്രൂ-10 അംഗങ്ങള്‍ ബഹിരാകാശനിലയത്തിൽ; സുനിത വില്യംസും സംഘവും ഉടൻ തിരിച്ചെത്തും
Sunita Williams' return: ജൂണ്‍ അഞ്ചിന് വിക്ഷേപിച്ച ബോയിങ് സ്റ്റാര്‍ലൈനര്‍ പേടകത്തിലാണ് സുനിത വില്യംസും ബുച്ച് വിൽമോറും ബഹിരാകാശ നിലയത്തിൽ എത്തിയത്. 13 ദിവസത്തെ ദൗത്യത്തിനായി പുറപ്പെട്ട സംഘത്തിന് സ്റ്റാർലൈനർ പേടകത്തിൻ്റെ സാങ്കേതിക തകരാർ മൂലം തിരിച്ചുവരാൻ കഴിഞ്ഞില്ല.

നാസയുടെ സ്പേസ് എക്സ് ക്രൂ 10 അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെത്തി. നാസയുടെ ബഹിരാകാശ സഞ്ചാരികളായ ആനി മക്ലെൻ, നിക്കോളെ അയേഴ്സ്, ജപ്പാന്റെ ടകുയു ഒനിഷി, റഷ്യയുടെ കിരില്‍ പെസ്‌കോ എന്നിവരാണ് ബഹിരാകാശ നിലയത്തില്‍ എത്തിയത്. നീണ്ട ഒമ്പത് മാസമായി ബഹിരാകാശ നിലയത്ത് കുടുങ്ങി കിടക്കുന്ന സുനിത വില്യംസിനെയും ബുച്ച് വിൽമോറിനെയും ഭൂമിയിലേക്ക് തിരിച്ചെത്തിക്കുന്ന ദൗത്യത്തിന്റെ ഭാഗമായാണ് ഇവർ ബഹിരാകാശ നിലയത്തിലെത്തിയത്. നാസയും സ്‌പേസ് എക്‌സും സംയുക്തമായാണ് ദൗത്യത്തിന് നേതൃത്വം നല്‍കുന്നത്.
അമേരിക്കൻ പ്രാദേശിക സമയം വെള്ളിയാഴ്ച രാത്രി 7.03-ഓടെയാണ് (ഇന്ത്യൻ സമയം ശനിയാഴ്ച പുലർച്ചെ 4.30-ന്) ഫ്ലോറിഡ കെന്നഡി സ്പേസ് സെന്ററിലെ 39എ വിക്ഷേപണത്തറയിൽ നിന്ന് സ്പേസ് എക്സ് ഫാൽക്കൺ-9 റോക്കറ്റ് കുതിച്ചുയർന്നത്. ഇന്ത്യൻ സമയം ഞായറാഴ്ച രാവിലെ 9.30 ഓടെ ബഹിരാകാശ നിലയത്തില്‍ ക്രൂ ഡ്രാഗൺ പേടകം ഡോക്ക് ചെയ്തു.
വിഡിയോ
Watch the @SpaceX #Crew10 members enter the space station and join the Exp 72 crew for a long-duration space research mission. https://t.co/WHpxBz51Ts https://t.co/WHpxBz51Ts
— International Space Station (@Space_Station) March 16, 2025
ഇന്ത്യൻ സമയം രാവിലെ 10.30ഓടെ ഹാച്ചിങ് ആരംഭിച്ചു. രാവിലെ 11.05ന് സ്പേസ് എക്സ് ഡ്രാഗണ ബഹിരാകാശ പേടകത്തിന്റെ ഹാച്ച് തുറന്നു. തുടർന്ന് ക്രൂ 10ലെ അംഗങ്ങൾ ബഹിരാകാശ നിലയത്തിൽ പ്രവേശിച്ചു. ഇവരെ സുനിത വില്യംസും ബുച്ച് വിൽമോനും ചേർന്ന് സ്വീകരിച്ചു. ക്രൂ 10 എത്തിയതോടെ മുൻ ദൗത്യസംഘമായ ക്രൂ 9ന് ഭൂമിയിലേക്ക് തിരിച്ചെത്താം. ഈ മാസം 19 ബുധനാഴ്ച സുനിതയും ബുച്ചും ഭൂമിയിലേക്ക് മടങ്ങും.
ജൂണ്‍ അഞ്ചിന് വിക്ഷേപിച്ച ബോയിങ് സ്റ്റാര്‍ലൈനര്‍ പേടകത്തിലാണ് സുനിത വില്യംസും ബുച്ച് വിൽമോറും ബഹിരാകാശ നിലയത്തിൽ എത്തിയത്. 13 ദിവസത്തെ ദൗത്യത്തിനായി പുറപ്പെട്ട സംഘത്തിന് സ്റ്റാർലൈനർ പേടകത്തിൻ്റെ സാങ്കേതിക തകരാർ മൂലം തിരിച്ചുവരാൻ കഴിഞ്ഞില്ല. തുടർന്നാണ് സ്പേസ്എക്സിന്റെ ക്രൂ10-ൽ ഇരുവരേയും ഭൂമിയിലേക്ക് തിരിച്ചെത്തിക്കാൻ തീരുമാനമെടുത്തത്. രണ്ട് തവണ ഇവരെ തിരിച്ചെത്തിക്കാൻ വിക്ഷേപണങ്ങൾ നടത്തിയെങ്കിലും പരാജപ്പെട്ടു. പിന്നാലെ അടുത്ത വിക്ഷേപണ ദിവസവും നാസ അറിയിച്ചു. മാർച്ച് 26ന് ക്രൂ 10 വിക്ഷേപിക്കുമെന്നാണ് ആദ്യം തീരുമാനിച്ചത്. എന്നാൽ യുഎസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപ്, സ്പേസ് എക്സ് സിഇഒ ഇലോൺ മസ്ക് എന്നിവരുടെ നിർദ്ദേശ പ്രകാരം ദൗത്യം നേരത്തേയാക്കി.