Spadex Mission : സ്പാഡെക്‌സ് മിഷന്‍ നാളെ; പദ്ധതിക്ക് പിന്നില്‍ രാജ്യത്തിന്റെ സ്വപ്‌നലക്ഷ്യങ്ങള്‍; ദൗത്യം എങ്ങനെ ? ചീരയ്ക്കും പയറിനും ഇതില്‍ എന്ത് കാര്യം ?
Spadex Mission to Demonstrate Satellite Docking : എസ്ഡിഎക്‌സ്01 (ചേസര്‍), എസ്ഡിഎക്‌സ്02 (ടാര്‍ഗെറ്റ്) എന്നീ ഉപഗ്രഹങ്ങളെ 470 കി.മീ സര്‍ക്കുലര്‍ ഓര്‍ബിറ്റില്‍ വച്ച് കൂട്ടിച്ചേര്‍ക്കുകയാണ് ലക്ഷ്യം. 220 കിലോഗ്രാം ഭാരമുള്ള ഈ ഉപഗ്രഹങ്ങളുമായി പിഎസ്എല്‍വി-സി60 കുതിച്ചുയരും. ചാന്ദ്രയാന്‍ 4, സ്വപ്‌നപദ്ധതിയായ ഇന്ത്യയുടെ സ്വന്തം സ്വന്തം ബഹിരാകാശ നിലയം (ഭാരതീയ അന്തരീക്ഷ സ്റ്റേഷന്‍) എന്നിവയ്ക്ക് നിര്‍ണായകമാണ് ഈ ഡോക്കിംഗ് പരീക്ഷണ മിഷന്‍

രാജ്യം കാത്തിരിക്കുന്ന സ്പാഡെക്‌സ് ദൗത്യത്തിന് ഇനി അവശേഷിക്കുന്നത് മണിക്കൂറുകള്‍ മാത്രം. ഡോക്കിംഗ് പരീക്ഷണവുമായി ബന്ധപ്പെട്ട ദൗത്യത്തിന്റെ അന്തിമ തയ്യാറെടുപ്പുകളിലാണ് ഐഎസ്ആര്‍ഒ. നാളെ (ഡിസംബര്‍ 30) ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്‌പേസ് സെന്ററില്‍ നിന്ന് രാത്രി 10നാണ് വിക്ഷേപണം. എസ്ഡിഎക്‌സ്01 (ചേസര്‍), എസ്ഡിഎക്‌സ്02 (ടാര്‍ഗെറ്റ്) എന്നീ ഉപഗ്രഹങ്ങളെ 470 കി.മീ സര്‍ക്കുലര്‍ ഓര്‍ബിറ്റില്‍ വച്ച് കൂട്ടിച്ചേര്‍ക്കുകയാണ് ലക്ഷ്യം. 220 കിലോഗ്രാം ഭാരമുള്ള ഈ ഉപഗ്രഹങ്ങളുമായി പിഎസ്എല്‍വി-സി60 കുതിച്ചുയരും. ചാന്ദ്രയാന്‍ 4, സ്വപ്‌നപദ്ധതിയായ ഇന്ത്യയുടെ സ്വന്തം സ്വന്തം ബഹിരാകാശ നിലയം (ഭാരതീയ അന്തരീക്ഷ സ്റ്റേഷന്‍) എന്നിവയ്ക്ക് നിര്‍ണായകമാണ് ഈ ഡോക്കിംഗ് പരീക്ഷണ മിഷന്‍.
ദൗത്യം ഇങ്ങനെ
റിലേറ്റീവ് വെലോസിറ്റി ക്രമീകരണത്തിലൂടെ ആദ്യം ഉപഗ്രങ്ങള്‍ തമ്മില്‍ അകലമുണ്ടാകും. പിന്നീട് ഈ അകലം കുറച്ചുകൊണ്ടുവന്ന് കൂട്ടിയോജിപ്പിക്കുന്നതാണ് ദൗത്യം. വേര്‍പിരിഞ്ഞുകഴിഞ്ഞാല്‍ രണ്ട് ഉപഗ്രഹങ്ങളും അവയുടെ പേലോഡുകള്‍ പ്രവര്‍ത്തിപ്പിക്കും. ഈ പേലോഡുകള്‍ രണ്ട് വര്‍ഷത്തേക്ക് പ്രവര്‍ത്തിക്കും.
24 പേലോഡുകള്‍ ഉള്‍പ്പെടുന്ന പരീക്ഷണങ്ങള്‍ നടത്താനാണ് നീക്കം. ഈ 24 എണ്ണത്തില്‍ 14 എണ്ണം ഐഎസ്ആര്‍ഒയുടേതും, പത്തെണ്ണം സ്വകാര്യ സ്ഥാപനങ്ങളുടേതുമാണ്. അവശിഷ്ടങ്ങള്‍ പിടിച്ചെടുക്കുന്നതിനുള്ള ‘റോബോട്ടിക് ആം’ പരീക്ഷണവും, വിത്ത് മുളയ്ക്കുന്നതുമായി ബന്ധപ്പെട്ടും ചെടികളുടെ വളര്‍ച്ചയുമായി ബന്ധപ്പെട്ടുള്ള പഠനങ്ങളും ഈ പരീക്ഷണങ്ങളില്‍ ഉള്‍പ്പെടും.
🌟 PSLV-C60/SPADEX Mission Update 🌟
Visualize SpaDeX in Action!
🎞️ Animation Alert:
Experience the marvel of in-space docking with this animation!🌐 Click here for more information: https://t.co/jQEnGi3ocF pic.twitter.com/djVUkqXWYS
— ISRO (@isro) December 27, 2024
പയറും ചീരയും
എട്ട് വന്‍പയര്‍ വിത്തുകളും, ഒരു പാലക് ചീരയുമാണ് ബഹിരാകാശത്തേക്ക് എത്തുക. ഭൗമാന്തരീക്ഷത്തിന് പുറത്ത് ഗുരുത്വാകര്‍ഷം കുറവുള്ള സാഹചര്യത്തില്‍ വിത്ത് മുളയ്ക്കുമോയെന്ന് വിക്രാം സാരാഭായ് സ്‌പേസ് സെന്റര്‍ വികസിപ്പിച്ച ക്രോപ്‌സ് പേലോഡിലൂടെ പഠിക്കും. പയര്‍വിത്തിന്റെ വളര്‍ച്ചയെങ്ങനെയെന്ന് ക്യാമറയിലൂടെ നിരീക്ഷിക്കും. മുംബൈയിലെ അമിറ്റി സര്‍വകലാശാലയിലെ ഗവേഷകര്‍ അപെംസ് എന്ന പേലോഡില്‍ പാലക് ചീരയും ബഹിരാകാശത്ത് എത്തിക്കും. ബഹിരാകാശത്ത് സസ്യങ്ങളുടെ വളര്‍ച്ചയെക്കുറിച്ച് പഠിക്കുകയാണ് ഇതിലൂടെയും ലക്ഷ്യമിടുന്നത്.

സ്പാഡെക്‌സ് മിഷന്‍ (Image Credits : ISRO/X)
ബെംഗളൂരുവിലെ ആര്‍വി കോളേജ് ഓഫ് എഞ്ചിനീയറിംഗിലെ ഗവേഷകര്‍ സജ്ജമാക്കിയ ആര്‍വിസാറ്റ്-1 പേലോഡിലൂടെ ബാക്ടീരോയ്ഡ്‌സ് തെറ്റയോട്ടോമൈക്രോണ്‍ എന്ന ബാക്ടീരിയയും ബഹിരാകാശത്തെത്തും.
Read Also : ഭൗമനിരീക്ഷണത്തിനുള്ള കരുത്താകാൻ ‘നിസാർ’; വിക്ഷേപണം 2025ൽ
ചേസര്‍ സാറ്റലൈറ്റിലാണ് ഉയര്‍ന്ന റെസല്യൂഷന്‍ ക്യാമറയുള്ളത്. ടാര്‍ഗറ്റ് സാറ്റലൈറ്റ് മള്‍ട്ടിസ്‌പെക്ട്രല്‍ പേലോഡ് വഹിക്കും. മോണിറ്റര്‍ ചെയ്യാന്‍ ഇത് ഉപയോഗിക്കും.
2024ലെ അവസാന ദൗത്യം
ഐഎസ്ആര്‍ഒയുടെ 2024ലെ അവസാന ദൗത്യമാണ് സ്പാഡെക്‌സ്. പദ്ധതി വിജയിച്ചാല്‍ ബഹിരാകാശ ഡോക്കിംഗ് സാങ്കേതികവിദ്യയുള്ള ലോകത്തെ നാലാമത്തെ രാജ്യമായി ഇന്ത്യ മാറും. ഇതിന് മുമ്പ് യുഎസ്, റഷ്യ, ചൈന എന്നീ രാജ്യങ്ങള്‍ മാത്രമാണ് ഈ നേട്ടം കൈവരിച്ചിട്ടുള്ളത്. ഭാരതീയ ഡോക്കിംഗ് സിസ്റ്റം എന്ന തദ്ദേശീയ സാങ്കേതികവിദ്യയാണ് ഉപയോഗിച്ചിരിക്കുന്നത്.
സ്പാഡെക്‌സ് ദൗത്യത്തിലൂടെ ചരിത്രപരമായ ബഹിരാകാശ ഡോക്കിംഗ് നേട്ടം കൈവരിക്കുമെന്ന് കേന്ദ്ര ശാസ്ത്ര സാങ്കേതിക സഹമന്ത്രി ഡോ. ജിതേന്ദ്ര സിംഗ് പറഞ്ഞു. പിഎസ്എല്‍വി വിക്ഷേപിക്കുന്ന രണ്ട് ചെറിയ സ്‌പേസ്‌ക്രാഫ്റ്റ് ഉപയോഗിച്ച് ഇന്‍ സ്‌പേസ് ഡോക്കിംഗ് നടത്തുന്നതിനുള്ള ഐഎസ്ആര്‍ഒയുടെ ചെലവ് കുറഞ്ഞ സാങ്കേതിക ഡെമോണ്‍സ്‌ട്രേറ്റര്‍ ദൗത്യമാണിത്.