Refueling Starships: ബഹിരാകാശത്തുവെച്ച്‌ ഇന്ധനം നിറയ്ക്കും; സ്പേസ് എക്സിൻ്റെ പുതിയ പരീക്ഷണം മാർച്ചിൽ

SpaceX Refueling Starships: ഈ ദൗത്യം പൂർത്തിയായാൽ അത് ഭൂമിക്ക് പുറത്തേക്ക് വലിയ അളവിൽ പോലോഡുകളും ചരക്കുകളും കൊണ്ടുപോവാനുള്ള അവസരം തുറക്കും. അത്തരം ഒരു സ്റ്റാർഷിപ്പ് യാഥാർഥ്യമായാൽ ആളില്ലാ സ്റ്റാർഷിപ്പ് ലാൻഡിങ് പരീക്ഷണമായിരിക്കും അടുത്ത ഘട്ടമെന്നും ചൊയ്‌നാക്കി പറഞ്ഞു.

Refueling Starships: ബഹിരാകാശത്തുവെച്ച്‌ ഇന്ധനം നിറയ്ക്കും; സ്പേസ് എക്സിൻ്റെ പുതിയ പരീക്ഷണം മാർച്ചിൽ

Image Credits: Social Media

neethu-vijayan
Published: 

02 Nov 2024 21:21 PM

ബഹിരാകാശത്തുനിന്ന് പറന്നിറങ്ങിവന്ന റോക്കറ്റിനെ യന്ത്രകരങ്ങളാൽ പിടിച്ചുനിർത്തിയ സാങ്കേതികവിദ്യയിലൂടെ ലോകത്തെ ‍‍ഞെട്ടിച്ച സ്‌പേസ് എക്‌സ് വീണ്ടും മറ്റൊരു ദൗത്യത്തിന് ഒരുങ്ങുകയാണ്. സ്റ്റാർഷിപ്പ് റോക്കറ്റിലേക്ക് ഭ്രമണപഥത്തിൽവെച്ച് മറ്റൊരു പേടകത്തിൽനിന്ന് ഇന്ധനം കൈമാറുന്ന സാങ്കേതികവിദ്യ പരീക്ഷിക്കാനൊരുങ്ങുകയാണ് സ്‌പേസ് എക്‌സ്. ഇത് ചൊവ്വയിലേക്കും ചന്ദ്രനിലേക്കുമുള്ള മനുഷ്യരുടെ യാത്ര ലാഭകരവും വേഗത്തിലുള്ളതുമാക്കാൻ ലക്ഷ്യമിട്ടാണ് വികസിപ്പിക്കുന്നത്.

ഇത് വിജയകരമാവുന്നതോടെ ചന്ദ്രനിൽ ആളില്ലാ സ്റ്റാർഷിപ്പ് ലാൻഡിങ് സാങ്കേതികവിദ്യയുടെ പരീക്ഷണത്തിന് വഴിയൊരുങ്ങുമെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. ഷിപ്പ് ടു ഷിപ്പ് പ്രൊപ്പല്ലന്റ് ട്രാൻസ്ഫർ ഡെമോൺസ്‌ട്രേഷൻ അഥവാ ഒരു പേടകത്തിൽ നിന്ന് മറ്റൊരു പേടകത്തിലേക്ക് ഇന്ധനം കൈമാറുന്നത് 2025 മാർച്ചിൽ ആരംഭിക്കുമെന്നും വേനൽ കാലത്തോടെ അവസാനിക്കുമെന്നും നാസയുടെ ഹ്യുമൻ ലാന്റിങ് സിസ്റ്റം ഡെപ്യൂട്ടി മാനേജർ കെന്റ് ചൊയ്‌നാക്കി സ്‌പേസ് ഫ്‌ളൈറ്റ് നൗവിന് നൽകിയ അഭിമുഖത്തിൽ പറയുന്നു.

ഈ ദൗത്യം പൂർത്തിയായാൽ അത് ഭൂമിക്ക് പുറത്തേക്ക് വലിയ അളവിൽ പോലോഡുകളും ചരക്കുകളും കൊണ്ടുപോവാനുള്ള അവസരം തുറക്കുമെന്ന് അദ്ദേഹം പറയുന്നു. അത്തരം ഒരു സ്റ്റാർഷിപ്പ് യാഥാർഥ്യമായാൽ ആളില്ലാ സ്റ്റാർഷിപ്പ് ലാൻഡിങ് പരീക്ഷണമായിരിക്കും അടുത്ത ഘട്ടമെന്നും ചൊയ്‌നാക്കി പറഞ്ഞു.

അപ്പോളോ ദൗത്യത്തിന് ശേഷം മനുഷ്യനെ ചന്ദ്രനിൽ വീണ്ടുമെത്തിക്കാൻ ലക്ഷ്യമിട്ടുള്ള നാസയുടെ ആർട്ടെമിസ് ദൗത്യം ആരംഭിക്കാൻ സ്റ്റാർഷിപ്പ് നിർമാണം പൂർത്തിയാകുന്നതിനായി കാത്തിരിക്കുകയാണ്. 405 കോടി ഡോളറിന്റെ കരാറാണ് മനുഷ്യരെ വഹിക്കാൻ ശേഷിയുള്ള രണ്ട് സ്റ്റാർഷിപ്പുകൾക്ക് വേണ്ടി നാസ സ്‌പേസ് എക്‌സിന് നൽകിയിരിക്കുന്നത്.

ഈ പദ്ധതികളെല്ലാം ക്രമാനുസരണം നടന്നാൽ 2026 സെപ്റ്റംബറിൽ മനുഷ്യർ വീണ്ടും ചന്ദ്രനിൽ കാലുകുത്തുമെന്നാണ് അധികൃതർ പറയുന്നത്. ഈ ദിവസം മുന്നിൽ കണ്ടുകൊണ്ടാണ് നാസയും സ്‌പേസ് എക്‌സും പ്രവർത്തിച്ചുവരുന്നത്. നിലവിൽ ഇതിൽ തടസങ്ങളൊന്നുമില്ലെന്നും ആദ്യമായി ചെയ്യുന്ന കാര്യങ്ങൾ പരിശോധിക്കേണ്ടതുണ്ടെന്നും അതിന് വ്യക്തമായ പദ്ധതികളുണ്ടെന്നും ചൊയ്‌നാക്കി പറഞ്ഞു.

ഒക്ടോബർ 13 നാണ് സ്റ്റാർഷിപ്പിനെ ബഹിരാകാശത്ത് എത്തിക്കുന്നതിനായി ഉപയോഗിക്കുന്ന സൂപ്പർ ഹെവി റോക്കറ്റ് ബൂസ്റ്ററിനെ പ്രത്യേകം തയ്യാറാക്കിയ ചോപ്പ്സ്റ്റിക്‌സ് എന്ന് വിളിക്കുന്ന യന്ത്രകരങ്ങൾ ഉപയോഗിച്ച് സുരക്ഷിതമായി പിടിച്ചുവെച്ചത്.

ചാമ്പ്യന്‍സ് ട്രോഫി; ഇന്ത്യന്‍ ടീമില്‍ ഉള്‍പ്പെടാത്ത ഹതഭാഗ്യര്‍
വിവാഹം വേണ്ടെന്ന തീരുമാനം ലെന മാറ്റിയതിന് കാരണം?
വിറ്റാമിൻ ഡിയുടെ കുറവുണ്ടോ? ഇത് പതിവാക്കൂ
സീനിയർ താരങ്ങൾ വീഴും; ഇംഗ്ലണ്ടിനെതിരെ ഇവർക്ക് സ്ഥാനം നഷ്ടപ്പെട്ടേക്കാം