Smartphone Launch April 2025: റെഡിയായിക്കോ, ഏപ്രിലിൽ നല്ല കിടിലൻ ഫോണുകൾ വരുന്നുണ്ട്
Budget Smart Phones April 2025: പ്രമുഖ സ്മാർട്ട്ഫോൺ ബ്രാൻഡുകൾ ഇതിനകം തന്നെ നിരവധി ലോഞ്ചുകൾ അറിയിച്ച് കഴിഞ്ഞു. മോട്ടോ, പോക്കോ തുടങ്ങിയ കമ്പനികൾ തങ്ങളുടെ പുതിയ മോഡലുകളുടെ ലോഞ്ചും സ്ഥിരീകരിച്ചിട്ടുണ്ട്

പുതിയൊരു സ്മാർട്ട് ഫോൺ വാങ്ങാൻ കാത്തിരിക്കുന്നവരാണോ നിങ്ങൾ? എങ്കിൽ ഇതാ നിങ്ങൾക്കായി കിടിലൻ ഫോണുകൾ ഏപ്രിലിൽ വെയിറ്റിംഗാണേ. ഏപ്രിലിൽ സ്മാർട്ട്ഫോൺ ലോഞ്ചുകളുടെ ഒരു തരംഗം തന്നെയാണ് പ്രതീക്ഷിക്കാവുന്നത്. പ്രമുഖ സ്മാർട്ട്ഫോൺ ബ്രാൻഡുകൾ ഇതിനകം തന്നെ നിരവധി ലോഞ്ചുകൾ അറിയിച്ച് കഴിഞ്ഞു. മോട്ടോ, പോക്കോ തുടങ്ങിയ കമ്പനികൾ തങ്ങളുടെ പുതിയ മോഡലുകളുടെ ലോഞ്ച് സ്ഥിരീകരിച്ചിട്ടുണ്ട്. ഏതൊക്കെയാണ് ആ മോഡലുകൾ എന്ന് പരിശോധിച്ച് നോക്കാം.
പോക്കോ സി71
ബജറ്റ് സ്മാർട്ട് ഫോൺ വിഭാഗത്തിൽ ഒരു പുതിയ അപ്ഡേഷൻ എന്ന നിലയിലാണ് പോക്കോ സി 71 എത്തുന്നത്. ട്രിപ്പിൾ ടിയുവി സർട്ടിഫിക്കേഷനോടൊപ്പം 6.88 ഇഞ്ച് എച്ച്ഡി + 120 ഹെർട്സ് ഡിസ്പ്ലേയാണ് ഫോണിന്റെ സവിശേഷത. പ്രീമിയം സ്പ്ലിറ്റ് ഗ്രിഡ് രൂപകൽപ്പനയിൽ വിപണിയിലേക്ക് എത്തുന്ന പോക്കോ 71 2025 ഏപ്രിൽ 4 ന് ഉച്ചയ്ക്ക് 12 മണിക്ക് ഇന്ത്യയിൽ വിപണിയിലെത്തും.
മോട്ടോ എഡ്ജ് 60 ഫ്യൂഷൻ
ഏപ്രിൽ സ്മാർട്ട് ഫോൺ ലോഞ്ചുകളിൽ മോട്ടറോളയുടെ ഏറ്റവും പുതിയ മോട്ടോ എഡ്ജ് 60 ഫ്യൂഷൻ 2025- ഉം ഉൾപ്പെട്ടിട്ടുണ്ട്. 1.5 കെ ഓൾ-കർവ്ഡ് അമോലെഡ് ഡിസ്പ്ലേയിൽ എത്തുന്ന ഫോണിൽ മീഡിയടെക് ഡൈമെൻസിറ്റി 7400 ചിപ് സെറ്റും ഉണ്ടാവും. ക്യാമറ നോക്കിയാൽ 50 എംപി സോണി എൽവൈടി 700 പ്രൈമറി സെൻസറും 13 എംപി സെക്കൻഡറി ലെൻസും ഇതിൽ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. സെൽഫികൾക്കായി, ഹാൻഡ്സെറ്റിൽ 32 എംപി ഫ്രണ്ട് ഫേസിംഗ് ക്യാമറയും ഉൾപ്പെടുന്നുണ്ട്. ഏപ്രിൽ 2-നാണ് ഫോണിൻ്റെ ലോഞ്ച് പ്രതീക്ഷിക്കുന്നത്.
വിവോ ടി 4 5 ജി
2024 മാർച്ചിൽ രാജ്യത്ത് അരങ്ങേറ്റം കുറിച്ച വിവോ ടി 3 5 ജിയുടെ പിൻഗാമിയായി ഇന്ത്യയിൽ അവതരിപ്പിക്കാൻ വിവോ ഒരുങ്ങുന്ന ഫോണാണ് വിവോ ടി 4 5 ജി ഏപ്രിലിൽ ഫോൺ വിപണിയിലെത്തുമെന്ന് പ്രതീക്ഷിക്കുന്നു. 6.67 ഇഞ്ച് ഫുൾ എച്ച്ഡി + അമോലെഡ് ക്വാഡ്-കർവ്ഡ് ഡിസ്പ്ലേയാണ് ഫോണിൽ പ്രതീക്ഷിക്കുന്നത്. സുഗമമായ ഉപയോക്തൃ അനുഭവത്തിനായി ഇതിൽ 120 ഹെർട്സ് റിഫ്രഷ് റേറ്റും വാഗ്ദാനം ചെയ്യുന്നു. മെച്ചപ്പെട്ട പ്രകടനവും കാര്യക്ഷമതയും ഉറപ്പാക്കുന്ന ക്വാൽകോം സ്നാപ്ഡ്രാഗൺ 7 എസ് ജെൻ 3 ചിപ്സെറ്റാണ് സ്മാർട്ട്ഫോണിന് കരുത്തേകുന്നത്. ആൻഡ്രോയിഡ് 15 അടിസ്ഥാനമാക്കിയുള്ള ഫൺടച്ച് ഒഎസ് 15 ഉം ഫോണിൽ പ്രതീക്ഷിക്കുന്നു.
iQOO Z10 5G
ഐക്യൂ ഇസഡ് 10 128 ജിബി, 256 ജിബി എന്നിങ്ങനെ രണ്ട് സ്റ്റോറേജ് വേരിയന്റുകളിലായിരിക്കാം ലഭ്യമാകുമെന്ന് പ്രതീക്ഷിക്കുന്നത്. 21,999 രൂപ പ്രാരംഭ വിലയായിരിക്കും ഫോണിന് ഉണ്ടായിരിക്കാൻ സാധ്യത, 2,000 രൂപയുടെ ബാങ്ക് ഓഫറിൽ ഇത് 19,999 രൂപയായി കുറയും. 120 ഹെർട്സ് റിഫ്രഷ് റേറ്റുള്ള 6.67 ഇഞ്ച് ക്വാഡ് കർവ്ഡ് അമോലെഡ് ഡിസ്പ്ലേയുംക്വാൽകോം സ്നാപ്ഡ്രാഗൺ 7 എസ് ജെൻ 3 പ്രോസസറുമാണ് ഫോണിന് കരുത്ത് പകരുന്നത്.