SearchGPT : ഗൂഗിളിന് വെല്ലുവിളി; സെർച്ച് ജിപിടി അവതരിപ്പിച്ച് ഓപ്പൺ എഐ
SearchGPT vs Google : ഗൂഗിൾ സെർച്ചിന് വെല്ലുവിളി ഉയർത്തി ഓപ്പൺ എഐയുടെ സെർച്ച് ജിപിടി. ഇതിൻ്റെ ബീറ്റ വേർഷൻ നിലവിൽ വളരെ കുറച്ച് ആളുകൾക്ക് ലഭ്യമായിട്ടുണ്ട്.
ഗൂഗിളിന് വെല്ലുവിളി ഉയർത്തി സെർച്ച് എഞ്ചിൻ അവതരിപ്പിച്ച് ഓപ്പൺ എഐ. വ്യാഴാഴ്ചയാണ് സെർച്ച് ജിപിടി എന്ന പേരിൽ ഓപ്പൺ എഐ സെർച്ച് എഞ്ചിൻ അവതരിപ്പിച്ചത്. നിലവിൽ ലിമിറ്റഡ് റിലീസാണ്. വളരെ കുറച്ച് പേർക്കാണ് ഇപ്പോൾ സെർച്ച് ജിപിടിയിലേക്ക് ആക്സസ് ലഭിക്കൂ. ആക്സസ് ലഭിക്കാനായി കമ്പനി വെയിറ്റിങ് ലിസ്റ്റും ആരംഭിച്ചിട്ടുണ്ട്.
തങ്ങളുടെ ഔദ്യോഗിക വെബ്സൈറ്റിലാണ് സെർച്ച് ജിപിടിയെപ്പറ്റിയുള്ള ഓപ്പൺ എഐയുടെ പ്രഖ്യാപനം. തങ്ങൾ സെർച്ച് ജിപിടി പരിശോധിക്കുകയാണെന്ന് കമ്പനി പറയുന്നു. നിർമിത ബുദ്ധിയുടെ സഹായത്തോടെ വെബിൽ നിന്ന് വിവരങ്ങൾ കൃത്യതയോടെ, വേഗത്തിൽ നൽകാനാണ് ശ്രമം എന്നും കമ്പനി അവകാശപ്പെടുന്നു.
സെർച്ച് ബോക്സും ബട്ടണുമാണ് ഹോം പേജിലുള്ളത്. വളരെ മിനിമലിസ്റ്റിക് ഡിസൈനാണ് സെർച്ച് ജിപിടിയുടേത്. സെർച്ച് ബോക്സിൽ കീവേർഡ് നൽകി ബട്ടണിൽ ക്ലിക്ക് ചെയ്താൽ റിസൽട്ട് പ്രത്യക്ഷപ്പെടും. പാരഗ്രാഫുകളും ബുള്ളറ്റ് പോയിൻ്റുകളുമായാണ് വിവരങ്ങൾ പ്രത്യക്ഷപ്പെടുക. ഓരോന്നിൻ്റെയും താഴെ ഈ വിവരങ്ങൾ എവിടെനിന്ന് ലഭിച്ചു എന്നതും കാണാം. ചാറ്റ് ജിപിടി പോലെ ഫോളോ അപ്പ് ചോദ്യങ്ങളും സെർച്ച് ജിപിടിയോട് ചോദിക്കാം.
Also Read : Apple map: ഗൂഗിൾ മാപ്പിനോട് ഏറ്റുമുട്ടാൻ എത്തുന്നു ആപ്പിൾ മാപ്പ്
എഐ സെർച്ച് എഞ്ചിനുകൾ യഥാർത്ഥ സോഴ്സിലേക്കുള്ള ട്രാഫിക്ക് കുറയ്ക്കുമെന്ന് പരക്കെ വിമർശനമുണ്ട്. ഈ ആശങ്കകൾ പരിഗണിക്കുന്നുണ്ടെന്നും ഫലപ്രദമായ രീതിയിൽ എന്ത് ചെയ്യാൻ കഴിയുമെന്ന ആലോചനയിലാണ് തങ്ങൾ എന്നും ഓപ്പൺ എഐ പ്രതികരിച്ചു.
ഗൂഗിൾ മാപ്പിനും ഒരു എതിരാളി എത്തിയിട്ടുണ്ട്. ആപ്പിളാണ് ഇതിനു പിന്നിൽ. ആപ്പിൾ മാപ്പ് ഇനി മുതൽ വെബിലും ലഭിക്കുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. ഇതിന്റെ ബീറ്റ വേർഷനാണ് കഴിഞ്ഞ ദിവസം കമ്പനി അവതരിപ്പിച്ചത്. മൊബൈൽ വേർഷനിൽ ലഭ്യമാകുന്ന എല്ലാ വിവരങ്ങളും വെബ് വേർഷനിലും ലഭിക്കുമെന്നതാണ് പ്രത്യേകത. ലോകത്തെവിടെയുള്ളവർക്കും ഈ സേവനം ഉപയോഗിക്കാം.
അവരവരുടെ ബ്രൗസറുകൾ വഴിയാണ് ഇത് ഉപയോഗിക്കേണ്ടത്. ആപ്പിൾ മാപ്പിലെത്താൻ നിലവിൽ ഉപയോഗിക്കുന്ന ബ്രൗസറിൽ നിന്ന് beta.maps.Apple.com എന്ന യൂആർഎൽ സന്ദർശിച്ചാൽ മതി. വാഹനമോടിക്കുന്നതിനും നടക്കുന്നതിനും വഴി കാണിക്കുന്നതിനും, ചിത്രങ്ങൾ , റേറ്റിങ്, റിവ്യൂ തുടങ്ങിയവ ഉൾപ്പടെയുള്ള വിവരങ്ങൾ അറിയാനും ഇതിൽ സൗകര്യമുണ്ട്. ഇതിലൂടെ ഭക്ഷണം ഓർഡർ ചെയ്യാനും കഴിയും. മാപ്പ്സ് പ്ലേസ് കാർഡ് ആണ് ഇതിനായി സഹായിക്കുക. മാക്കിലാണെങ്കിൽ സഫാരി, ക്രോം ബ്രൗസറുകളിൽ ആപ്പിൾ മാക്ക് എന്നിവ ഉപയോഗിക്കാനാകും.
വിൻഡോസ് ഉപഭോക്താക്കളാണെങ്കിൽ ക്രോം, മൈക്രോസോഫ്റ്റ് എഡ്ജ് ബ്രൗസറുകളിലൂടെ ലഭ്യമാകുന്ന ആപ്പിൾ മാപ്പ് ഉപയോഗിക്കാം. ഗുണങ്ങൾ ഏറെയുണ്ടെങ്കിലും മൊബൈൽ ബ്രൗസറുകളിൽ ആപ്പിൾ മാപ്പ് ലഭിക്കില്ലെന്ന ന്യൂനത ഇപ്പോഴുമുണ്ട്. കൂടുതൽ ബ്രൗസറുകളിലേക്ക് ആപ്പിൾ മാപ്പ് എത്തിയേക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. കൂടാതെ നിരവധി ഫീച്ചറുകളും ലഭിക്കുമെന്നും വിവരമുണ്ട്. രാജ്യത്തെ പ്രധാന നാവിഗേഷൻ സേവനമായ ഗൂഗിൾ മാപ്പ്സിന് വെല്ലുവിളി ഉയർത്തിയാണ് ആപ്പിൾ മാപ്പെത്തുന്നത് എന്നാണ് പരക്കെയുള്ള സംസാരം.