Tool for stroke : മുഖഭാവം നോക്കി സ്ട്രോക്കുണ്ടോ എന്ന് സെക്കൻഡുകൾക്കുള്ളിൽ അറിയാം; പുതിയ സ്മാർട്ട് ഫോൺ ആപ്പുമായി ഗവേഷകർ
Facial recognition tool to detect stroke: പുതുതായി വികസിപ്പിച്ച ഉപകരണം സ്ട്രോക്കിനുള്ള സമഗ്രമായ ക്ലിനിക്കൽ ഡയഗ്നോസ്റ്റിക് പരിശോധനകൾക്ക് പകരമാകില്ലെങ്കിലും, ചികിത്സ ആവശ്യമുള്ള ആളുകളെ വളരെ വേഗത്തിൽ തിരിച്ചറിയാൻ ഇത് സഹായിക്കുമെന്ന് ഗവേഷകർ പറഞ്ഞു.
ന്യൂഡൽഹി: മസ്തിഷ്ക ആഘാതമുണ്ടായാൽ പെട്ടെന്ന് പ്രശ്നം മനസ്സിലാക്കി ഇനി ചികിത്സ ഉറപ്പാക്കാം. മുഖത്തെ ഭാവമാറ്റങ്ങൾ ഒപ്പിയെടുത്ത് അത് പെട്ടെന്നു തന്നെ വലയിരുത്തി മസ്തിഷ്കാഘാതമാണോ അല്ലയോ എന്ന് കണ്ടെത്തുന്ന മൊബൈൽ ആപ്ലിക്കേഷൻ വികസിപ്പിച്ചിരിക്കുകയാണ് ഗവേഷകർ.
പാരാമെഡിക്കൽ ജീവനക്കാർക്ക് പുതിയ സ്‌മാർട്ട്‌ഫോൺ ആപ്ലിക്കേഷൻ ഉപയോഗപ്രദമാകും എന്നതിൽ സംശയമില്ല. 82 ശതമാനം കൃത്യതയോടെയാകും ഇത് പ്രവർത്തിക്കുക എന്ന് ഉപകരണത്തിൻ്റെ ഡെവലപ്പർമാർ പറയുന്നു. സ്ട്രോക്ക് കണ്ടെത്താൻ മുഖത്തെ പേശികളുടെ ചലനങ്ങൾ വിശകലനം ചെയ്യണം.
ഇതിനായി ആർട്ടിഫിഷ്യൽ ഇൻ്റലിജൻസാണ് (എഐ) ഉപയോഗിക്കുന്നത്. ആശയക്കുഴപ്പം, പേശികളുടെ ചലനത്തിൻ്റെ നിയന്ത്രണം നഷ്ടപ്പെടൽ, സംസാരശേഷി കുറയുക, മുഖഭാവങ്ങൾ കുറയുക എന്നിവ ഒരു വ്യക്തിക്ക് മസ്തിഷ്കാഘാതം ഉള്ളതായി സൂചിപ്പിക്കുന്നു എന്നാണ് വിദഗ്ധർ പറയുന്നത്. കംപ്യൂട്ടർ മെതേഡ്‌സ് ആൻഡ് പ്രോഗ്രാംസ് ഇൻ ബയോമെഡിസിൻ എന്ന ജേണലിലാണ് ഈ പഠനങ്ങൾ പ്രസിദ്ധീകരിച്ചിട്ടുള്ളത്. പക്ഷാഘാതമുള്ളവരെ ബാധിക്കുന്ന പ്രധാന പാരാമീറ്ററുകളിലൊന്ന് അവരുടെ മുഖത്തെ പേശികൾ പ്രവർത്തിക്കുന്നത് കുറയുന്നു എന്നതാണ്.
ഇതിനെപ്പറ്റി പഠിക്കുന്നതിനായി സ്ട്രോക്ക് ബാധിച്ച 14 പേരുടെയും ആരോഗ്യമുള്ള 11 പേരുടെയും മുഖഭാവങ്ങൾ വീഡിയോ റെക്കോഡ് ചെയ്തു പഠനത്തിനു വിധേയമാക്കി. രോഗം നേരത്തെ കണ്ടെത്തുന്നതും സമയബന്ധിതമായി ചികിത്സിക്കുന്നതും ദീർഘകാല വൈകല്യത്തിനുള്ള സാധ്യത കുറയ്ക്കുകയും ജീവൻ രക്ഷിക്കുകയും ചെയ്യും.
അതിനാൽ പക്ഷാഘാതം നേരത്തേ കണ്ടെത്തുന്നത് വളരെ പ്രധാനമാണെന്ന് ഗവേഷകർ പറയുന്നു. പുതുതായി വികസിപ്പിച്ച ഉപകരണം സ്ട്രോക്കിനുള്ള സമഗ്രമായ ക്ലിനിക്കൽ ഡയഗ്നോസ്റ്റിക് പരിശോധനകൾക്ക് പകരമാകില്ലെങ്കിലും, ചികിത്സ ആവശ്യമുള്ള ആളുകളെ വളരെ വേഗത്തിൽ തിരിച്ചറിയാൻ ഇത് സഹായിക്കുമെന്ന് ഗവേഷകർ പറഞ്ഞു.
പഠനങ്ങൾ പറയുന്നതനുസരിച്ച് പരിശോധനയില്ലാത്ത 65 ശതമാനം രോഗികളും രോഗനിർണയം നടത്താത്ത സ്‌ട്രോക്ക് അനുഭവിക്കുന്നുണ്ടെന്ന് ആർ എം ഐ ടി യിലെ പ്രൊഫസറായ അനുബന്ധ എഴുത്തുകാരൻ ദിനേഷ് കുമാർ പറഞ്ഞു.