Samsung AI TV: എഐ ടിവികളുമായി സാംസങ്; 10000 കോടിയുടെ വിൽപന ലക്ഷ്യം
എഐ സൗകര്യങ്ങളുള്ള 8കെ നിയോ ക്യുഎൽഇഡി, 4കെ നിയോ ക്യുഎൽഇഡി, ഒഎൽഇഡി ടെലിവിഷനുകൾ സാംസങ് അവതരിപ്പിച്ചിരുന്നു.
ഇന്ത്യൻ വിപണിയിൽ എഐ ടിവികളുടെ തരംഗം സൃഷ്ടിക്കാനൊരുങ്ങി കൺസ്യൂമർ ഇലക്ട്രോണിക്‌സ് ബ്രാൻഡായ സാംസങ്. 10,000 കോടി രൂപയുടെ ടെലിവിഷൻ വിൽപ്പന ലക്ഷ്യമിട്ടാണ് സാംസങ് വരുന്നത്. പുതിയ എഐ ടിവികൾ വിപണിയിലെത്തിക്കുന്നതിലൂടെ ഈ നേട്ടം കൈവരിക്കുമെന്നാണ് കമ്പനി പറയുന്നത്.
എഐ സൗകര്യങ്ങളുള്ള 8കെ നിയോ ക്യുഎൽഇഡി, 4കെ നിയോ ക്യുഎൽഇഡി, ഒഎൽഇഡി ടെലിവിഷനുകൾ സാംസങ് അവതരിപ്പിച്ചിരുന്നു. ഇതോടെ ഈ വർഷം ഇന്ത്യൻ വിപണയിൽ മുന്നേറാൻ സാധിക്കുമെന്ന് ആത്മവിശ്വാസമുണ്ടെന്നാണ് സാംസങ് പ്രസ്താവനയിൽ പറയുന്നത്.
2024ൽ 10000 കോടി രൂപയുടെ ടെലിവിഷൻ വിൽപ്പനയെന്ന നേട്ടം കൈവരിക്കുവാനാണ് ഞങ്ങളുടെ കമ്പനി ശ്രമിക്കുന്നത്. യഥാർത്ഥമെന്ന് തോന്നിക്കും വിധമുള്ള പിക്ചർ ക്വാളിറ്റിയും പ്രീമിയം ഓഡിയോ ഫീച്ചറോടും കൂടിയ ഞങ്ങളുടെ നിയോ ക്യുഎൽഇഡി 8കെ എഐ ടെലിവിഷനുകൾ സമാനതകളില്ലാത്ത കാഴ്ചാനുഭവമാണ് ഉപഭോക്താക്കൾക്ക് വാഗ്ദാനം ചെയ്യുന്നതെന്നും സാംസങ് ഇന്ത്യ വിഷ്വൽ ഡിസ്‌പ്ലേ ബിസിനസ് വിഭാഗം സീനിയർ വൈസ് പ്രസിഡന്റ് മോഹൻദീപ് സിംഗ് പറഞ്ഞു.
ഗവേഷണ സ്ഥാപനമായ ഓംഡിയയുടെ റിപ്പോർട്ടുകൾ പ്രകാരം 2023-ൽ 21 ശതമാനം വിപണി വിഹിതത്തോടെ ഇന്ത്യയിലെ ഏറ്റവും വലിയ ടെലിവിഷൻ ബ്രാൻഡാണ് സാംസങ്. ഈ റിപ്പോർട്ടുകൾ പ്രകാരം കഴിഞ്ഞ അഞ്ച് വർഷങ്ങളായി ഇന്ത്യയിലെ മുൻനിര ടിവി ബ്രാൻഡ് തങ്ങളാണെന്നാണ് സാംസങ് അവകാശപ്പെടുന്നത്.
എഐ പിക്ചർ ടെക്‌നോളജി, എഐ അപ്സ്കെയിലിംഗ് പ്രൊ, എഐ മോഷൻ എൻഹാൻസർ പ്രൊ തുടങ്ങിയ എഐ ഫീച്ചറുകൾ സാംസങ്ങിന്റെ പുതിയ ടെലിവിഷൻ സീരീസുകളിൽ ലഭ്യമാണ്. എഐ എനർജി മോഡിലൂടെ പിക്ചർ ക്വാളിറ്റിയിൽ വിട്ടുവീഴ്ച ചെയ്യാതെതന്നെ വൈദ്യുതി ലാഭിക്കുവാനും ഉപഭോക്താക്കൾക്ക് സാധിക്കും.
QN900D, QN800D എന്നീ മോഡലുകളിൽ സാംസങ് നിയോ ക്യുഎൽഇഡി 8കെ ടിവികൾ 65, 75, 85 ഇഞ്ച് വലിപ്പത്തിൽ ലഭ്യമാണ്. 55, 65, 75, 85, 98 ഇഞ്ച് വലിപ്പത്തിൽ QN85D, QN90D എന്നീ മോഡലുകളിലായി നിയോ ക്യുഎൽഇഡി 4കെ ടിവികളും ലഭിക്കും. S95D, S90D എന്നീ മോഡലുകളിൽ 55, 65, 77, 83 ഇഞ്ചുകളിലായി സാംസങ് ഒഎൽഇഡി ടിവികളും ലഭ്യമാകും.
സാംസങ് ക്നോക്സ് ഫീച്ചറിലൂടെ ടെലിവിഷന്റെ എല്ലാ ഫീച്ചറുകളും, ആപ്പും, പ്ലാറ്റ്ഫോമും സുരക്ഷിതമാണെന്ന് ഉറപ്പാക്കുവാനും സാംസങ് ടിവി ഉപഭോക്താക്കൾക്ക് സാധിക്കും. സാംസങ് നിയോ ക്യുഎൽഇഡി 8കെ ടിവികൾ 319990 രൂപ മുതലും നിയോ ക്യുഎൽഇഡി 4കെ ടിവികൾ 139990 രൂപ മുതലും ഒഎൽഇഡി ടിവികൾ 164990 രൂപ മുതലും ഉപഭോക്താക്കൾക്ക് സ്വന്തമാക്കാം.
സ്മാർട്ട്‌ഫോൺ വിൽപനയിലും സാംസങ് മുന്നിലാണ്. ആപ്പിളിനെ പിന്തള്ളിയാണ് സാംസങ് മുന്നിലെത്തിയത്. ഈ വർഷം ആദ്യ പാദത്തിലെ സ്മാർട്ട്‌ഫോൺ വിൽപനയുടെ കണക്കുകൾ പുറത്തുവന്നപ്പോൾ ആപ്പിളിനെക്കാൾ 20 ശതമാനം വിൽപന വിഹിതം നേടിക്കൊണ്ടാണ് സാംസങ് മുന്നിലെത്തിയത്.
മുൻ വർഷത്തെ അപേക്ഷിച്ച് ആപ്പിളിന്റെ വിൽപനയിൽ 13 ശതമാനം കുറവു വന്നതും സാംസങിന്റെ മുന്നേറ്റത്തിന് കാരണമായി പറയുന്നു. ഗാലക്‌സി എസ്24 സീരീസിന്റേയും ഗാലക്‌സി എ സീരീസിന്റേയും മികച്ച പ്രകടനമാണ് ഒന്നാം സ്ഥാനം തിരികെ പിടിക്കാൻ സാംസങിനെ സഹായിച്ചതെന്നാണ് റിപ്പോർട്ടുകൾ.