Samsung Galaxy Z Flip 7: സ്നാപ്ഡ്രാഗണ് വിട; സാംസങ് ഗ്യാലക്സി സെഡ് ഫ്ലിപ്പ് 7ൽ എക്സിനോസ് ചിപ്സെറ്റ് ഉപയോഗിച്ചേക്കും
Samsung Galaxy Z Flip 7 May Use Exynos: ഈ വർഷാവസാനം പുറത്തിറങ്ങുമെന്ന് കരുതപ്പെടുന്ന സാംസങ് ഗ്യാലക്സി സെഡ് ഫ്ലിപ് 7ൽ ഉപയോഗിക്കുക എക്സിനോസ് ചിപ്സെറ്റ് എന്ന് റിപ്പോർട്ട്. നേരത്തെ സ്നാപ്ഡ്രാഗൺ ചിപ്സെറ്റുകളാണ് ഫോൾഡബിൾസിൽ ഉപയോഗിച്ചിരുന്നത്.

പ്രതീകാത്മക ചിത്രം
സാംസങ് ഗ്യാലക്സി സെഡ് ഫ്ലിപ്പ് 7ൽ എക്സിനോസ് ചിപ്സെറ്റ് ഉപയോഗിച്ചേക്കുമെന്ന് റിപ്പോർട്ട്. സ്നാപ്ഡ്രാഗണ് പകരം തങ്ങളുടെ സ്വന്തം ചിപ്സെറ്റായ എക്സിനോസ് 2500 ഉപയോഗിക്കുമെന്നാണ് റിപ്പോർട്ടുകൾ. നേരത്തെ ഫോൾഡബിൾസിലെല്ലാം ക്വാഡ്കോമിൻ്റെ സ്നാപ്ഡ്രാഗൺ ചിപ്സെറ്റുകളാണ് ഉപയോഗിച്ചിരുന്നത്. ഈ പതിവാണ് സാംസങ് മാറ്റുന്നത്.
ഈ വർഷം അവസാനം നടക്കുന്ന ഗ്യാലക്സി അൺപാക്ക്ഡ് ഇവൻ്റിൽ വച്ച് ഗ്യാലക്സി സെഡ് ഫ്ലിപ് 7 അവതരിപ്പിക്കുമെന്നാണ് സൂചനകൾ. ക്ലാംഷെൽ ആകൃതിയിലുള്ള ഫോൾഡബിൾ ഫോണാണ് ഇത്. കൊറിയയിലും വിയറ്റ്നാമിലുള്ള തങ്ങളുടെ ഫാക്ടറികളിൽ ഈ ഫോണിൻ്റെ നിർമ്മാണം നടക്കുന്നുണ്ടെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. 2,40,000 യൂണിറ്റ് സാംസങ് ഗ്യാലക്സി സെഡ് ഫ്ലിപ്പ് 7 ഫോണുകളും 1,70,000 യൂണിറ്റ് ഗ്യാലക്സി സെഡ് ഫ്ലിപ് ഫാൻ എഡിഷൻ ഫോണുകളുമാവും നിർമ്മിക്കുക. നാല് നിറങ്ങളിൽ ഫോൺ പുറത്തീറങ്ങുമെന്നും സൂചനയുണ്ട്.
സാംസങ് ഗ്യാലക്സി സെഡ് ഫ്ലിപ് 7 ഫോണിൽ എക്സിനോസ് ചിപ്സെറ്റിൻ്റെ അവസാന വട്ട പരിശോധനകൾ നടക്കുകയാണ്. ഇനി വരാനിരിക്കുന്ന ഫോൾഡബിൾ ഫോണുകളിലും എക്സിനോസ് ചിപ്സെറ്റ് തന്നെയാവും ഉപയോഗിക്കുക എന്നും വിവരമുണ്ട്. നേരത്തെ സാംസങ് എസ്25 സീരീസിലാണ് എക്സിനോസ് 2500 ചിപ്സെറ്റ് ഉപയോഗിക്കാൻ തീരുമാനിച്ചിരുന്നത്. എന്നാൽ, പെർഫോമൻസ് മോശമായതോടെ ഈ തീരുമാനം ഉപേക്ഷിക്കുകയായിരുന്നു.
3.6 ഇഞ്ച് കവർ ഡിസ്പ്ലേയും 6.8 ഇഞ്ചിൻ്റെ ഇന്നർ ഡിസ്പ്ലേയുമാവും ഫോണിനുണ്ടാവുക എന്നാണ് സൂചനകൾ. 12 ജിബിയാവും റാം. 512 ജിബി വരെ ഇൻ്റേണൽ മെമ്മറിയുമുണ്ടാവും. 50 മെഗാപിക്സലിൻ്റെ പ്രധാന കാര്യമയും 12 മെഗാപിക്സലിൻ്റെ അൾട്രവൈഡ് ക്യാമറയുമാവും ഫോണിലുണ്ടാവുക. 4300 എംഎഎച്ച് ആവും ബാറ്ററി എന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. 25 വാട്ട് ആവും ചാർജിങ് സ്പീഡ്.