Samsung Galaxy S25 Ultra: സാംസങ് എസ്25 അൾട്രയ്ക്ക് വൻ വിലക്കുറവ്; ഓഫർ ഈ മാസം അവസാനം വരെ
Samsung Galaxy S25 Ultra Cashback: സാംസങ് എസ്25 അൾട്രയ്ക്ക് വമ്പൻ വിലക്കുറവ് പ്രഖ്യാപിച്ച് കമ്പനി. 12,000 രൂപ വരെ ക്യാഷ്ബാക്കും എക്സ്ചേഞ്ച് ഓഫറും ഉൾപ്പെടെ ഫോണിന് ലഭിക്കും.

സാംസങ് ഗ്യാലക്സി എസ്25 അൾട്രയ്ക്ക് വൻ വിലക്കുറവ്. 12,000 രൂപ വരെ ക്യാഷ്ബാക്കാണ് ഇപ്പോൾ ഫോണിന് ലഭിക്കുക. ഇതിനൊപ്പം എക്സ്ചേഞ്ച് ഓഫറുകളും നോ കോസ്റ്റ് ഇഎംഐ ഓപ്ഷനുകളും ലഭിക്കും. സാംസങ് എസ് 25 പരമ്പരയിലെ ഏറ്റവും പ്രീമിയം മോഡലാണ് സാംസങ് എസ് 25 അൾട്ര. 1,29,999 രൂപയ്ക്കാണ് ഫോൺ പുറത്തിറങ്ങിയത്.
ഇക്കൊല്ലം ജനുവരിയിലാണ് സാംസങ് ഗ്യാലക്സി എസ്25 അൾട്ര പുറത്തിറങ്ങിയത്. ഗ്യാലക്സി അൺപാക്ക്ഡ് ഇവൻ്റിൽ എസ്25 പരമ്പരയ്ക്കൊപ്പമാണ് ഫോൺ അവതരിപ്പിക്കപ്പെട്ടത്. സ്നാപ്ഡ്രാഗൺ 8 എലീറ്റ് ചിപ്സെറ്റിലാണ് ഫോണിൻ്റെ പ്രവർത്തനം. 12 ജിബി റാമും ഒരു ടിബി വരെ മെമ്മറിയും ഫോണിലുണ്ട്. ഈ ഫോണിനാണ് ഇപ്പോൾ വമ്പൻ വിലക്കുറവ് പ്രഖ്യാപിച്ചിരിക്കുന്നത്.
Also Read: Google Pixel Watch 4: വയർലസ് ചാർജിംഗ്, പുതിയ ഡിസൈൻ; ഗൂഗിൾ പിക്സൽ വാച്ച് 4 ഫീച്ചറുകൾ ഇങ്ങനെ
ഓൺലൈൻ സ്റ്റോറുകളിലൂടെയാണ് ഇപ്പോൾ ഫോണിന് വിലക്കിഴിവ് പ്രഖ്യാപിച്ചത്. 11,000 രൂപയുടെ ഇൻസ്റ്റൻ്റ് ബാങ്ക് ഡിസ്കൗണ്ടോ ടൈറ്റാനിയം സിൽവർബ്ലൂ നിറത്തിലുള്ള മോഡൽ വാങ്ങുമ്പോൾ 12,000 രൂപയുടെ എക്സ്ചേഞ്ച് ബോണസോ ഫോണിന് ലഭിക്കും. ഈ വിലക്കിഴിവ് ലഭിക്കുമ്പോൾ ഫോണിൻ്റെ വില 1,29,999 രൂപയിൽ നിന്ന് 1,17,999 രൂപയായി കുറയും. ഏപ്രിൽ 30 ആണ് ഓഫറിൻ്റെ അവസാന വില. ഇതിനൊപ്പം ഷോപ്പ് ആപ്പ് പർച്ചേസുകളിൽ അധികമായി 4000 രൂപയുടെ അധിക വിലക്കിഴിവ് ലഭിക്കും. സാംസങ് എസ്25 അൾട്രയുടെ നോ കോസ്റ്റ് ഇഎംഐ ഓപ്ഷനുകൾ ആരംഭിക്കുന്നത് വെറും 3278 രൂപ മുതലാണ്.
ആൻഡ്രോയ്ഡ് 15ലാണ് ഫോൺ പ്രവർത്തിക്കുന്നത്. സാംസങ് വൺ യുഐ 7 ആണ് സ്കിൻ. 6.9 ഇഞ്ച് ഡൈനാമിക് അമോഎൽഇഡി സ്ക്രീൻ ആണ് ഫോണിലുള്ളത്. ഗ്യാലക്സി എഐ ഫീച്ചറുകളടക്കമാണ് ഫോണിൻ്റെ പ്രവർത്തനം. റിയർ എൻഡിൽ നാല് ക്യാമറകളുണ്ട്. 200 മെഗാപിക്സലിൻ്റേതാണ് പ്രധാന ക്യാമറ. ഒപ്പം 50 മെഗാപിക്സലിൻ്റെ അൾട്രാവൈഡ് ക്യാമറയും 50 മെഗാപിക്സലിൻ്റെ ടെലിഫോട്ടോ ക്യാമറയും ഫോണിലുണ്ട്. 10 മെഗാപിക്സലിൻ്റെ മറ്റൊരു ടെലിഫോട്ടോ ക്യാമറയും റിയർ എൻഡിലുണ്ട്. 12 മെഗാപിക്സലിൻ്റേതാണ് സെൽഫി ക്യാമറ. 5000 എംഎഎച്ച് ബാറ്ററിയും 45 വാട്ടിൻ്റെ വയേർഡ് ചാർജിങും ഫോണിൻ്റെ സവിശേഷതകളാണ്.