Planet parade 2024: ആറ് ഗ്രഹങ്ങൾ ഒന്നിച്ച് കാണാനുള്ള അവസരം; ജൂൺ മൂന്നിന് അപൂർവ്വകാഴ്ച
ദൂരദർശിനി, ശക്തിയേറിയ ബൈനോക്കുലറുകൾ പോലുള്ള ഉപകരണങ്ങളുടെ സഹായത്തോടെ മാത്രമെ ഈ ഗ്രഹങ്ങളെയെല്ലാം വ്യക്തമായി കാണാനാവു.
ആകാശക്കാഴ്ചയിലെ വിസമയിപ്പിക്കുന്ന പല ദൃശ്യങ്ങളും കാണാനുള്ള അവസരം ഈ വർഷം നമുക്ക് ലഭിച്ചിട്ടുണ്ട്. അക്കൂട്ടത്തിലേക്ക് മറ്റൊരു അത്ഭുതം ജനിപ്പിക്കുന്ന ആകാശ പ്രതിഭാസം കൂടി വരികയാണ്. ആറ് ഗ്രഹങ്ങൾ ഒന്നിച്ച് കാണാനുള്ള അവസരമാണ് ഒരുങ്ങുന്നത്. ഈ അപൂർവ പ്രതിഭാസത്തെ പ്ലാനറ്റ് പരേഡ് എന്നാണ് വിളിക്കുന്നത്.
ജൂൺ മൂന്നിനാണ് ഈ ദൃശ്യ വിസ്മയം കാണുക. വളരെ ചെറിയ സമയത്തേക്ക് മാത്രമേ ഇത് ദൃശ്യമാവൂ എന്ന പ്രത്യേകതയുമുണ്ട്. ബുധൻ, ചൊവ്വ, വ്യാഴം, ശനി, യുറാനസ്, നെപ്ട്യൂൺ എന്നീ ആറ് ഗ്രഹങ്ങൾ സൂര്യനെ ഒരു ദീർഘവൃത്താകൃതിയിലുള്ള ഭ്രമണപഥത്തിൽ ചുറ്റുമ്പോൾ അവ നേർ രേഖയിൽ കടന്നുപോവുന്നതായി ഭൂമിയിൽ നിന്ന് നോക്കുമ്പോൾ നമുക്ക് തോന്നുന്നു.
എന്നാൽ ദൂരദർശിനി, ശക്തിയേറിയ ബൈനോക്കുലറുകൾ പോലുള്ള ഉപകരണങ്ങളുടെ സഹായത്തോടെ മാത്രമെ ഈ ഗ്രഹങ്ങളെയെല്ലാം വ്യക്തമായി കാണാനാവു. ഭൂമിയിലുടനീളം ജൂൺ മൂന്നിന് ഇത് കാണാൻ സാധിക്കുമെന്നാണ് സ്റ്റാർവാക്ക്. സ്‌പേസ് റിപ്പോർട്ടിൽ പറയുന്നത്.
സൂര്യോദയത്തിന് ഏതാനും മണിക്കൂറുകൾക്ക് മുമ്പാണ് ഇത് ആകാശത്ത് കാണാനാവുക. ചില പ്രദേശങ്ങളിൽ ജൂൺ മൂന്നിന് മുമ്പോ ശേഷമോ ആയിരിക്കാം ഇത് കാണുക. സാവോപോളോയിൽ മേയ് 27ന് തന്നെ അകാശത്ത് 43 ഡിഗ്രീ കോണിൽ പ്ലാനറ്റ് പരേഡ് കാണാനാവുമെന്ന് പറഞ്ഞിരുന്നു.
അതേസമയം സിഡ്‌നിയിൽ ഇന്ന് 59 ഡിഗ്രി കോണിൽ പരേഡ് കാണാം. ന്യൂയോർക്കിൽ ജൂൺ മൂന്നിന് ആണ് പ്ലാനറ്റ് പരേഡ് കാണാനാവുക. ഓരോസ്ഥലത്തും ഗ്രഹങ്ങളുടെ സ്ഥാനം എവിടെയാണെന്നറിയുന്നതിന് സ്റ്റാർവാക്കിന്റെ ഒരു ആപ്പ് ലഭ്യമാണ്. ഇത്തവണ ഇത് കാണാൻ സാധിച്ചില്ലെങ്കിൽ ഓഗസ്റ്റ് 28ന് വീണ്ടും പ്ലാനറ്റ് പരേഡ് ദൃശ്യമാകും.
അതിന് ശേഷം 2025 ഫെബ്രുവരി 28ന് ബുധൻ, ശുക്രൻ, ചൊവ്വ, വ്യാഴം, ശനി, യുറാനസ്, നെപ്ട്യൂൺ എന്നീ ഏഴ് ഗ്രഹങ്ങളെ ഒന്നിച്ച് കാണാനുള്ള അവസരവും ഒരുങ്ങുന്നതാണ്. ഒന്നിലധികം ഗ്രഹങ്ങൾ സാധാരണയായി നിരയായി കാണപ്പെടാറുണ്ട്.
എന്നാൽ ആറ് ഗ്രഹങ്ങൾ നിരയായി കാണപ്പെടുന്നു എന്നതാണ് ജൂണിലെ പ്ലാനറ്റ് പരേഡിന്റെ ഏറ്റവും വലിയ പ്രത്യേകത.
എപ്പോഴാണ് ഗ്രഹങ്ങൾ വീണ്ടും ഒത്തുകൂടുന്നത്?
സ്റ്റാർവാക്ക്. സ്‌പേസ് അനുസരിച്ച്,
◾ ജൂൺ 3: ആറ് ഗ്രഹങ്ങൾ – ബുധൻ, ചൊവ്വ, വ്യാഴം, ശനി, യുറാനസ്, നെപ്റ്റ്യൂൺ.
◾ ഓഗസ്റ്റ് 28: ആറ് ഗ്രഹങ്ങൾ – ബുധൻ, ചൊവ്വ, വ്യാഴം, ശനി, യുറാനസ്, നെപ്റ്റ്യൂൺ.
◾ 2025 ജനുവരി 18: ആറ് ഗ്രഹങ്ങൾ – ബുധൻ, ചൊവ്വ, വ്യാഴം, ശനി, യുറാനസ്, നെപ്റ്റ്യൂൺ
◾ 2025 ഫെബ്രുവരി 28: ഏഴ് ഗ്രഹങ്ങൾ – ബുധൻ, ശുക്രൻ, ചൊവ്വ, വ്യാഴം, ശനി, യുറാനസ്, നെപ്റ്റ്യൂൺ.
◾ 2025 ഓഗസ്റ്റ് 29: ആറ് ഗ്രഹങ്ങൾ – ബുധൻ, ശുക്രൻ, വ്യാഴം, ശനി, യുറാനസ്, നെപ്റ്റ്യൂൺ.