Oppo Find X8 Ultra: പിൻഭാഗത്ത് അഞ്ച് ക്യാമറ; ഏറ്റവും പുതിയ ചിപ്സെറ്റ്; സ്പെക്സിൽ ഞെട്ടിച്ച് ഓപ്പോ ഫൈൻഡ് എക്സ്8 അൾട്ര പുറത്തിറങ്ങി
Oppo Find X8 Ultra Launched: അഞ്ച് റിയർ ക്യാമറയടക്കം തകർപ്പൻ ഫീച്ചറുകളുമായി ഓപ്പോയുടെ ഏറ്റവും പുതിയ ഫ്ലാഗ്ഷിപ്പ് ഫോൺ ഓപ്പോ ഫൈൻഡ് എക്സ്8 അൾട്ര പുറത്തിറങ്ങി. ചൈനീസ് മാർക്കറ്റിലാണ് ഫോൺ അവതരിപ്പിച്ചത്.

ഓപ്പോ ഫൈൻഡ് എക്സ്8 അൾട്ര പുറത്തിറങ്ങി. ഓപ്പോയുടെ ഏറ്റവും പുതിയ ഫ്ലാഗ്ഷിപ്പ് ഫോണായ ഈ മോഡൽ ചൈനീസ് മാർക്കറ്റിലാണ് പുറത്തിറങ്ങിയത്. ഏറ്റവും പുതിയ സ്നാപ്ഡ്രാഗൺ 8 എലീറ്റ് ചിപ്സെറ്റും പിൻ ഭാഗത്ത് അഞ്ച് ക്യാമറയുമടക്കം അമ്പരപ്പിക്കുന്ന ഫീച്ചറുകളാണ് ഓപ്പോ ഫൈൻഡ് എക്സ്8 അൾട്രയ്ക്കുള്ളത്.
16 ജിബിയാണ് ഈ മോഡലിൻ്റെ പരമാവധി റാം. 6.82 ഇഞ്ച് അമോഎൽഇഡി ഡിസ്പ്ലേ ഫോണിലുണ്ടാവും. 6100 എംഎഎച്ച് ബാറ്ററിയും 100 വാട്ടിൻ്റെ വയർഡ് ചാർജിങ് സൗകര്യവും ഓപ്പോയുടെ ഏറ്റവും പുതിയ ഫ്ലാഗ്ഷിപ്പ് ഫോണിൽ ഉൾപ്പെടുത്തിയിരിക്കുന്നു. 50 വാട്ടിൻ്റെ വയർലസ് ചാർജിങും ഫോണിൽ സപ്പോർട്ട് ചെയ്യും. ഓപ്പോ ഫൈൻഡ് എക്സ്8, ഓപ്പോ ഫൈൻഡ് എക്സ്8 പ്രോ എന്നീ മോഡലുകളുടെ ഏറ്റവും പ്രീമിയം മോഡലാണ് ഓപ്പോ ഫൈൻഡ് എക്സ്8 അൾട്ര.
ചൈനീസ് മാർക്കറ്റിൽ ഓപ്പോ ഫൈൻഡ് എക്സ്8 അൾട്രയുടെ ബേസിക് വേരിയൻ്റായ 12 ജിബി റാം + 256 ജിബി മോഡലിന് ഇന്ത്യൻ കറൻസിയിൽ ഏതാണ് 76,000 രൂപയാണ് വില. 16 ജിബി റാം + 512 ജിബി വേരിയൻ്റിന് 82,000 രൂപ നൽകണം. ടോപ്പ് വേരിയൻ്റായ 16 ജിബി + 1 ടിബി വേരിയൻ്റിൻ്റെ വില 94,000 രൂപ. ഹോഷ്നോ ബ്ലാക്ക്, മൂൺലൈറ്റ് വൈറ്റ്, മോർണിങ് ലൈറ്റ് എന്നീ നിറങ്ങളിൽ ഫോൺ ലഭിക്കും.
ആൻഡ്രോയ്ഡ് 15 അടിസ്ഥാനമാക്കിയുള്ള കളർഒഎസ് 15 സ്കിന്നിലാണ് ഫോൺ പ്രവർത്തിക്കുന്നത്. ഹാസിൽബ്ലാഡ് ട്യൂൺഡ് റിയർ ക്യാമറ യൂണിറ്റിൽ നാല് ക്യാമറകളുണ്ടാവും. ഒപ്ടിക്കൽ ഇമേജ് സ്റ്റെബ്‌ലൈസേഷനുള്ള 50 മെഗാപിക്സലിൻ്റെ സോണി എൽവൈടി ക്യാമറയാണ് പ്രൈമറി ലെൻസ്. 50 മെഗാപിക്സലിൻ്റെ അൾട്രവൈഡ് ക്യാമറയും 50 മെഗാപിക്സലിൻ്റെ 3x ടെലിഫോട്ടോ ക്യാമറയും 50 മെഗാപിക്സലിൻ്റെ 6x പെരിസ്കോപ്പ് ക്യാമറയും 2 മെഗാപിക്സലിൻ്റെ സ്പെക്ട്രൽ സെൻസറുമാണ് യൂണിറ്റിലെ മറ്റ് ക്യാമറകൾ. 32 മെഗാപിക്സലാണ് സെൽഫി ക്യാമറ.