Ola Maps: ഗൂഗിൾ മാപ്പിൻ്റെ ആവശ്യമില്ല…; വഴികാട്ടാൻ ഒലക്ക് ഇനി സ്വന്തം മാപ്പ്
Use Ola Maps: സ്ട്രീറ്റ് വ്യൂ, ന്യൂറൽ റേഡിയൻസ് ഫീൽഡ്‌സ്, ഇൻഡോർ ഇമേജസ്, 3ഡി മാപ്പ്‌സ്, ഡ്രോൺ മാപ്‌സ് ഉൾപ്പടെ നിരവധി പുതിയ ഫീച്ചറുകൾ ഉടൻ തന്നെ ഒല കാബ്‌സിലെത്തുമെന്നും വൃത്തങ്ങൾ കൂട്ടിച്ചേർത്തു.
എവിടെ യാത്രപോയാലും നാം ഇന്ന് ആശ്രയിക്കുന്നത് ഗൂഗിൾ മാപ്പിനെയാണ് (Google Maps). എന്നാൽ ഗൂഗിൾ മാപ്പിന് ഒരു അപരനെ സൃഷ്ടിച്ചിരിക്കുകയാണ് ഓൺലൈൻ ടാക്‌സി സേവനത്തിലൂടെയും ഇലക്ട്രിക് വാഹനങ്ങളിലൂടെയും ശ്രദ്ധേയരായ ഒല. ഒല കാബ്‌സ് ആപ്പിൽ നിന്ന് ഗൂഗിൾ മാപ്പ്‌സ് സേവനം ഒഴിവാക്കുന്നുവെന്ന വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്. പകരം ഓല തന്നെ വികസിപ്പിച്ച ഓല മാപ്പ്‌സ് (Ola Maps) സേവനമാണ് ഇനി ഉപയോഗിക്കുകയെന്ന് ഒല സ്ഥാപകനും മേധാവിയുമായ ഭവിഷ് അഗർവാൾ എക്സിലൂടെ പറഞ്ഞു.
ഗൂഗിൾ മാപ്പ് സേവനം ഉൾപ്പെടുത്തുന്നതിനായി കമ്പനി 100 കോടി ഡോളറാണ് ഒരു വർഷം ചെലവാക്കിക്കൊണ്ടിരുന്നതെന്നും ഒല മാപ്പ്‌സിലേക്ക് മാറാനുള്ള തീരുമാനത്തിലൂടെ ആ ചിലവ് ഇല്ലാതാക്കിയതായും ഭവിഷ് അഗർവാൾ വ്യക്തമാക്കി. സ്ട്രീറ്റ് വ്യൂ, ന്യൂറൽ റേഡിയൻസ് ഫീൽഡ്‌സ്, ഇൻഡോർ ഇമേജസ്, 3ഡി മാപ്പ്‌സ്, ഡ്രോൺ മാപ്‌സ് ഉൾപ്പടെ നിരവധി പുതിയ ഫീച്ചറുകൾ ഉടൻ തന്നെ ഒല കാബ്‌സിലെത്തുമെന്നും ഭവിഷ് അഗർവാൾ കൂട്ടിച്ചേർത്തു.
ALSO READ: ജോലിഭാരം കൂടുതലാണ് സർ… ദക്ഷിണകൊറിയയിൽ റോബോട്ട് ആത്മഹത്യ ചെയ്തു
2021 ഒക്ടോബറിലാണ് പുനെയിൽ പ്രവർത്തിക്കുന്ന ജിയോ സ്‌പേഷ്യൽ കമ്പനിയായ ജിയോസ്‌പോക്കിനെ ഒല ഏറ്റെടുക്കുന്നത്. ഒല കാബ്‌സ് ആപ്പിനെ കൂടാതെ ഒലയുടെ ഇലക്ട്രിക് സ്‌കൂട്ടറുകളിലും സോഫ്റ്റ്‌വെയർ അപ്‌ഡേറ്റിലൂടെ ഒല മാപ്പ്‌സ് സേവനം എത്തുന്നതാണ്. കഴിഞ്ഞ മേയിൽ ക്ലൗഡ് സേവനദാതാവായ മൈക്രോസോഫ്റ്റ് എഷ്വറുമായുള്ള സഹകരണവും ഒല വേണ്ടെന്നുവച്ചിരുന്നു.
പകരം ഒലയുടെ തന്നെ എഐ സ്ഥാപനമായ കൃത്രിമിന്റെ (Krturim) സെർവറുകളിലേക്ക് ഒല ഗ്രൂപ്പിൻ്റെ സേവനങ്ങളുടെയെല്ലാം പ്രവർത്തനം മാറ്റുകയായിരുന്നു. 100 കോടിയുടെ നഷ്ടമാണ് ഇതുവഴി മൈക്രോസോഫ്റ്റിനുണ്ടായത് എന്നാണ് പുറത്തുവന്നറിപ്പോർട്ടുകൾ. കൃത്യതയുള്ള ലൊക്കേഷൻ, കൃത്യമായ തിരഞ്ഞെടുക്കൽ, മെച്ചപ്പെട്ട സെർച്ച് ലേറ്റൻസി, കൃത്യമായ ഇടിഎ തുടങ്ങിയവയിൽ ഒല മാപ്പ്‌സ് മികച്ചതാണെന്നും ഭവിഷ് അഗർവാൾ അവകാശപ്പെട്ടു.
‘ഏറെ കാലമായി ഇന്ത്യയിലെ മാപ്പിന് വേണ്ടി നമ്മൾ പാശ്ചാത്യ ആപ്പുകളെയാണ് ആശ്രയിക്കുന്നത്. സ്ഥലനാമങ്ങൾ, നഗരങ്ങളിലെ മാറ്റങ്ങൾ, സങ്കീർണമായ ഗതാഗതം, റോഡുകൾ ഉൾപ്പടെയുള്ള ചില വെല്ലുവിളികൾ അവയ്ക്ക് പിടികിട്ടില്ല. എഐ അധിഷ്ടിതമായ ഇന്ത്യയ്ക്ക് വേണ്ടിയുള്ള അൽഗൊരിതത്തിലൂടെയും ലക്ഷക്കണക്കിന് വാഹനങ്ങളിൽ നിന്നും ഓപ്പൺ സോഴ്‌സ് ഉറവിടങ്ങളിലൂടെയും ഒല മാപ്പ്‌സ് ഈ വെല്ലുവിളികളെ കൈകാര്യം ചെയ്യുന്നു.’ ഭവിഷ് അഗർവാൾ എക്‌സിൽ പങ്കുവെച്ച ഒരു പോസ്റ്റിൽ പറഞ്ഞു.