Nothing Phone 3a: നതിങ് 3എ മാർച്ച് നാലിന് പുറത്തിറങ്ങും; ഡിസൈൻ പുറത്തുവിട്ട് കമ്പനി
Nothing Phone 3a Features: നതിങ് ഫോൺ 3എ മാർച്ച് നാലിന് ഇന്ത്യൻ, ആഗോള മാർക്കറ്റുകളിൽ പുറത്തിറങ്ങും. ഇതിന് മുന്നോടിയായി കമ്പനി തന്നെ തങ്ങളുടെ സമൂഹമാധ്യമ അക്കൗണ്ടുകളിലൂടെ ഫോണിൻ്റെ ഡിസൈൻ പുറത്തുവിട്ടു.

നതിങ് 3എ സീരീസ് മാർച്ച് നാലിന് പുറത്തിറങ്ങും. ഇന്ത്യയിലും ആഗോളമാർക്കറ്റിലും ഒരേ ദിവസമാവും ഫോൺ അവതരിപ്പിക്കപ്പെടുക. ലോഞ്ചിന് മുന്നോടിയായി നതിങ് 3എയുടെ ഡിസൈൻ കമ്പനി തന്നെ ഔദ്യോഗികമായി പുറത്തുവിട്ടു. തങ്ങളുടെ സമൂഹമാധ്യമ അക്കൗണ്ടുകളിലൂടെയാണ് നതിങ് ഫോൺ പുതിയ സീരീസിൻ്റെ ഡിസൈൻ പുറത്തുവിട്ടത്. ഗ്ലിഫ് ഇൻ്റർഫേസ്, ക്യാമറ മോഡ്യുൾ എന്നിവയൊക്കെ പുറത്തുവന്ന ഡിസൈനിൽ ഉണ്ട്.
നേരത്തെ പുറത്തിറങ്ങിയ നതിങ് 3എ പ്രോയിൽ വ്യത്യസ്തമായി ക്യാമറ ഡിസൈനിൽ മാറ്റവുമായാണ് നതിങ് 3എ എത്തുക. നതിങ് ഫോൺ 3എ പ്രോയിൽ വലിപ്പമുള്ള സർക്കുലർ റിയർ ക്യാമറ മോഡ്യൂൾ ആണ് ഉണ്ടായിരുന്നത്. ലെൻസുകൾ സ്ഥാപിച്ചിരുന്നത് കൃത്യമായിട്ടായിരുന്നില്ല. എന്നാൽ, നതിങ് 3എയിൽ ക്യാമറ മോഡ്യൂൾ പിൽ ഷേപ്പ്ഡ് ആണ്. മൂന്ന് ക്യാമറ ലെൻസുകൾ നിരനിരയായി സ്ഥാപിച്ചിരിക്കുന്നു. ബേസ് മോഡലായ നതിങ് 3എയുടെ മറ്റ് ഡിസൈൻ ഹൈ എൻഡ് മോഡലായ നതിങ് 3എ പ്രോയ്ക്ക് സമാനമാണ്. പതിവുപോലെ ക്യാമറ മോഡ്യൂളിന് ചുറ്റും ഗ്ലിഫ് ഇൻ്റർഫെസ് കാണാം.
ബ്ലാക് ആൻഡ് വൈറ്റ് കളർ ഓപ്ഷനുകളിൽ നതിങ് ഫോൺ 3എ ലഭ്യമാവുമെന്നാണ് സൂചന. സ്നാപ്ഡ്രാഗൺ 7എസ് ജെൻ 3 എസ്ഒസിയിലാവും ഫോൺ പ്രവർത്തിക്കുക. ഫോണിലുണ്ടാവുക 6.72 ഇഞ്ചിൻ്റെ അമോഎൽഇഡി ഡിസ്പ്ലേ ആവുമെന്നും റിപ്പോർട്ടുകളുണ്ട്. പുറത്തുവന്ന ഡിസൈൻ പ്രകാരം ട്രിപ്പിൾ റിയർ ക്യാമറ യൂണിറ്റാവും നതിങ് ഫോൺ 3എയിലുണ്ടാവുക. 50 മെഗാപിക്സലിൻ്റെ പ്രൈമറി സെൻസറാണ് പ്രധാന ക്യാമറ. 2x ഒപ്ടിക്കൽ സൂം സഹിതം 50 മെഗാപിക്സലിൻ്റെ ടെലിഫോട്ടോ സെൻസറും എട്ട് മെഗാപിക്സലിൻ്റെ അൾട്ര വൈഡ് ആംഗിൾ ക്യാമറയുമാണ് പിൻഭാഗത്തെ മറ്റ് ക്യാമറകൾ. 32 മെഗാപിക്സലിൻ്റെ സെൽഫി ക്യാമറയും ഫോണിലുണ്ടാവും. 45 വാട്ട് ചാർജിങ് സപ്പോർട്ട് ചെയ്യുന്ന 5000 എംഎഎച്ചിൻ്റെ ബാറ്ററിയും നതിങ് ഫോൺ 3എയുടെ സവിശേഷതയാണ്.
ലണ്ടൻ ആസ്ഥാനമായുള്ള കമ്പനിയാണ് നതിങ്. വൺ പ്ലസിൻ്റെ സഹസ്ഥാപകനായ കാൾ പേയ് 2020ലാണ് നതിങ് സ്ഥാപിച്ചത്. മൂന്ന് സീരീസുകളാണ് ഇതുവരെ നതിങ് പുറത്തിറക്കിയത്.