WhatsApp : ഇനി സ്വല്‍പം മ്യൂസിക്ക് ആവാം ! സ്റ്റാറ്റസുകള്‍ സംഗീതമയമാകും; വാട്‌സാപ്പ് ഇനി വേറെ ലെവല്‍
New WhatsApp Update : വാട്‌സാപ്പില്‍ സ്റ്റാറ്റസ് അപ്‌ഡേറ്റുകളില്‍ മ്യൂസിക്ക് ചേര്‍ക്കാനുള്ള സൗകര്യം ലഭ്യമായേക്കുമെന്ന് റിപ്പോര്‍ട്ട്. ഇന്‍സ്റ്റഗ്രാം സ്‌റ്റോറികളെ പോലുള്ള സൗകര്യം ഒരുക്കാനുള്ള നീക്കത്തിലാണ് വാട്‌സാപ്പെന്നാണ് റിപ്പോര്‍ട്ട്. ഒപ്പം, മെറ്റയുടെ മറ്റ് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളായ ഇൻസ്റ്റാഗ്രാം, ഫേസ്ബുക്ക് എന്നിവയുമായി വാട്‌സാപ്പ് ഉടൻ ലിങ്ക് ചെയ്യപ്പെടുമെന്നും സൂചനയുണ്ട്
വാട്‌സാപ്പില്‍ സ്റ്റാറ്റസ് അപ്‌ഡേറ്റുകളില്‍ മ്യൂസിക്ക് ചേര്‍ക്കാനുള്ള സൗകര്യം ലഭ്യമായേക്കുമെന്ന് റിപ്പോര്‍ട്ട്. ഇന്‍സ്റ്റഗ്രാം സ്‌റ്റോറികളെ പോലുള്ള സൗകര്യം ഒരുക്കാനുള്ള നീക്കത്തിലാണ് വാട്‌സാപ്പെന്ന് ‘WABetaInfo യുടെ’ റിപ്പോര്‍ട്ടില്‍ പറയുന്നു. ആൻഡ്രോയിഡിലും ഐഒഎസിലും തിരഞ്ഞെടുത്ത വാട്‌സാപ്പ് ഉപയോക്താക്കൾക്ക് നിലവിൽ ഈ ഫീച്ചർ ബീറ്റയിൽ ലഭ്യമാണ്. ആപ്ലിക്കേഷന്റെ ഏറ്റവും പുതിയ ബീറ്റാ വെര്‍ഷനില്‍ സ്റ്റാറ്റസ് എഡിറ്റർ ഇന്റർഫേസിൽ വാട്‌സാപ്പ് പുതിയ മ്യൂസിക് ഓപ്ഷൻ ചേർത്തിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.
ഇന്‍സ്റ്റഗ്രാമില്‍ ആഡ് ചെയ്യുന്നതുപോലെ വാട്‌സാപ്പ് സ്റ്റാറ്റസിലും മ്യൂസിക് ഉള്‍പ്പെടുത്താന്‍ ഈ പുതിയ ഓപ്ഷനിലൂടെ ഉപയോക്താക്കള്‍ക്ക് സാധിക്കും. ഇതുവഴി പ്രത്യേക ഗാനം, ട്രെന്‍ഡിംഗ് ട്രാക്കുകള്‍ എന്നിവ തിരയാനും അത് സ്റ്റാറ്റസ് അപ്‌ഡേറ്റുകളില്‍ ഉള്‍പ്പെടുത്താനും ഉപയോക്താക്കള്‍ക്ക് സാധിക്കും.
ഒരു ഗാനത്തില്‍ ഉപയോഗിക്കാന്‍ ആഗ്രഹിക്കുന്ന ട്രാക്ക് തിരഞ്ഞെടുക്കാന്‍ ഉപയോക്താക്കള്‍ക്ക് കഴിയും. ഫോട്ടോ അടിസ്ഥാനമാക്കിയുള്ള സ്റ്റാറ്റസിലെ മ്യൂസിക് ക്ലിപ്പുകൾ 15 സെക്കൻഡായി പരിമിതപ്പെടുത്തി. എന്നാല്‍ വീഡിയോ സ്റ്റാറ്റസില്‍ ഇതിലും ദൈര്‍ഘ്യമുണ്ടാകും.
ഒരാള്‍ പങ്കിടുന്ന സ്റ്റാറ്റസ് കാണുന്നവര്‍ക്ക്, അതിന് താഴെയായി സോങ് ലേബലില്‍ ടാപ് ചെയ്താല്‍ ട്രാക്കിന്റെ പേര്, ആര്‍ട്ടിസ്റ്റ്, ആല്‍ബം ആര്‍ട്ട് തുടങ്ങിയവ കാണാനാകും. ത്രീ-ഡോട്ട് മെനു ബട്ടണിൽ ടാപ്പ് ചെയ്താല്‍ ഈ ഗാനം ഫീച്ചര്‍ ചെയ്തയാളുടെ ഇന്‍സ്റ്റഗ്രാം പ്രൊഫൈല്‍ കാണാനും സാധിക്കുമെന്നാണ് റിപ്പോര്‍ട്ട്.
ആൻഡ്രോയിഡിലെ ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്നും ഐഒഎസിലെ ടെസ്റ്റ്ഫ്‌ളൈറ്റ് ആപ്പിൽ നിന്നും വാട്‌സാപ്പ് ബീറ്റയുടെ ഏറ്റവും പുതിയ പതിപ്പ് ഉള്ള തിരഞ്ഞെടുത്തവര്‍(beta testers)ക്ക് നിലവില്‍ ഈ ഫീച്ചര്‍ ലഭ്യമാണ്. ഭാവിയില്‍ ഈ ഫീച്ചര്‍ വ്യാപകമായി ലഭ്യമായേക്കും.
കഴിഞ്ഞില്ല വാട്‌സാപ്പ് വിശേഷങ്ങള്‍
മെറ്റയുടെ മറ്റ് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളായ ഇൻസ്റ്റാഗ്രാം, ഫേസ്ബുക്ക് എന്നിവയുമായി വാട്‌സാപ്പ് ഉടൻ ലിങ്ക് ചെയ്യപ്പെടുമെന്നാണ് മറ്റൊരു റിപ്പോര്‍ട്ട്. ഇൻസ്റ്റാഗ്രാം, വാട്ട്‌സ്ആപ്പ്, ഫേസ്ബുക്ക് എന്നിവയെ സമന്വയിപ്പിക്കുന്ന സംവിധാനം നിര്‍മ്മിക്കാനുള്ള ശ്രമത്തിലാണ് മെറ്റ. വാട്‌സാപ്പിനെ അക്കൗണ്ട് സെന്ററുമായി സംയോജിപ്പിക്കാൻ പദ്ധതിയിടുന്നതായി മെറ്റ വ്യക്തമാക്കിയിരുന്നു.
അടുത്ത കുറച്ച് മാസങ്ങൾക്കുള്ളിൽ ആഗോളതലത്തിൽ ഈ മാറ്റം നടപ്പിലാക്കാനാണ് നീക്കം. ഇൻസ്റ്റാഗ്രാമിലും ഫേസ്ബുക്കിലും ഉടനീളം സ്റ്റാറ്റസ് അപ്‌ഡേറ്റുകൾ പങ്കിടാനും ഒരൊറ്റ സൈൻ ഓൺ നടത്താനും ഇതുവഴി വാട്‌സാപ്പ് ഉപയോക്താക്കള്‍ക്ക് സാധിക്കും.
Read Also : വീണ്ടും പുതിയ ഫീച്ചറുമായി വാട്സപ്പ്; ഇത് കലക്കും
എന്നാല്‍ വാട്‌സാപ്പ് ലിങ്ക് ഓട്ടോമാറ്റിക്കായി ആക്ടീവായേക്കില്ല. വാട്‌സാപ്പ് അക്കൗണ്ട് സെന്ററുമായി ബന്ധിപ്പിക്കണോ വേണ്ടയോ എന്നത് ഉപയോക്താവിന്റെ തീരുമാനമായിരിക്കും. വാട്‌സാപ്പ് അക്കൗണ്ട് സെന്ററുമായി ലിങ്ക് ചെയ്താലും ചാറ്റുകളും കോളുകളും എൻഡ്-ടു-എൻഡ് എൻക്രിപ്റ്റഡായി തുടരുമെന്നാണ് റിപ്പോര്‍ട്ട്.
2020ലാണ് മെറ്റ് അക്കൗണ്ട് സെന്റര്‍ ആരംഭിച്ചത്. ഇതിലൂടെ മെറ്റയുടെ വിവിധ പ്ലാറ്റ്‌ഫോമുകള്‍ ലിങ്ക് ചെയ്യാന്‍ ഉപയോക്താക്കള്‍ക്ക് സാധിക്കുന്നു. പ്രൊഫൈലുമായി ബന്ധപ്പെട്ട ക്രമീകരണങ്ങൾ, ലോഗിൻ ക്രെഡൻഷ്യലുകൾ, ഉള്ളടക്കം പങ്കിടൽ, സന്ദേശമയയ്ക്കൽ, അറിയിപ്പുകൾ ഇതുവഴി നിയന്ത്രിക്കാനാകും.