5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Sunita Williams: കാത്തിരിപ്പിന് വിരാമം… സുനിത വില്യംസിൻ്റെ ഭൂമിയിലേക്കുള്ള മടക്കം ബുധനാഴ്ച; ക്രൂ10 വിക്ഷേപിച്ചു

SpaceX Launch Crew 10 Mission: നാസയുടെ ബഹിരാകാശ സഞ്ചാരികളായ ആൻ മക്‌ക്ലെയിൻ, നിക്കോളെ അയേഴ്‌സ്, ജപ്പാന്റെ ടകുയു ഒനിഷി, റഷ്യയുടെ കിരിൽ പെസ്‌കോവ് എന്നിവരാണ് ദൗത്യത്തിന്റെ ഭാഗമായി ബഹിരാകാശത്തേക്ക് പോയത്. ശനിയാഴ്ച രാത്രി 11.30-ഓടെയാണ് പേടകം ഐഎസ്എസുമായി ഡോക്കിങ് നടത്തുന്നത്.

Sunita Williams: കാത്തിരിപ്പിന് വിരാമം… സുനിത വില്യംസിൻ്റെ ഭൂമിയിലേക്കുള്ള മടക്കം ബുധനാഴ്ച; ക്രൂ10 വിക്ഷേപിച്ചു
Sunita Williams Image Credit source: PTI
neethu-vijayan
Neethu Vijayan | Updated On: 15 Mar 2025 07:18 AM

ഫ്‌ളോറിഡ: നീണ്ട ഒമ്പത് മാസത്തെ കാത്തിരിപ്പിന് വിരാമമിട്ടുകൊണ്ട് സുനിത വില്യംസിൻ്റെയും ബുച്ച് വിൽമോറിൻ്റെ മടക്കയാത്ര ബുധനാഴ്ച്ച. ഇവരെ ഭൂമിയിലേക്ക് എത്തിക്കുന്നതിനായി സ്‌പേസ് എക്‌സ് ക്രൂ10 ദൗത്യം വിക്ഷേപിച്ചു. അമേരിക്കൻ പ്രാദേശിക സമയം വെള്ളിയാഴ്ച രാത്രി 7.03-ഓടെയാണ് (ഇന്ത്യൻ സമയം ശനിയാഴ്ച പുലർച്ചെ 4.30-ന്) വിക്ഷേപണം നടത്തിയത്. നാസയുടെ ഫ്‌ളോറിഡ കെന്നഡി സ്‌പേസ് സെന്ററിലെ 39എ വിക്ഷേപണത്തറയിൽനിന്ന് സ്‌പേസ്എക്‌സ് ഫാൽക്കൺ 9 റോക്കറ്റ് ബഹിരാകാശത്തേക്ക് പറന്നത്.

നാസയുടെ ബഹിരാകാശ സഞ്ചാരികളായ ആൻ മക്‌ക്ലെയിൻ, നിക്കോളെ അയേഴ്‌സ്, ജപ്പാന്റെ ടകുയു ഒനിഷി, റഷ്യയുടെ കിരിൽ പെസ്‌കോവ് എന്നിവരാണ് ദൗത്യത്തിന്റെ ഭാഗമായി ബഹിരാകാശത്തേക്ക് പോയത്. ശനിയാഴ്ച രാത്രി 11.30-ഓടെയാണ് പേടകം ഐഎസ്എസുമായി ഡോക്കിങ് നടത്തുന്നത്. മാർച്ച് 19 ബുധനാഴ്ച സുനിത വില്യംസ് ഉൾപ്പെടെയുള്ളവരുമായി ഭൂമിയിലേക്ക് തിരിക്കുമെന്നും നാസ അറിയിച്ചു.

കഴിഞ്ഞ ഒമ്പതുമാസമായി രാജ്യാന്തര ബഹിരാകാശ നിലയത്തിൽ തുടരുന്ന സുനിത വില്യംസ്, ബുച്ച് വിൽമോർ എന്നിവരെ തിരിച്ചെത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് പേടകം കുതിച്ചുയർന്നിരിക്കുന്നത്. കഴിഞ്ഞ രണ്ട് തവണയായി സാങ്കേതിക തകരാറുകൾ മൂലം വിക്ഷേപണം മാറ്റിവച്ചിരുന്നു. ആദ്യം മാർച്ച് 26-ന് ക്രൂ10 വിക്ഷേപിക്കുമെന്നായിരുന്നു നാസ പ്രഖ്യാപിച്ചിരുന്നത്. എന്നാൽ, യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റേയും സ്‌പേസ്എക്‌സ് സിഇഒ ഇലോൺ മസ്‌കിന്റേയും കൂടിക്കാഴ്ച്ചയ്ക്ക് പിന്നാലെ ദൗത്യം നേരത്തെയാക്കുകയായിരുന്നു.

മാർച്ച് 13-ന് രണ്ടുതവണ വിക്ഷേപണത്തിന് ശ്രമിച്ചെങ്കിലും അവസാനനിമിഷത്തെ ചില സാങ്കേതിക തകരാറുകൾ മൂലം വിക്ഷേപണം മുടങ്ങുകയായിരുന്നു. പിന്നാലെ അടുത്ത വിക്ഷേപണ ദിവസവും നാസ അറിയിച്ചിരുന്നു. കഴിഞ്ഞ വർഷം ജൂണിലാണ് സുനിത വില്യംസും ബുച്ച് വിൽമറും അടങ്ങുന്ന സംഘം സ്റ്റാർലൈനർ പേടകത്തിൽ അന്താരാഷ്ട്രാ ബഹിരാകാശ നിലയത്തിലെത്തിയത്.

13 ദിവസത്തെ ദൗത്യത്തിനായി പുറപ്പെട്ട സംഘം സാങ്കേതിക തകരാറിനെത്തുടർന്ന് ബഹിരാകാശ നിലയത്തിൽ കുടുങ്ങുകയായിരുന്നു. തുടർന്നാണ് സ്പേസ്എക്സിന്റെ ക്രൂ10-ൽ ഇരുവരേയും ഭൂമിയിലേക്ക് തിരിച്ചെത്തിക്കാൻ തീരുമാനമായത്. തിരികെ ഭൂമിയിൽ എത്തുമ്പോൾ ഇരുവരും അനുഭവിക്കേണ്ടി വരിക സമാനതകളില്ലാത്ത ശാരീരിക പ്രശ്നങ്ങളായിരിക്കുമെന്നാണ് ശാസ്ത്രലോകം പറയുന്നത്.