Sunita Williams Earth Return: വരവേൽക്കാനൊരുങ്ങി ലോകം… സുനിത വില്യംസും സംഘവും ഭൂമിയിൽ എപ്പോൾ എത്തും?
Sunita Williams Earth Return Date And Time: സുനിത വില്യംസിനും ബുച്ച് വിൽമോറിനും ഒപ്പം മറ്റ് രണ്ട് ബഹിരാകാശ യാത്രികർ കൂടി സ്‌പേസ് എക്‌സ് ഡ്രാഗൺ ക്രൂ പേടകത്തിൽ ഭൂമിയിലെത്തും. സ്പേസ് എക്സിൻറെ ഡ്രാഗൺ പേടകത്തിൽ നാസ അയച്ച ക്രൂ-10 ദൗത്യ സംഘം ഞായറാഴ്ച്ചയാണ് ബഹിരാകാശത്ത് എത്തിയത്.

വാഷിങ്ടൺ: ഒമ്പത് മാസത്തോളമായി ബഹിരാകാശ നിലയത്തിൽ കുടിങ്ങിക്കിടക്കുന്ന സുനിത വില്യംസിൻ്റെയും (Sunita Williams) ബാരി ബുച്ച് വിൽമോറിൻ്റെയും മടങ്ങിവരവിന് കാത്തിരിക്കുകയാണ് ലോകം. പത്ത് ദിവസത്തെ ദൗത്യത്തിനായി ബഹിരാകാശ യാത്ര പോയ സംഘത്തിന് വിവിധ സാങ്കേതിക കാരണങ്ങൾ കൊണ്ട് തിരിച്ചുവരവ് നീണ്ടുപോവുകയായിരുന്നു. മാർച്ച് 18 ചൊവ്വാഴ്ച വൈകുന്നേരം (GMT) ഇരുവരും ഭൂമിയിലേക്ക് മടങ്ങുമെന്നാണ് നാഷണൽ എയറോനോട്ടിക്സ് ആൻഡ് സ്പേസ് അഡ്മിനിസ്ട്രേഷൻ (NASA) അറിയിച്ചിരിക്കുന്നത്.
സുനിത വില്യംസിനും ബുച്ച് വിൽമോറിനും ഒപ്പം മറ്റ് രണ്ട് ബഹിരാകാശ യാത്രികർ കൂടി സ്‌പേസ് എക്‌സ് ഡ്രാഗൺ ക്രൂ പേടകത്തിൽ ഭൂമിയിലെത്തും. സ്പേസ് എക്സിൻറെ ഡ്രാഗൺ പേടകത്തിൽ നാസ അയച്ച ക്രൂ-10 ദൗത്യ സംഘം ഞായറാഴ്ച്ചയാണ് ബഹിരാകാശത്ത് എത്തിയത്. ഇവരെ സുനിത വില്യംസും സംഘവും സ്വീകരിക്കുന്നതിൻ്റെ ദൃശ്യങ്ങളും അന്താരാഷ്ട്ര ബഹിരാകാശ നിലയം എക്‌സിൽ പങ്കുവെച്ചിരുന്നു. നാസയുടെ ബഹിരാകാശ യാത്രികരായ ആനി മക്ലെയിൻ, നിക്കോൾ അയേഴ്സ് എന്നിവരും ജാപ്പനീസ് ബഹിരാകാശ ഏജൻസിയുടെ തകുയ ഒനിഷി, റഷ്യയുടെ റോസ്‌കോസ്‌മോസിൻറെ കിറിൽ പെസ്‌കോവ് എന്നിവരാണ് ദൗത്യത്തിലുള്ളത്.
കഴിഞ്ഞ വർഷം ജൂണിലാണ് സുനിത വില്യംസ് അടങ്ങുന്ന സംഘം ബഹിരാകാശത്തേക്ക് പോയത്. മാർച്ച് 17 തിങ്കളാഴ്ച (ഇന്ത്യയിൽ മാർച്ച് 18 ന് രാവിലെ 8:30 ഓടെ) രാത്രി 10:45 ന് സ്‌പേസ് എക്‌സ് ഡ്രാഗൺ പേടകം തിരിച്ചുവരവിന് ഒരുങ്ങും. ഐഎസ്‌എസിൽ നിന്ന് സ്‌പേസ് എക്‌സ് ക്രൂ-9 പേടകം ഭൂമിയിലേക്ക് തിരിച്ചുവരുന്നതിൻ്റെ തത്സമയ സംപ്രേഷണം നാസയുടെ ഔദ്യോഗിക പേജിലൂടെ കാണാന കഴിയും. പലതവണ ഇരുവരെയും മടക്കികൊണ്ടുവരാൻ നാസ ശ്രമിച്ചുവെങ്കിലും ഹീലിയം ചോർച്ച, ത്രസ്റ്റർ തകരാർ, സ്റ്റാർലൈനറിൻറെ അപകട സാധ്യത എന്നിവ മുന്നിൽക്കണ്ട് മടക്കയാത്ര നീട്ടിവെക്കുകയായിരുന്നു.
മുമ്പ് നാസയുടെ ബഹിരാകാശയാത്രികൻ ഫ്രാങ്ക് റൂബിയോ 371 ദിവസം ബഹിരാകാശത്ത് താമസിച്ചുകൊണ്ട് റെക്കോർഡ് തീർത്തിരുന്നു. അതിന് മുമ്പ് റഷ്യൻ ബഹിരാകാശയാത്രികൻ വലേരി പോളിയാക്കോവ് 437 ദിവസത്തെ ലോക റെക്കോർഡും ഇക്കാര്യത്തിൽ സ്വന്തമാക്കിയിട്ടുണ്ട്. ഈ രണ്ട് നേട്ടങ്ങളെ അപേക്ഷിച്ച് ഇവരുടെ താമസത്തിൻ്റെ കാലയളവ് കുറവാണ്.
.@NASA will provide live coverage of Crew-9’s return to Earth from the @Space_Station, beginning with @SpaceX Dragon hatch closure preparations at 10:45pm ET Monday, March 17.
Splashdown is slated for approximately 5:57pm Tuesday, March 18: https://t.co/yABLg20tKX pic.twitter.com/alujSplsHm
— NASA Commercial Crew (@Commercial_Crew) March 16, 2025
ബഹിരാകാശ യാത്രികർ നേരിടേണ്ട ആരോഗ്യ പ്രശ്നങ്ങൾ
ബഹിരാകാശത്ത് ശരീരത്തിന് ഭാരം അനുഭവപ്പെടാത്ത അവസ്ഥയായിരുന്നതിനാൽ ഭൂമിയിലെത്തുമ്പോൾ ശരീരത്തിന്റെ സ്വാഭാവിക പ്രവർത്തനങ്ങളെ പോലും ഇത് കാര്യമായി ബാധിക്കും. സന്ധികളെയും എല്ലുകളെയും സംരക്ഷിക്കുന്ന കാർട്ടിലേജുകൾക്ക് ദ്രവീകരണം സംഭവിക്കാനുള്ള സാധ്യതയും ആരോഗ്യ വിദഗ്ധർ ചൂണ്ടികാട്ടുന്നു. ബഹിരാകാശത്ത് നീണ്ടകാലം കഴിഞ്ഞ് തിരിച്ചെത്തുന്നവരുടെ ശരീരത്തിൽ ഇത്തരം പ്രശ്നങ്ങൾ സാധാരണമാണ്.
ഇതിനെല്ലാം പുറമെ കാഴ്ച ശക്തിയെയും ഇമ്മ്യൂൺ സംവിധാനങ്ങളെയും നീണ്ടകാലത്തെ ബഹിരാകാശ ജീവിതം ബാധിച്ചേക്കാം. കൂടുതൽ വികിരണങ്ങൾ ഏൽക്കുന്നതിനാൽ ഭാവിയിൽ ക്യാൻസറും മറ്റ് ആരോഗ്യപ്രശ്നങ്ങളും ഉണ്ടാകാനുള്ള സാധ്യതയും വിദഗ്ധർ തള്ളികളയുന്നില്ല. തലച്ചോറിലെ ദ്രാവകത്തിന്റെ വർദ്ധനവ് കേൾവിക്കുറവ്, സെറിബ്രൽ എഡിമ എന്നിവയ്ക്കും കാരണമായേക്കാം.