NISAR Mission: ഭൗമനിരീക്ഷണത്തിനുള്ള കരുത്താകാൻ ‘നിസാർ’; വിക്ഷേപണം 2025ൽ
Launch Of NISAR Mission 2025: ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെൻററിൽ നിന്നാവും വിക്ഷേപണം നടത്തുക. ഓരോ 12 ദിവസം കൂടുമ്പോഴും ഭൂമിയിലെ കരഭാഗത്തിൻറെയും മഞ്ഞുമൂടിയ പ്രതലത്തിൻറെ മാറ്റങ്ങൾ നിരീക്ഷിക്കുന്ന രീതിയിലാണ് നിസാർ ഉപഗ്രഹം നിർമ്മിച്ചിരിക്കുന്നത്.
കാലിഫോർണിയ: ബഹിരാകാശ രംഗത്ത് ഇന്ത്യയുടെ ഐഎസ്ആർഒയും അമേരിക്കയുടെ നാസയും തമ്മിൽ സുപ്രധാന നീക്കം. ഇരു സംഘത്തിൻ്റെയും സഹകരണത്തിൻറെ ഭാഗമായുള്ള ‘നിസാർ ദൗത്യം’ (NISAR Mission) 2025 മാർച്ചിൽ വിക്ഷേപിക്കും എന്ന സ്ഥിരീകരണമാണ് പുറത്തുവരുന്നത്. വാർത്താക്കുറിപ്പിലൂടെ നാസയാണ് നിസാർ വിക്ഷേപണവുമായി ബന്ധപ്പെട്ട സമയം മറ്റ് വിവരങ്ങളും പുറത്തുവിട്ടത്. ഐഎസ്ആർഒയുടെ ജിഎസ്എൽവി എംകെ-2 റോക്കറ്റിലാവും നിസാർ ഉപഗ്രഹത്തിൻറെ വിക്ഷേപണം. 747 കിലോമീറ്റർ ഉയരത്തിൽ സൂര്യ-സിൻക്രണസ് ഭ്രമണപഥത്തിൽ ഈ ഉപഗ്രഹം പ്രവർത്തിക്കും.
ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെൻററിൽ നിന്നാവും വിക്ഷേപണം നടത്തുക. ഓരോ 12 ദിവസം കൂടുമ്പോഴും ഭൂമിയിലെ കരഭാഗത്തിൻറെയും മഞ്ഞുമൂടിയ പ്രതലത്തിൻറെ മാറ്റങ്ങൾ നിരീക്ഷിക്കുന്ന രീതിയിലാണ് നിസാർ ഉപഗ്രഹം നിർമ്മിച്ചിരിക്കുന്നത്. അതിനാൽ ഭൂമിയുടെ ഖര ചലനങ്ങളും അവയുടെ പ്രത്യാഘാതങ്ങളും മനസ്സിലാക്കാൻ ഈ ഡാറ്റ ശാസ്ത്രജ്ഞരെ സഹായിക്കും. ഭൗമനിരീക്ഷണ ഉപഗ്രഹങ്ങളുടെ ചരിത്രത്തിലെ നിർണായക കാൽവെപ്പാണ് നിസാർ ദൗത്യം. ഐഎസ്ആർഒയുടെയും നാസയുടെയും ചരിത്രത്തിലെ വലിയ നേട്ടമായി ഇത് മാറുമെന്നാണ് പ്രതീക്ഷിക്കുന്നത്. 2.8 ടൺ ഭാരമാണ് നിസാർ ഉപഗ്രഹത്തിനുള്ളത്
‘നാസ-ഐഎസ്ആർഒ സിന്തറ്റിക് അപേർച്വർ റഡാർ’ എന്നാണ് നിസാറിൻ്റെ പൂർണരൂപം. ഭൂമിയുടെ ഉപരിതലത്തിലുണ്ടാകുന്ന മാറ്റങ്ങളെ കുറിച്ച് പഠിക്കാനായുള്ള റഡാർ ഇമേജിംഗ് സാറ്റ്‌ലൈറ്റാണ് നിസാർ. രണ്ട് ഫ്രീക്വൻസിയിലുള്ള റഡാറുകളാണ് ഉപഗ്രഹത്തിൽ ഘടിപ്പിച്ചിരിക്കുന്നത്. എൽ-ബാൻഡ്, എസ്-ബാൻഡ് എന്നിങ്ങനെ രണ്ട് ഫ്രീക്വൻസിയിലുള്ള ഒരു ജോഡി റഡാറുകളാണ് ഇവയിലുള്ളത്. എസ്-ബാൻഡ് റഡാർ നിർമ്മിച്ചിരിക്കുന്നത് ഐഎസ്ആർഒയാണ്. എന്നാൽ എൽ-ബാൻഡ് റഡാർ നാസയുമാണ് നിർമിച്ചിരിക്കുന്നത്.
ഓരോ 12 ദിവസം കൂടുമ്പോഴും ഭൂമിയിലെ കരഭാഗത്തിൻറെയും മഞ്ഞുമൂടിയ പ്രതലത്തിൻറെ മാറ്റങ്ങ ൾനിരീക്ഷിച്ച് നിസാർ വിവരങ്ങൾ കൈമാറും. അതിനാൽ തന്നെ ഭൂമിയുടെ ഉപരിതലത്തിലുണ്ടാകുന്ന മാറ്റങ്ങളെക്കുറിച്ച് കൃത്യമായ വിവരങ്ങൾ ലഭിക്കാൻ ഇത് സഹായകമാകും. കൂടാതെ രാത്രിയിലും നിസാറിലെ റഡാറുകൾ ഇരു പ്രതലങ്ങളിലെയും വിവരങ്ങൾ ശേഖരിച്ചുകൊണ്ടേയിരിക്കും. മേഘാവൃതമായ കാലാവസ്ഥയിൽ പോലും നിസാർ കൃത്രിമ ഉപഗ്രഹത്തിൻറെ പ്രവർത്തനം തുടർന്നുകൊണ്ടിരിക്കുമെന്നാണ് അധികൃതർ നൽകുന്ന വിവരം. നിസാർ ഉപഗ്രഹത്തിൽ പ്രവർത്തിക്കുന്ന എൽ-ബാൻഡ് റഡാറാണ് ഈ പ്രക്രിയയ്ക്ക് സഹായിക്കുന്നത്.
ഐഎസ്ആർഒയുടെ മറ്റൊരു ലക്ഷ്യം കൂടി പൂർത്തികരിക്കുന്നതിനായാണ് നിസാർ സാറ്റ്‌ലൈറ്റ് വിക്ഷേപിക്കുന്നത്. ഹിമാലയൻ ഫലകത്തിലുണ്ടാകുന്ന സമീപകാല മാറ്റങ്ങളെ കുറിച്ച് പഠിക്കാൻ നിസാർ കൃത്രിമ ഉപഗ്രഹം സഹായിക്കുന്നതാണ്. കൂടാതെ തീവ്രശക്തയിലുള്ള ഭൂകമ്പങ്ങൾ മുമ്പുണ്ടായിട്ടുള്ളതായി രേഖപ്പെടുത്തപ്പെട്ടിട്ടുള്ള ഈ പ്രദേശത്തെ കൂടുതൽ മനസ്സിലാക്കാനും ഇതിലൂടെ സാധിക്കും. വിക്ഷേപണം വിജയകരമായി പൂർത്തീകരിച്ചാൽ ലോകത്തെ ഏറ്റവും ചിലവേറിയ എർത്ത് ഇമേജിംഗ് സാറ്റ്‌ലൈറ്റെന്ന നേട്ടവും നിസാറിന് സ്വന്തമാകും. ഇതിനുള്ള ആകെ ചിലവ് 1.5 ബില്യൺ യുഎസ് ഡോളർ ആയാണ് കണക്കാക്കപ്പെടുന്നത്.
പരമ്പരാഗത ഇമേജിംഗ് സാറ്റലൈറ്റുകളിൽ നിന്ന് വ്യത്യസ്തമായി നിസാർ വിപുലമായ സിന്തറ്റിക് അപ്പേർച്ചർ റഡാർ (എസ്എആർ) സാങ്കേതികവിദ്യയാണ് ഇതിൽ ഉപയോഗിച്ചിരിക്കുന്നത്. റേഡിയോ സിഗ്നലുകൾ ഉപയോഗിച്ച് ഉയർന്ന റെസല്യൂഷൻ ഇമേജുകൾ സൃഷ്ടിക്കുക, ഇരുട്ടിലും പ്രതികൂല കാലാവസ്ഥയിലും ഫലപ്രദമായി പ്രവർത്തിക്കുക, ഒരു ഇഞ്ച് വരെ ചെറിയ ഉപരിതല മാറ്റങ്ങൾ കണ്ടെത്തുക, സമഗ്രമായ മാപ്പിംങ് ഇതെല്ലാം ഇവയുടെ പ്രത്യേകതകളാണ്.