Microsoft Dragon Copilot: ചികിത്സാസഹായത്തിനും ‘റോബോട്ട്’; ആരോഗ്യ സംരക്ഷണത്തിന് എഐ അസിസ്റ്റന്റുമായി മൈക്രോസോഫ്റ്റ്
Microsoft Dragon Copilot For Healthcare:ഡോക്ടർമാർക്ക് പലതരത്തിലുള്ള സഹായങ്ങൾ നൽകാനുള്ള ശേഷി ഡ്രാഗൺ കോപൈലറ്റിനുണ്ട്. വിശ്വസിനീയമായ ഉറവിടങ്ങളിൽ നിന്ന് മെഡിക്കൽ വിവരങ്ങൾ തിരഞ്ഞ് കണ്ടെത്താനും ഇത് ഡോക്ടർമാരെ സഹായിക്കുമെന്നാണ് കമ്പനി പറയുന്നത്.

ലോകത്ത് എല്ലാ മേഖലയിലും നിർമ്മിതബുദ്ധി (എഐ) അതിവേഗം വളർന്നുകൊണ്ടിരിക്കുകയാണ്. നമ്മുടെ ഓരോ ചോദ്യങ്ങൾക്കും ഉത്തരം മുതൽ മറ്റ് പലതിനും മനുഷ്യർ ആശ്രയിക്കുന്നത് എഐ ഉപകരണങ്ങളെയാണ്. എന്നാൽ ആരോഗ്യമേഖലയിൽ എത്രത്തോളം എഐയ്ക്ക് സഹായം നൽകാനാകുമെന്നത് പലരുടെ സംശയങ്ങളിൽ ഒന്നാണ്. എന്നാൽ ആരോഗ്യമേഖലയിലും എഐക്ക് പലതും ചെയ്യാൻ സാധിക്കുമെന്ന് തെളിയിക്കാനായി ഒരുങ്ങുകയാണ് മൈക്രോസോഫ്റ്റ്.
ആരോഗ്യ മേഖലയിൽ പുതു ചരിത്രം സൃഷ്ടിക്കാൻ തയ്യാറെടുക്കുകയാമ് ആഗോള ടെക് കമ്പനിയായ മൈക്രോസോഫ്റ്റ്. ആരോഗ്യപ്രവർത്തകർക്ക് ഏറെ പ്രയോജനപ്പെടുന്ന എഐ അസിസ്റ്റന്റിനെയാണ് മൈക്രോസോഫ്റ്റ് അവതരിപ്പിച്ചിരിക്കുന്നത്. ഡ്രാഗൺ കോപൈലറ്റ് എന്നാണ് മൈക്രോസോഫ്റ്റ് ഈ എഐക്ക് നൽകിയിരിക്കുന്ന പേര്. ഡോക്ടർമാർക്കും ആരോഗ്യ വിദഗ്ധർക്കും ക്ലിനിക്കൽ കുറിപ്പുകൾ പകർത്താനും പേപ്പർ വർക്കുകളുടെ ഡ്രാഫ്റ്റ് തയ്യാറാക്കാനും രോഗിയുമായി ബന്ധപ്പെട്ട വിവരങ്ങൾ വേഗത്തിൽ തിരയാനും സഹായിക്കുന്നതിനായി രൂപകൽപ്പന ചെയ്‌തിരിക്കുന്നതാണ് ഈ എഐ.
മൈക്രോസോഫ്റ്റ് ക്ലൗഡ് ഫോർ ഹെൽത്ത്‌കെയറിന്റെ ഭാഗമാണ് ഡ്രാഗൺ കോപൈലറ്റ് എന്ന എഐ സാങ്കേതിക വിദ്യ. നുവാൻസ് എന്ന എഐ വോയിസ് കമ്പനിയിൽ നിന്നുള്ള സാങ്കേതികവിദ്യയാണ് ഡ്രാഗൺ കോപൈലറ്റിൽ ഉപയോഗിച്ചിരിക്കുന്നത്. ഡോക്ടർമാർക്ക് പലതരത്തിലുള്ള സഹായങ്ങൾ നൽകാനുള്ള ശേഷി ഡ്രാഗൺ കോപൈലറ്റിനുണ്ട്. വിശ്വസിനീയമായ ഉറവിടങ്ങളിൽ നിന്ന് മെഡിക്കൽ വിവരങ്ങൾ തിരഞ്ഞ് കണ്ടെത്താനും ഇത് ഡോക്ടർമാരെ സഹായിക്കുമെന്നാണ് കമ്പനി പറയുന്നത്.
മറ്റുകാര്യങ്ങളിൽ നിന്ന് സ്വതന്ത്രരാക്കി രോഗികളെ കൂടുതൽ ശ്രദ്ധിക്കാൻ എഐ ഡോക്ടർമാരെ സഹായിക്കുമെന്നാണ് തങ്ങൾ കരുതുന്നതെന്ന് മൈക്രോസോഫ്റ്റ് ഹെൽത്ത് ആൻഡ് ലൈഫ് സയൻസ് സൊല്യൂഷൻസ് ആൻഡ് പ്ലാറ്റ്‌ഫോംസിന്റെ കോർപറേറ്റ് വൈസ് പ്രസിഡന്റ് ജോ പെട്രോ വ്യക്തമാക്കി. സ്പീച്ച് റെക്കഗ്നിഷൻ കമ്പനിയായ ന്യൂയൻസ് കമ്മ്യൂണിക്കേഷൻസ് പുറത്തിറക്കിയ ഡ്രാഗൺ മെഡിക്കൽ വൺ (DMO), DAX തുടങ്ങിയ നിലവിലുള്ള ഉപകരണങ്ങളുടെ പുറമെയാണ് മൈക്രോസോഫ്റ്റ് ഡ്രാഗൺ കോപൈലറ്റ് നിർമ്മിച്ചിരിക്കുന്നത്.