Spotify new feature: ഹൈ ക്വാളിറ്റിയിൽ പാട്ട് ആസ്വദിക്കാം; പുതിയ ഓഡിയോ ഫീച്ചറുമായി സ്‌പോട്ടിഫൈ
പുതിയ ഫീച്ചറായ ലോസ് ലെസ് ശബ്ദാനുഭവം ഈ വർഷം യാഥാർത്ഥ്യമായേക്കുമെന്നാണ് റിപ്പോർട്ട്.
ഉയർന്ന നിലവാരമുള്ള ശബ്ദാനുഭവം വാഗ്ദാനം ചെയ്യുന്ന പുതിയ ഫീച്ചർ മ്യൂസിക് സ്ട്രീമിങ് സേവനമായ സ്‌പോട്ടിഫൈയിൽ ഉടൻ എത്തുമെന്ന് റിപ്പോർട്ട്. ലോസ് ലെസ് ഓഡിയോ സൗകര്യം സ്‌പോട്ടിഫൈയിൽ എത്തുന്നതോടെ പാട്ടിൻ്റെ പുതിയൊരു അസ്വാദനമാണ് ഉപഭോക്താക്കൾക്ക് വാഗ്ദാനം ചെയ്യുന്നത്. ഓഹ് ഇറ്റ്‌സ് ടോം എന്ന റെഡ്ഡിറ്റ് യൂസറാണ് ഈ വിവരം പുറത്തുവിട്ടത്.
എന്നാൽ കുറേ വർഷങ്ങളായി സ്‌പോട്ടിഫൈ ലോസ് ലെസ് ശബ്ദാനുഭവം നൽകുമെന്ന വാഗ്ദാനം ചെയ്യുന്നുണ്ട്. എന്നാൽ ഈ വർഷം അത് യാഥാർത്ഥ്യമായേക്കുമെന്നാണ് പുതിയ റിപ്പോർട്ടുകൾ പറയുന്നത്. ആപ്പിൾ മ്യൂസിക്, ആമസോൺ മ്യൂസിക്, ടൈഡൽ പോലുള്ള മറ്റ് സ്ട്രീമിങ് സേവനങ്ങൾ ലോസ് ലെസ് ശബ്ദാനുഭവം വാഗ്ദാനം ചെയ്യുന്നുണ്ട്.
സ്‌പോട്ടിഫൈ ഇൻ്റർഫെയ്‌സ്
സ്‌പോട്ടിഫൈ ആപ്പിൻ്റെ 1.2.36 വേർഷനിലെ പരിഷ്‌കരിച്ച യൂസർ ഇൻ്റർഫെയ്‌സിലാണ് 1411 കെബിപിഎസ് വരെ ഗുണമേന്മയിൽ സ്ട്രീം ചെയ്യാനുള്ള സൗകര്യമൊരുക്കിയിരിക്കുന്നത്. നേരത്തെ ഇത് 320 കെബിപിഎസ് ആയിരുന്നു. ലോസ് ലെസ് ഓഡിയോ സ്ട്രീം ചെയ്യുമ്പോൾ സ്വാഭാവികമായും കൂടുതൽ ഡാറ്റ ഉപയോഗിക്കേണ്ടതായി വരും.
മൊബൈൽ വേർഷനുകളിലും ഡെസ്‌ക് ടോപ്പിലും ഈ പുതിയ സൗകര്യം ലഭ്യമാകും. തുടക്കത്തിൽ പ്രീമിയം വരിക്കാർക്ക് മാത്രമേ ലോസ് ലെസ് ഓഡിയോ ശബ്ദാനുഭവം ലഭ്യമാകാൻ സാധ്യതയുള്ളൂ. ചിലപ്പോൾ ലോസ് ലെസ് ഓഡിയോ അനുഭവം വാഗ്ദാനം ചെയ്യുന്ന പുതിയ സബ്‌സ്‌ക്രിപ്ഷൻ പ്ലാനും അവതരിപ്പിച്ചേക്കും. അതേസമയം വയർലെസ് ഹെഡ്‌സെറ്റുകളേക്കാൾ സ്‌പോട്ടിഫൈ കണക്ട് സ്പീക്കറുകളും വയേർഡ് ഓഡിയോ ഡിവൈസുകളുമാണ് ഈ ശബ്ദാനുഭവം മികച്ച രീതിയിൽ അനുഭവിക്കാനായി കമ്പനി നിർദേശിക്കുന്നത്.
2008 ഒക്ടോബർ ഏഴിന് പ്രവർത്തനം ആരംഭിച്ച സ്പോട്ടിഫൈയിലൂടെ 50 ദശലക്ഷത്തിലധികം ഗാനങ്ങൾ ആസ്വദിക്കാനാവും. 2019 ഫെബ്രുവരി 26നാണ് സ്പോട്ടിഫൈ ഇന്ത്യയിൽ സേവനം ആരംഭിച്ചത്. വിൻഡോസ്, മാക് ഒഎസ്, ലിനക്സ് കമ്പ്യൂട്ടറുകൾ, ഐഒഎസ്, ആൻഡ്രോയിഡ് സ്മാർട്ട്‌ഫോണുകൾ, ടാബ്‌ലെറ്റുകൾ എന്നിവയുൾപ്പെടെ മിക്ക ആധുനിക ഉപകരണങ്ങളിലും സ്‌പോട്ടിഫൈ ലഭ്യമാണ്.
എന്താണ് ലോസ് ലെസ് ഓഡിയോ
ഒരു ശബ്ദത്തിൻ്റെ യഥാർത്ഥ ഡിജിറ്റൽ ഫോർമാറ്റ് നിലനിർത്തിക്കൊണ്ടുള്ള ഉയർന്ന ബിറ്റ് റേറ്റുള്ള ഫയലുകളെയാണ് ലോസ് ലെസ് ഓഡിയോ എന്ന് പറയുന്നത്. സ്ട്രീം ചെയ്യുന്നതിന് വേണ്ടി കംപ്രസ് ചെയ്യുമ്പോൾ ഡിജിറ്റൽ ഡാറ്റയൊന്നും നഷ്ടപ്പെട്ടിട്ടുണ്ടാവില്ല. ഇതിൻ്റെ ഫലമായി ശബ്ദത്തിൻ്റെ ഗുണമേന്മ വർധിക്കുകയും ചെയ്യുന്നു.