5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

LG Korea : മെസേജ് അയച്ചാൽ അനുസരിക്കുന്ന എസി; കൊറിയയിലെ എൽജി ഓഫീസ് അതിശയം

LG Korea Beacon Cloud : കൊറിയയിലെ എൽജി ഓഫീസിലെ എസി ഊഷ്മാവ് നിയന്ത്രിക്കാൻ റിമോട്ട് വേണ്ട, ഒരു മൊബൈൽ ആപ്പ് മതി. ഈ മൊബൈൽ ആപ്പിൽ ടെക്സ്റ്റ് ചെയ്താൽ അതിനനുസരിച് എസി ഊഷ്മാവ് നിയന്ത്രിക്കും.

LG Korea : മെസേജ് അയച്ചാൽ അനുസരിക്കുന്ന എസി; കൊറിയയിലെ എൽജി ഓഫീസ് അതിശയം
LG Korea Beacon Cloud (Image Courtesy - Social Media)
abdul-basith
Abdul Basith | Published: 14 Jul 2024 11:05 AM

ഓഫീസിലെ എസി പലപ്പോഴും പ്രശ്നക്കാരനാവാറുണ്ട്. പലർക്കും പല അളവിലാവും എസി വെക്കേണ്ടത്. ചിലർക്ക് നല്ല തണുപ്പ് വേണ്ടപ്പോൾ മറ്റ് ചിലർക്ക് ഈ തണുപ്പ് സഹിക്കാനാവില്ല. റിമോട്ട് ഉള്ളവർ തങ്ങളുടെ ഇഷ്ടത്തിനനുസരിച്ച് എസിയിലെ ഊഷ്മാവ് മാറ്റും. ഇത് മറ്റുള്ളവർക്ക് ഇഷ്ടപ്പെടില്ല. ഇത് തൊഴിലാളികൾക്കിടയിൽ തർക്കങ്ങൾക്ക് കാരണമാവും. എസി റിമോട്ടിനു വേണ്ടിയുള്ള തർക്കം വേറെ. എന്നാൽ, കൊറിയയിലെ എൽജി ഓഫീസിൽ റിമോട്ടിനു വേണ്ടിയുള്ള തർക്കങ്ങൾ നടക്കാറില്ല. കാരണം അവിടെയുള്ളത് മെസേജ് അയച്ചാൽ അനുസരിക്കുന്ന എസിയാണ്.

എൽജിയുടെ ഗ്ലോബർ പിആർ ലീഡ് ലിയ ലീയെ ഉദ്ധരിച്ച് ഇന്ത്യ ടുഡേ ആണ് വാർത്ത റിപ്പോർട്ട് ചെയ്തത്. കൊറിയയിലെ ട്വിൻ ടവറിലുള്ള എൽജി ഓഫീസിലാണ് ഈ സൗകര്യമുള്ളത്. കണക്റ്റ് ഓൺ എന്ന ആപ്പിലൂടെയാണ് മെസേജിലൂടെ നിയന്ത്രിക്കപ്പെടുന്ന എസി സാധ്യമാകുന്നതെന്ന് ലിയ പറയുന്നു. നിലവിൽ ഈ ആപ്പ് കൊറിയയിൽ ലഭ്യമാണ്. കണക്ട് ഓൺ ആപ്പ് വഴി മെസേജ് ചെയ്താൽ അതിനനുസരിച്ച് എസിയിലെ ചൂട് നിയന്ത്രിക്കപ്പെടും. തൊഴിലാളികൾ അവരവർക്ക് വേണ്ട തണുപ്പിൻ്റെ അളവ് മെസേജ് ചെയ്യുമ്പോൾ ഇതെല്ലാം കണക്കിലെടുത്ത് എല്ലാവർക്കും തരക്കേടില്ലെന്ന് തോന്നുന്ന ഒരു അളവിൽ എസി പ്രവർത്തിക്കും. ഈ അളവിലെത്താൻ ഏതാണ്ട് 5-10 മിനിട്ട് എടുക്കും.

Also Read : NASA New Telescope: അന്യഗ്രഹജീവികളുണ്ടോ..? കണ്ടെത്താനുള്ള ദൗത്യവുമായി നാസ

എൽജി ബീക്കൺ ക്ലൗഡ് എന്ന സംവിധാനമാണ് ഇതിനുപിന്നിൽ. എൽജി എസിയെ തത്സമയം നിയന്ത്രിക്കാനും നിരീക്ഷിക്കാനും സാധിക്കുന്ന ക്ലൗഡ് സിസ്റ്റമാണിത്. തങ്ങളുടെ കണക്റ്റ് ഓൺ ആപ്പിൽ നിന്ന് തൊഴിലാളികൾ തങ്ങൾക്ക് വേണ്ട ഊഷ്മാവ് മെസേജ് ചെയ്യും. ഇത് ബീക്കൺ ക്ലൗഡ് വഴി എസി യൂണിറ്റുകളിലേക്കെത്തും. ഇങ്ങനെയാണ് ഊഷ്മാവിൽ വ്യതിയാനം വരുന്നത്. ബീക്കൺ ക്ലൗഡ് തുടരെ എസിയുടെ പ്രവർത്തനങ്ങൾ നിരീക്ഷിക്കും. തൊഴിലാളികൾ ഊഷ്മാവ് മാറ്റിയാൽ അതിനനുസരിച്ച് കമാൻഡുകൾ നൽകും.

എസിയുടെ പ്രവർത്തനങ്ങളിൽ എന്തെങ്കിലും പ്രശ്നം വരാനുള്ള സാധ്യത മുൻകൂട്ടി മനസിലാക്കാൻ ബീക്കൺ ക്ലൗഡിനു സാധിക്കും. ഏതെങ്കിലും തരത്തിലുള്ള അസ്വാഭാവികത കണ്ടെത്തിയാൽ ബീക്കൺ ഉടൻ ഇത് എഞ്ചിനീയർമാരെ അറിയിക്കും. എഞ്ചിനീയർമാർ ഈ പ്രശ്നം പരിശോധിക്കും. ഇത് തൊഴിലാളികൾക്കും കമ്പനിക്കും ഒരുപോലെ ഗുണകരമാണ്. വിവിധയിടങ്ങളിലെ പ്രവർത്തനങ്ങളും തത്സമയം നിരീക്ഷിക്കാൻ ബീക്കൺ ക്ലൗഡിനു കഴിയും.