5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Kessler Syndrome : ടിവിയും ഇന്റര്‍നെറ്റും ഫോണുമില്ലാത്ത ഭൂതകാലത്തേക്ക് പോകേണ്ടി വരുമോ? കെസ്ലര്‍ സിന്‍ഡ്രോം ‘സീനാണ്’

Kessler Syndrome Effects And Challenges : ബഹിരാകാശ അവശിഷ്ടങ്ങളുടെ അളവ് വര്‍ധിക്കുന്നതാണ് കെസ്ലര്‍ സിന്‍ഡ്രോത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ വീണ്ടും സജീവമാക്കുന്നത്. കെസ്ലര്‍ സിന്‍ഡ്രോത്തെക്കുറിച്ച് വിശദമായി പരിശോധിക്കാം. 1978-ല്‍ നാസ ശാസ്ത്രജ്ഞനായ ഡൊണാള്‍ഡ് കെസ്ലറാണ് ഇത്തരമൊരു സാഹചര്യത്തെക്കുറിച്ച് ആദ്യമായി മുന്നറിയിപ്പ് നല്‍കുന്നത്. കൂട്ടിയിടി കൂടുതല്‍ അവശിഷ്ടങ്ങള്‍ സൃഷ്ടിക്കുന്നതിന് കാരണമാകും

Kessler Syndrome : ടിവിയും ഇന്റര്‍നെറ്റും ഫോണുമില്ലാത്ത ഭൂതകാലത്തേക്ക് പോകേണ്ടി വരുമോ? കെസ്ലര്‍ സിന്‍ഡ്രോം ‘സീനാണ്’
Spacex Falcon Heavy RocketImage Credit source: PTI
jayadevan-am
Jayadevan AM | Published: 08 Jan 2025 14:21 PM

ഭൂമിയുടെ ഭ്രമണപഥത്തില്‍ മനുഷ്യനിര്‍മിത അവശിഷ്ടങ്ങള്‍ ഉണ്ടെന്ന് അറിയാമല്ലോ. ഉപഗ്രങ്ങളുടെയടക്കം അവശിഷ്ടങ്ങള്‍ ഏറെയുണ്ട്. ബഹിരാകാശ പര്യവേഷണത്തിലും സാറ്റലൈറ്റ് ടെക്‌നോളജിയിലും ഇത് വെല്ലുവിളിയുമാണ്. ബഹിരാകാശത്തെ ഇത്തരം അവശിഷ്ടങ്ങള്‍ കൂട്ടിയിടിക്കുന്ന ഒരു സാഹചര്യം ചിന്തിക്കാനാകുമോ ? അത്തരം സാഹചര്യത്തെക്കുറിച്ച് നാസയിലെ ശാസ്ത്രജ്ഞരും വിദഗ്ധരും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഇത്തരം കൂട്ടിയിടി ഒരു ചെയിന്‍ റിയാക്ഷനായി മാറുന്നത് സങ്കല്‍പിച്ച് നോക്കൂ ! അങ്ങനെ വന്നാല്‍ ഓര്‍ബിറ്റിനെ ‘ഉപയോഗശൂന്യ’മാക്കുന്ന ഒരു സാഹചര്യമാകും സംജാതമാകുന്നത്. ഇത്തരമൊരു സാങ്കല്‍പിക സാഹചര്യത്തിന് വിദഗ്ധര്‍ നല്‍കിയ ഓമനപ്പേരാണ് ‘കെസ്ലര്‍ സിന്‍ഡ്രോം’.

ഇത്തരമൊരു അവസ്ഥ വന്നാല്‍ അത് നാവിഗേഷന്‍, കാലാവസ്ഥ പ്രവചനം, ആശയവിനിമയം തുടങ്ങിയ സാറ്റലൈറ്റ് കേന്ദ്രീകൃത സേവനങ്ങള്‍ക്കെല്ലാം തടസമുണ്ടാക്കാമെന്നാണ് വിലയിരുത്തല്‍. ഇന്റര്‍നെറ്റ്, ടെലിവിഷന്‍, ഫോണ്‍ സേവനങ്ങള്‍ തുടങ്ങിയവയ്ക്ക് പ്രതിസന്ധി സൃഷ്ടിക്കും. ഇന്റര്‍നെറ്റും ടെലിവിഷനുമില്ലാത്ത ഭൂതകാലത്തിന് സമാനമായ സാഹചര്യമാകും ഉരുത്തിരിയുന്നതെന്ന് ചുരുക്കം.

ബഹിരാകാശ അവശിഷ്ടങ്ങളുടെ അളവ് വര്‍ധിക്കുന്നതാണ് കെസ്ലര്‍ സിന്‍ഡ്രോത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ വീണ്ടും സജീവമാക്കുന്നത്. കെസ്ലര്‍ സിന്‍ഡ്രോത്തെക്കുറിച്ച് വിശദമായി പരിശോധിക്കാം. 1978-ല്‍ നാസ ശാസ്ത്രജ്ഞനായ ഡൊണാള്‍ഡ് കെസ്ലറാണ് ഇത്തരമൊരു സാഹചര്യത്തെക്കുറിച്ച് ആദ്യമായി മുന്നറിയിപ്പ് നല്‍കുന്നത്. കൂട്ടിയിടി കൂടുതല്‍ അവശിഷ്ടങ്ങള്‍ സൃഷ്ടിക്കുന്നതിന് കാരണമാകും. കൂട്ടിയിടികള്‍ കാലക്രമേണ ഭൂമിയുടെ ഭ്രമണപഥം ഉപയോഗശൂന്യമാക്കും. നാവിഗേഷന്‍, കാലാവസ്ഥ പ്രവചനം തുടങ്ങിയവ തടസപ്പെടും.

ഭൂമിയുടെ ഭ്രമണപഥത്തില്‍ ‘ട്രാക്ക്’ ചെയ്യാനാകുന്ന 47,000-ത്തോളം അവശിഷ്ടങ്ങളുണ്ടെന്നാണ് യൂറോപ്യന്‍ ബഹിരാകാശ ഏജന്‍സി പറയുന്നത്. ഇതിന് പുറമെ ദശലക്ഷക്കണക്കിന് ചെറുതും, കണ്ടെത്താനാകാത്തതുമായ അവശിഷ്ടങ്ങളുമുണ്ടാകാമെന്നാണ് നിരീക്ഷണം. ഉയര്‍ന്ന വേഗതയിലാകും ഇത് നീങ്ങുന്നത്. ഇവയിലെ ചെറിയ കണങ്ങള്‍ക്ക് പോലും ഉപഗ്രഹങ്ങള്‍ക്ക് കേടുപാടുകള്‍ വരുത്താനാകും.

ഉപഗ്രഹ വിക്ഷേപണങ്ങള്‍ വര്‍ധിക്കുന്നതാണ് കൂട്ടിയിടിക്കുള്ള സാധ്യതകള്‍ വര്‍ധിപ്പിക്കുന്ന ഒരു ഘടകം. റഷ്യ 2021ല്‍ നടത്തിയ ആന്റി സാറ്റലൈറ്റ് മിസൈല്‍ പരീക്ഷണം പോലെയുള്ള ബോധപൂര്‍വമായ കൂട്ടിയിടികളും മറ്റൊരു പ്രശ്‌നമാണ്. ഇതുവഴി 1500-ലധികം അവശിഷ്ടങ്ങളാണ് ഉണ്ടായത്. നിയന്ത്രിക്കാനാകാത്തതും പ്രവര്‍ത്തനരഹിതമായതുമായ ഉപഗ്രഹങ്ങള്‍ വര്‍ധിക്കുന്നതും വെല്ലുവിളിയാണ്.

Read More : സ്‌പേസില്‍ ജീവന്‍ മുളയ്ക്കുന്നു; ബഹിരാകാശത്ത് ഐഎസ്ആര്‍ഒയുടെ ‘വിത്തും കൈക്കോട്ടും’ ! ഇനി ഇലകള്‍ക്കായി കാത്തിരിപ്പ്‌

ആക്ടീവ് ഇറിഡിയം കമ്മ്യൂണിക്കേഷന്‍ സാറ്റലൈറ്റും, പ്രവര്‍ത്തനരഹിതമായ റഷ്യയുടെ കോസ്‌മോസ് സാറ്റലൈറ്റും തമ്മിലുണ്ടായ കൂട്ടിയിടി നിരവധി അവശിഷ്ടങ്ങള്‍ സൃഷ്ടിച്ചിരുന്നു. ആഗോള കണക്ടിവിറ്റി, ബഹിരാകാശ പര്യവേഷണം തുടങ്ങിയവയുമായി ബന്ധപ്പെട്ട് 3.6 ട്രില്യണ്‍ ഡോളര്‍ നഷ്ടത്തിന്റെ ഭീഷണിയാണ് കെസ്ലര്‍ സിന്‍ഡ്രോം ചെലുത്തുന്നത്.

ഇത്തരമൊരു സാഹചര്യം വന്നാല്‍ ഇന്റര്‍നെറ്റ്, ടെലിവിഷന്‍, നാവിഗേഷന്‍, ഫോണ്‍ സര്‍വീസ് തുടങ്ങിയവയ്ക്ക് ആവശ്യമായ സാറ്റലൈറ്റുകള്‍ പ്രവര്‍ത്തനരഹിതമാകുമെന്നതാണ് പ്രധാന പ്രശ്‌നം. മാത്രമല്ല, ബഹിരാകാശ പര്യവേഷണങ്ങളും മറ്റ് ശാസ്ത്ര ദൗത്യങ്ങളും തടസപ്പെടാനും സാധ്യതയുണ്ട്.

ചില കമ്പനികള്‍ അവശിഷ്ടങ്ങള്‍ നിരീക്ഷിക്കുന്നതിനും, കൂട്ടിയിടിയുമായി ബന്ധപ്പെട്ടുള്ള പ്രവചനത്തില്‍ കൃത്യത ഉറപ്പാക്കാനും റഡാര്‍ സംവിധാനങ്ങള്‍ വികസിപ്പിക്കുന്നുണ്ട്. ട്രാക്കിംഗ് മെച്ചപ്പെടുത്തിയാല്‍ ഉപഗ്രഹങ്ങളെ കൃത്യമായി കൈകാര്യം ചെയ്യാനും ആഘാതങ്ങള്‍ ഒഴിവാക്കാനും കഴിയുമെന്നാണ് പ്രതീക്ഷ. അവശിഷ്ടവുമായി ബന്ധപ്പെട്ടുള്ള പ്രതിസന്ധി കൈകാര്യം ചെയ്യാന്‍ ബഹുമുഖ സമീപനം അനിവാര്യമാണ്. അന്താരാഷ്ട്ര സഹകരണമാണ് ഇതില്‍ പ്രധാനം. മികച്ച നയങ്ങള്‍ രൂപീകരിക്കുന്നതിനും നടപ്പാക്കുന്നതിനും സര്‍ക്കാരുകള്‍, രാജ്യാന്തര സംഘടനകള്‍, സ്വകാര്യ കമ്പനികള്‍ തുടങ്ങിയവ ഒരുമിച്ച് പ്രവര്‍ത്തിക്കണം.