SpaDeX De-Docking: ഡോക്കിങ് പരീക്ഷണം വിജയകരം; ബഹിരാകാശത്ത് വച്ച് ഉപഗ്രഹങ്ങളെ വേർപെടുത്തി, നേട്ടവുമായി ഐഎസ്ആർഒ
SpaDeX De-Docking Technology: ഡീ-ഡോക്കിങ് പരീക്ഷണം ബഹിരാകാശ സ്റ്റേഷൻ, ചന്ദ്രയാൻ 4, ഗഗൻയാൻ എന്നിവയുൾപ്പെടെ ഇന്ത്യയുടെ വരാനിരിക്കുന്ന പദ്ധതികൾക്ക് കരുത്തുപകരുമെന്നും മന്ത്രി എക്‌സിലൂടെ വ്യക്തമാക്കി. ഡീ ഡോക്കിങ് പരീക്ഷണത്തിൻ്റെ ഭാഗമായി ചേസർ, ടാർഗെറ്റ് ഉപഗ്രഹങ്ങളാണ് ബഹിരാകാശത്ത് വച്ച് വേർപെട്ടത്.

ബംഗളൂരു: ബഹിരാകാശ പര്യവേക്ഷണ രംഗത്ത് വീണ്ടും അഭിമാനമായി ഐഎസ്ആർഒ (ISRO). സ്‌പെഡെക്‌സ് ദൗത്യത്തിന്റെ തുടർച്ചയായി ഉപഗ്രഹങ്ങളെ പരസ്പരം വേർപെടുത്തുന്ന ഡീ- ഡോക്കിങ് പരീക്ഷണം വിജയകരം. ബഹിരാകാശത്ത് വച്ച് പേടകങ്ങളെ കൂട്ടിയോജിപ്പിക്കുന്ന ദൗത്യമാണ് സ്‌പെഡെക്‌സ്. ഐഎസ്ആർഒ തന്നെയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ഐഎസ്ആർഒയുടെ നേട്ടത്തെ കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ് അഭിനന്ദനം അറിയിച്ചു.
ഇന്ത്യയുടെ ഭാവി ബഹിരാകാശ പ്രവർത്തനങ്ങളിലേക്കുള്ള ഒരു സുപ്രധാന ചുവടുവയ്പ്പാണിതെന്നും അദ്ദേഹം പറഞ്ഞു. ഡീ-ഡോക്കിങ് പരീക്ഷണം ബഹിരാകാശ സ്റ്റേഷൻ, ചന്ദ്രയാൻ 4, ഗഗൻയാൻ എന്നിവയുൾപ്പെടെ ഇന്ത്യയുടെ വരാനിരിക്കുന്ന പദ്ധതികൾക്ക് കരുത്തുപകരുമെന്നും മന്ത്രി എക്‌സിലൂടെ വ്യക്തമാക്കി. ഡീ ഡോക്കിങ് പരീക്ഷണത്തിൻ്റെ ഭാഗമായി ചേസർ, ടാർഗെറ്റ് ഉപഗ്രഹങ്ങളാണ് ബഹിരാകാശത്ത് വച്ച് വേർപെട്ടത്.
കഴിഞ്ഞ വർഷം ഡിസംബർ 30നാണ് സ്‌പേസ് ഡോക്കിങ് എക്‌സ്‌പെരിമെന്റ് ബഹിരാകാശത്തേക്ക് വിക്ഷേപിച്ചത്. പിഎസ്എൽവി സി 60 റോക്കറ്റ് ആണ് ഇരട്ട ഉപഗ്രങ്ങളെ വഹിച്ചുകൊണ്ട് ബഹിരാകാശത്തേയ്ക്ക് പോയത്. വെവ്വേറെ വിക്ഷേപിച്ച രണ്ട് ഉപഗ്രഹങ്ങളെ കൂട്ടിയോജിപ്പിക്കുന്ന ദൗത്യം ജനുവരിയിൽ ഐഎസ്ആർഒ വിജയകരമായി പൂർത്തിയാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ഡീ- ഡോക്കിങ് സാങ്കേതികവിദ്യയിലും ഐഎസ്ആർഒ മികവ് തെളിയിച്ചിരിക്കുന്നത്.
സുനിത വില്യംസിൻ്റെ മടങ്ങിവരവ് വൈകും; സ്‌പേസ് എക്‌സ് ക്രൂ 10 ദൗത്യം മാറ്റിവച്ചു
നാസയുടെ ബഹിരാകാശ സഞ്ചാരികളായ സുനിത വില്യംസിൻ്റെയും ബുച്ച് വിൽമോറിൻ്റെ ഭൂമിയിലേക്കുള്ള മടങ്ങിവരവിൽ വീണ്ടും മാറ്റം. സ്‌പേസ് എക്‌സ് ക്രൂ 10 വിക്ഷേപണം നാളത്തേക്ക് മാറ്റിവച്ച സാഹചര്യത്തിലാണ് മടങ്ങിവരവ് വീണ്ടും നീളുന്നത്. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് അടുത്ത നാല് പേരെ കൂടി എത്തിക്കാനുള്ള ദൗത്യമാണ് നീട്ടിവച്ചിരിക്കുന്നത്. നാസ തന്നെയാണ് ഇക്കാര്യ സ്ഥിരീകരിച്ചത്. ഇന്ന് രാവിലെ 5:18നാണ് വിക്ഷേപണം നടത്താൻ തീരുമാനിച്ചിരുന്നത്. ഇതിന് പിന്നാലെയാണ് സാങ്കേതിക പ്രശ്നം കണ്ടെത്തിയത്.
വരുന്ന തിങ്കളാഴ്ചയായിരിക്കും സുനിത വില്യംസും സംഘത്തിൻറെയും ഭൂമിയിലേക്കുള്ള മടക്കമെന്ന് നാസ പിന്നീട് അറിയിച്ചു. വ്യാഴാഴ്ച അമേരിക്കൻ പ്രാദേശിക സമയം വൈകിട്ട് 7.26-നാണ് അടുത്ത വിക്ഷേപണ നടത്തുക. പിന്നീട് ഇന്ത്യൻ സമയം വൈകിട്ട് 6.35നാകും സുനിതയും സംഘവും നിലയത്തിൽ നിന്ന് ഭൂമിയിലേക്ക് പുറപ്പെടുക. കാലാവസ്ഥ സാഹചര്യമനുസരിച്ച് ഈ സമയത്തിലും തീയതിയിലും മാറ്റം വന്നേക്കാമെന്നും നാസ വ്യക്തമാക്കി.