ISRO : സ്‌പേസില്‍ ജീവന്‍ മുളയ്ക്കുന്നു; ബഹിരാകാശത്ത് ഐഎസ്ആര്‍ഒയുടെ ‘വിത്തും കൈക്കോട്ടും’ ! ഇനി ഇലകള്‍ക്കായി കാത്തിരിപ്പ്
VSSC’s CROPS Experiment : ഭാവിയിലെ ദീർഘകാല ബഹിരാകാശ ദൗത്യങ്ങൾക്ക് അത്യന്താപേക്ഷിതമാണ് ഈ പരീക്ഷണം. ബഹിരാകാശത്തിൻ്റെ തനതായ സാഹചര്യങ്ങളിൽ സസ്യങ്ങൾ എങ്ങനെ വളരുന്നുവെന്ന് മനസിലാക്കുകയാണ് ലക്ഷ്യം. സജീവമായ താപ നിയന്ത്രണത്തോടെ നിയന്ത്രിത പരിതസ്ഥിതിയിൽ പയര്‍ വിത്തുകള്‍ വളര്‍ത്തുന്ന പരീക്ഷണമാണ് നടത്തുന്നത്. അന്യഗ്രഹ പരിതസ്ഥിതികളിൽ സസ്യജാലങ്ങളെ വളർത്തുന്നതിനും നിലനിർത്തുന്നതിനും ഈ ദൗത്യം സഹായകരമാകും
”ജീവിതം ബഹിരാകാശത്ത് മുളയ്ക്കുന്നു. വിഎസ്എസ്‌സിയുടെ പിഎസ്എല്‍വി-സി60 പോയം-നാലിലെ ക്രോപ്‌സ് പരീക്ഷണം വിജയകരമായി നാല് ദിവസം കൊണ്ട് പയര്‍ വിത്തുകള്‍ മുളപ്പിച്ചു. ഇലകള്‍ ഉടന്‍ പ്രതീക്ഷിക്കുന്നു”-ഐഎസ്ആര്‍ഒ കഴിഞ്ഞ ദിവസം എക്‌സില്‍ പങ്കുവച്ച കുറിപ്പാണിത്. പിഎസ്എൽവി-സി 60 പോയം-4 പ്ലാറ്റ്‌ഫോമിൽ ബഹിരാകാശത്തേക്ക് അയച്ച പയര്‍ വിത്തുകള്‍ വിക്ഷേപിച്ച് നാലു ദിവസത്തിനുള്ളില്‍ മൈക്രോ ഗ്രാവിറ്റി കണ്ടീഷനില്‍ മുളച്ചെന്ന വാര്‍ത്ത ശാസ്ത്രലോകത്ത് ഏറെ പ്രതീക്ഷ പകരുന്നതാണ്.
മൈക്രോ ഗ്രാവിറ്റി അവസ്ഥയിൽ സസ്യവളർച്ച പഠിക്കാൻ തിരുവനന്തപുരത്തെ വിക്രം സാരാഭായ് സ്പേസ് സെൻ്റർ (വിഎസ്എസ്സി) നടത്തിയ കോംപാക്റ്റ് റിസർച്ച് മോഡ്യൂൾ ഫോർ ഓർബിറ്റൽ പ്ലാൻ്റ് സ്റ്റഡീസ് (ക്രോപ്സ്) പരീക്ഷണത്തിൻ്റെ ഭാഗമായി എട്ട് പയര്‍ വിത്തുകളാണ് ബഹിരാകാശത്തേക്ക് അയച്ചത്. ഈ ദൗത്യത്തിന്റെ ആദ്യഘട്ടമാണ് വിജയകരമായത്. ഇലകള്‍ ഉടന്‍ പ്രതീക്ഷിക്കുന്നുവെന്നാണ് ഐഎസ്ആര്‍ഒ വ്യക്തമാക്കുന്നത്.
ഭാവിയിലെ ദീർഘകാല ബഹിരാകാശ ദൗത്യങ്ങൾക്ക് അത്യന്താപേക്ഷിതമാണ് ഈ പരീക്ഷണം. ബഹിരാകാശത്തിൻ്റെ തനതായ സാഹചര്യങ്ങളിൽ സസ്യങ്ങൾ എങ്ങനെ വളരുന്നുവെന്ന് മനസിലാക്കുകയാണ് ലക്ഷ്യം. സജീവമായ താപ നിയന്ത്രണത്തോടെ നിയന്ത്രിത പരിതസ്ഥിതിയിൽ പയര്‍ വിത്തുകള്‍ വളര്‍ത്തുന്ന പരീക്ഷണമാണ് നടത്തുന്നത്.
Life sprouts in space! 🌱 VSSC's CROPS (Compact Research Module for Orbital Plant Studies) experiment onboard PSLV-C60 POEM-4 successfully sprouted cowpea seeds in 4 days. Leaves expected soon. #ISRO #BiologyInSpace pic.twitter.com/QG7LU7LcRR
— ISRO (@isro) January 4, 2025
അന്യഗ്രഹ പരിതസ്ഥിതികളിൽ സസ്യജാലങ്ങളെ വളർത്തുന്നതിനും നിലനിർത്തുന്നതിനും ഈ ദൗത്യം സഹായകരമാകും. ഇത്തരം കഴിവുകള്‍ വികസിപ്പിക്കുന്നതിനുള്ള ഒരു മൾട്ടി ഫേസ് പ്ലാറ്റ്ഫോമായാണ് കോംപാക്റ്റ് റിസർച്ച് മോഡ്യൂൾ ഫോർ ഓർബിറ്റൽ പ്ലാൻ്റ് സ്റ്റഡീസിനെ വിലയിരുത്തുന്നത്.
ഇത് പൂര്‍ണമായും ഓട്ടോമേറ്റഡ് സംവിധാനമായാണ് രൂപകല്‍പന ചെയ്തിരിക്കുന്നത്. വിത്ത് മുളയ്ക്കല്‍, ഇലകളുടെ വളര്‍ച്ച തുടങ്ങിയവയുമായി ബന്ധപ്പെട്ട് അഞ്ച് മുതൽ ഏഴ് ദിവസത്തെ പരീക്ഷണം ആസൂത്രണം ചെയ്തിട്ടുണ്ട്. താപനിയന്ത്രണത്തോടെ ഒരു ക്ലോസ്ഡ് ബോക്‌സിലാണ് വിത്തുകള്‍ വച്ചിരിക്കുന്നത്. ഓക്സിജൻ, കാർബൺ ഡൈ ഓക്സൈഡ്, താപനില, മണ്ണിലെ ഈർപ്പം തുടങ്ങിയ ഉള്‍പ്പെടെ ലഭ്യമാക്കിയിട്ടുണ്ട്. നിരീക്ഷണത്തിനായി ക്യാമറയും സജ്ജീകരിച്ചിട്ടുണ്ട്. ബഹിരാകാശത്ത് ഡോക്കിങ്ങും അണ്‍ഡോക്കിങ്ങും നടത്താന്‍ ലക്ഷ്യമിട്ടുള്ള സ്‌പേഡെക്‌സ് ദൗത്യത്തിനൊപ്പമായിരുന്നു ഈ വിക്ഷേപണവും.
സ്‌പേഡെക്‌സ് ദൗത്യം
ഡിസംബര്‍ 30ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്‌പേസ് സെന്ററില്‍ നിന്നാണ് സ്‌പേഡെക്‌സ് ദൗത്യം വിക്ഷേപിച്ചത്. എസ്ഡിഎക്‌സ് 01 (ചേസര്‍), എസ്ഡിഎക്‌സ് 02 (ടാര്‍ഗെറ്റ്) എന്നീ ഉപഗ്രഹങ്ങളെ 470 കി.മീ സര്‍ക്കുലര്‍ ഓര്‍ബിറ്റില്‍ വച്ച് കൂട്ടിച്ചേര്‍ക്കുകയും, പിന്നീട് അണ്‍ഡോക്കിങ് നടത്തുകയുമാണ് പദ്ധതിയുടെ ലക്ഷ്യം. മിഷന്റെ ഭാഗമായി 220 കി.ഗ്രാം ഭാരമുള്ള ഉപഗ്രഹങ്ങളുമായാണ് പിഎസ്എല്‍വി-സി60 കുതിച്ചുയര്‍ന്നത്.
ചാന്ദ്രയാന്‍ 4, സ്വപ്‌നപദ്ധതിയായ ഇന്ത്യയുടെ സ്വന്തം സ്വന്തം ബഹിരാകാശ നിലയം (ഭാരതീയ അന്തരീക്ഷ സ്റ്റേഷന്‍) തുടങ്ങിയവയ്ക്ക് ഏറെ നിര്‍ണായകമാണ് ഐഎസ്ആര്‍ഒയുടെ ഈ ദൗത്യം. 24 പേലോഡുകള്‍ ഉള്‍പ്പെടുന്ന പരീക്ഷണങ്ങള്‍ ഐഎസ്ആര്‍ഒ നടത്തുന്നുണ്ട്.
വിത്ത് മുളയ്ക്കുന്നതുമായി ബന്ധപ്പെട്ടും ചെടികളുടെ വളര്‍ച്ചയുമായി ബന്ധപ്പെട്ടുള്ള പഠനങ്ങളെ കൂടാതെ അവശിഷ്ടങ്ങള്‍ പിടിച്ചെടുക്കുന്നതിനുള്ള ‘റോബോട്ടിക് ആം’ പരീക്ഷണവും നടത്തുന്നുണ്ട്. ഐഎസ്ആര്‍ഒയുടെ 2024ലെ അവസാന ദൗത്യമായിരുന്നു സ്‌പേഡെക്‌സ്.