iPhone Battery Health: ഐഫോണിന്റെ ബാറ്ററി ഹെല്‍ത്ത് മോശമായോ? എങ്കില്‍ ഈ വഴികള്‍ പരീക്ഷിക്കാം
How to improve iphone battery health: നമ്മുടെ ഉപയോഗത്തിന് അനുസരിച്ച് ലിഥിയം അയേണ്‍ ബാറ്ററികളുടെ ശേഷി കുറയാറുണ്ട്. അതിപ്പോള്‍ ഓരോരുത്തരും എങ്ങനെ ഫോണ്‍ ഉപയോഗിക്കുന്നു എന്നതിനെ ആശ്രയിച്ചായിരിക്കും ബാറ്ററി ഹെല്‍ത്ത്.
ഐഫോണില്‍ ചാര്‍ജ് നില്‍ക്കുന്നില്ലെന്ന് ഉപഭോക്താക്കള്‍ക്ക് എന്നും പരാതിയാണ്. വളരെ കുറച്ച് കാലം മതി ഐഫോണിന്റെ ബാറ്ററി ഹെല്‍ത്ത് മോശമാകാന്‍. എന്നാല്‍ എന്തുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്. എന്താണ് ബാറ്ററി ഹെല്‍ത്ത് മെച്ചപ്പെടുത്തുന്നതിനുള്ള മാര്‍ഗങ്ങള്‍ എന്നിവയെ കുറിച്ച് പലര്‍ക്കും അറിയില്ല.
നമ്മുടെ ഉപയോഗത്തിന് അനുസരിച്ച് ലിഥിയം അയേണ്‍ ബാറ്ററികളുടെ ശേഷി കുറയാറുണ്ട്. അതിപ്പോള്‍ ഓരോരുത്തരും എങ്ങനെ ഫോണ്‍ ഉപയോഗിക്കുന്നു എന്നതിനെ ആശ്രയിച്ചായിരിക്കും ബാറ്ററി ഹെല്‍ത്ത്. മാത്രമല്ല ഫോണ്‍ ഉള്ളിടത്തുള്ള താപനില ചാര്‍ജ് ചെയ്യുന്ന രീതി ഇതൊക്കെ ബാറ്ററി ഹെല്‍ത്തിനെ സ്വാധീനിക്കും.
സാധാരണഗതിയില്‍ 500 ചാര്‍ജിങ് സൈക്കിള്‍ പൂര്‍ത്തിയാകുമ്പോഴാണ് ബാറ്ററി ഹെല്‍ത്ത് 80 ശതമാനത്തിലെത്തുക. ഓരോരുത്തരുടെയും ഉപയോഗം അനുസരിച്ച് ചാര്‍ജിങ് സൈക്കിളും ബാറ്ററി ഹെല്‍ത്തും വ്യത്യാസപ്പെടും. എന്നാല്‍ ഐഫോണിന്റെ കാര്യം പരിശോധിക്കുകയാണെങ്കില്‍ ഫോണ്‍ എപ്പോള്‍ വേണമെങ്കിലും ചാര്‍ജ് ചെയ്യാം. ചാര്‍ജ് ചെയ്യാനായി 100 ശതമാനം ഉപയോഗിച്ച് തീരണം എന്നൊന്നുമില്ല.
ചാര്‍ജിങ് സൈക്കിള്‍ അനുസരിച്ചാണ് ബാറ്ററിയുടെ പ്രവര്‍ത്തനം. ഓരോ തവണ ഉപയോഗിക്കുമ്പോഴും ബാറ്ററിയുടെ 100 ശതമാനം ശേഷി അടിസ്ഥാനമാക്കി ഉപഭോഗം കണക്കാക്കുകയാണ് ചെയ്യുന്നത്. ഇത് നിങ്ങള്‍ എത്രതവണ ഫോണ്‍ ചാര്‍ജ് ചെയ്തുവെന്നതിനെ അടിസ്ഥാനമാക്കിയല്ല കണക്കാക്കുന്നത്. ചാര്‍ജിങ് സൈക്കിള്‍ പൂര്‍ത്തിയാകുന്നതിന് അനുസരിച്ച് ബാറ്ററിയുടെ ശേഷി കുറയുമെന്ന് ആപ്പിള്‍ പറയുന്നുണ്ട്.
ബാറ്ററി ഹെല്‍ത്ത് സംരക്ഷിക്കാന്‍ എന്ത് ചെയ്യണം
- ഫോണ്‍ നില്‍ക്കുന്നയിടത്തെ താപനില ശ്രദ്ധിക്കുക- അന്തരീക്ഷത്തിലെ അമിതമായ ചൂടും തണുപ്പും ബാറ്ററി ശേഷിയെ ബാധിച്ചേക്കും.
- ബാറ്ററി പൂര്‍ണമായും ഉപയോഗിച്ച് തീര്‍ക്കരുത്- 20 ശതമാനത്തിനും 40 ശതമാനത്തിനും ഇടയില്‍ ബാറ്ററി റീച്ചാര്‍ജ് ചെയ്യുന്നതാണ് നല്ലത്
- രാത്രി ബാറ്ററി ചാര്‍ജ് ചെയ്യാനിടരുത്
- ഒപ്റ്റിമൈസ്ഡ് ചാര്‍ജിങ് ഫീച്ചര്‍ ഉപയോഗിക്കാന്‍ ശ്രദ്ധിക്കുക- ഈ ഫീച്ചര്‍ നിങ്ങളുടെ ചാര്‍ജിങ് രീതി പഠിക്കുകയും അതിനനുസരിച്ച് ചാര്‍ജിങ് സമയം ക്രമീകരിക്കുകയും ചെയ്യുന്നതാണ്. അല്ലെങ്കില്‍ ഫോണ്‍ ബാറ്ററി ചാര്‍ജിങ് പരിധി നിങ്ങള്‍ക്ക് 80 ശതമാനം വരെ ആക്കി നിശ്ചയിക്കാനുമാവും.
- സ്‌ക്രീന്‍ ബ്രൈറ്റ്നെസും ടൈംഔട്ട് സമയവും കുറയ്ക്കണം- ബ്രൈറ്റ്നെസ് കുറയ്ക്കുന്നതും, ടൈംഔട്ട് സമയം കുറയ്ക്കുന്നതും ബാറ്ററി ഉപയോഗം കുറയ്ക്കും.
- ബാക്ഗ്രൗണ്ട് ആപ്പ് റിഫ്രഷ് ഓഫാക്കുക- പശ്ചാത്തലത്തില്‍ ആപ്പുകള്‍ പ്രവര്‍ത്തിക്കുന്നത് നിയന്ത്രിക്കാന്‍ ഇത് സഹായിക്കും. ബാറ്ററിയുടെ അമിത ഉപയോഗം ഇതുവഴി കുറയ്ക്കാം. സെറ്റിങ്സ് വഴി ഓരോ ആപ്പിന്റെയും പശ്ചാത്തല പ്രവര്‍ത്തനം നിര്‍ത്തിവെക്കാനാവും.
- ലോ പവര്‍ മോഡ് ഓണ്‍ ആക്കുക- ഇതുവഴി പശ്ചാത്തല പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിച്ച് ബാറ്റിയുടെ അമിത ഉപയോഗം തടയാനാവും
- ഐഒഎസ് പതിവായി അപ്‌ഡേറ്റ് ചെയ്യുക – അപ്‌ഡേറ്റുകളില്‍ പലപ്പോഴും നൂതനമായ ഊര്‍ജ്ജ സംരക്ഷണ സാങ്കേതികവിദ്യകള്‍ ഉള്‍പെടുത്താറുണ്ട്. അതിനാല്‍ നിങ്ങളുടെ ഐഒഎസ് അപ്ഡേറ്റ് ചെയ്യുന്നത് ബാറ്ററി ക്ഷമത നിലനിര്‍ത്താന്‍ സഹായിക്കും.
- ലൊക്കേഷന്‍ സേവനങ്ങള്‍ നിയന്ത്രിക്കുക- ബാറ്ററി കളയുന്ന പ്രധാന കാരണങ്ങളിലൊന്നാണ് ലൊക്കേഷന്‍ സേവനങ്ങള്‍. ആപ്പുകള്‍ നിരന്തരം ലൊക്കേഷന്‍ സംവിധാനം ഉപയോഗിക്കുന്നത് ബാറ്ററി നഷ്ടത്തിനിടയാക്കും.
- ബാറ്ററി ഉപയോഗം നിരീക്ഷിക്കാം- ബാറ്ററി സെറ്റിങ്സില്‍ ഏറ്റവും കൂടുതല്‍ ബാറ്ററി പവര്‍ ഉപയോഗിക്കുന്ന ആപ്പുകളെക്കുറിച്ചുള്ള വിവരങ്ങള്‍ പരിശോധിച്ച് ആപ്പുകളെ നിയന്ത്രിക്കാവുന്നതാണ്.
- ചാര്‍ജ് ചെയ്യുമ്പോള്‍ ഫോണ്‍ ഉപയോഗിക്കാതിരിക്കുക- ചാര്‍ജ് ചെയ്യുമ്പോള്‍ ഐഫോണ്‍ ഉപയോഗിക്കരുത്. ഇത് ഫോണ്‍ ചൂടാവുന്നതിനും ബാറ്ററിയുടെ ആരോഗ്യത്തെ ബാധിക്കുകയും ചെയ്യും.