iPhone 17 Pro: ഐഫോൺ 17 പ്രോ മോഡലിൽ വിഡിയോ റെക്കോർഡിങ് തകർക്കും; വിശദാംശങ്ങൾ പുറത്ത്
iPhone 17 Pro Video Recording: ഐഫോൺ 17 പരമ്പരയിൽ പെട്ട ഐഫോൺ 17 പ്രോ ഫോണിൽ വിഡിയോ റെക്കോർഡിങ് മെച്ചപ്പെടുത്തുമെന്ന് റിപ്പോർട്ടുകൾ. ഈ വർഷം അവസാനത്തോടെയാവും ഐഫോൺ 17 പരമ്പര ഫോണുകൾ പുറത്തിറങ്ങുക.

ഐഫോൺ 17 പ്രോ മോഡലിൽ വിഡിയോ റെക്കോർഡിങ് മികവ് വർധിക്കുമെന്ന് റിപ്പോർട്ടുകൾ. മുൻ ഐഫോൺ മോഡലുകളൊക്കെ വിഡിയോ റെക്കോർഡിങിൽ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇതിൽ കൂടുതൽ മാറ്റങ്ങൾ വരുത്തി മികച്ചതാക്കാനാണ് കമ്പനിയുടെ ശ്രമം. ഈ വർഷം അവസാനത്തോടെ ആപ്പിൾ ഐഫോൺ 17 പരമ്പര പുറത്തിറങ്ങിയേക്കും.
ആപ്പിൾ 17 പരമ്പരയിൽ ക്യാമറമികവ് ഗണ്യമായി വർധിക്കുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഇത് സ്റ്റിൽ ഫോട്ടോഗ്രഫിയിൽ മാത്രമല്ല, വിഡിയോ റെക്കോർഡിങിലും ഗണ്യമായ പുരോഗമനമുണ്ടാക്കും. ഇത്തവണത്തെ അപ്ഡേറ്റിൽ വിഡിയോ റെക്കോർഡിങിനാവും കൂടുതൽ പ്രാധാന്യമെന്നാണ് പുറത്തുവരുന്ന സൂചന. ബ്ലൂംബെർഗിലാണ് ഇത് സംബന്ധിച്ച റിപ്പോർട്ട് പുറത്തുവന്നത്.
വിഡിയോ റെക്കോർഡിങിൻ്റെ അവസാനവാക്കായി ഐഫോണിനെ മാറ്റുക എന്നതാണ് കമ്പനിയുടെ ലക്ഷ്യം. വ്ലോഗർമാരെയും കണ്ടൻ്റ് ക്രിയേറ്റർമാരെയും ലക്ഷ്യമിട്ടാണ് നീക്കം. വിഡിയോ റെക്കോർഡിങിൽ വളരെ മികച്ച അപ്ഗ്രേഡാണ് കമ്പനി ലക്ഷ്യമിടുന്നത്. പ്രോ മോഡലിൽ മാത്രമാവും ഈ അപ്ഗ്രേഡ്.




ഫോൾഡബിൾ ഐഫോൺ
ആപ്പിൾ പുറത്തിറക്കാനിരിക്കുന്ന ഫോൾഡബിൾ ഐഫോണിൻ്റെ കൂടുതൽ വിവരങ്ങൾ നേരത്തെ പുറത്തുവന്നിരുന്നു. ഇന്നർ ഡിസ്പ്ലേയെപ്പറ്റിയുള്ള വിവരങ്ങളാണ് പുറത്തുവന്നത്. ഫോൾഡബിൾ ഐഫോണിൻ്റെ ഇന്നർ ഡിസ്പ്ലേ 7.74 ഇഞ്ച് ആവുമെന്നാണ് റിപ്പോർട്ടുകൾ. ഫോൺ എപ്പോഴാണ് അവതരിപ്പിക്കുകയെന്നോ ഇങ്ങനെയൊരു ഫോൺ നിർമ്മാണത്തിലുണ്ടെന്നോ ആപ്പിൾ ഔദ്യോഗികമായി അറിയിച്ചിട്ടില്ല. എന്നാൽ, മാർക്കറ്റിൽ പിന്നിലേക്കാവാതിരിക്കാൻ ഐഫോൺ ഫോൾഡബിൾ ഫോണിൻ്റെ നിർമ്മാണത്തിലാണെന്ന് വിവിധ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
ഫോൾഡബിൾ ഐഫോണിൻ്റെ ഡിസൈൻ ബുക്ക്സ്റ്റൈൽ ആവുമെന്നാണ് വിവരം. ഓപ്പോ ഫൈൻഡ് എൻ സീരീസിന് സമാനമായതാവും ആപ്പിൾ ഫോൾഡബിളിൻ്റെ ഡിസൈൻ. 5.49 ഇഞ്ചിൻ്റെ കവർ ഡിസ്പ്ലേയിലാവും ഫോൺ പുറത്തിറങ്ങുക. ഓപ്പോ ഫൈൻഡ് എൻ ഫോണിൻ്റെ ആദ്യതലമുറയ്ക്കും ഇതേ വലിപ്പത്തിലുള്ള കവർ ഡിസ്പ്ലേ ആണ് ഉണ്ടായിരുന്നത്. ഐപാഡ് തുറക്കുന്നത് പോലെയാവും ഈ ഫോൺ തുറക്കുക. സ്മാർട്ട്ഫോണിൻ്റെയും ടാബിൻ്റെയും സവിശേഷതകൾ ഒരു ഫോണിലൊരുക്കുക എന്നതാണ് ആപ്പിളിൻ്റെ ലക്ഷ്യം. ഓപ്പോ ഫൈൻഡ് എൻ സീരീസ്, സാംസങ് ഗ്യാലക്സി സെഡ് ഫോൾഡ് സീരീസ് എന്നിവയൊക്കെയാവും ഈ ഫോണിൻ്റെ എതിരാളികൾ.