Instagram Reels : ഇനി 90 സെക്കന്‍ഡല്ല, മൂന്ന് മിനിറ്റ് ! റീലുകളുടെ ദൈര്‍ഘ്യം വര്‍ധിപ്പിച്ച് ഇന്‍സ്റ്റഗ്രാം
Instagram expands reels duration : ഏതാനും മാസം മുമ്പാണ് യൂട്യൂബ് ഷോര്‍ട്ട് വീഡിയോ ദൈര്‍ഘ്യം മൂന്ന് മിനിറ്റായി വര്‍ധിപ്പിച്ചത്. ഇതിന്റെ ചുവടുപിടിച്ചാണ് ഇന്‍സ്റ്റഗ്രാമിന്റെയും നീക്കം. ടിക് ടോക്കിനോടും, യൂട്യൂബിനോടും മത്സരിക്കാന്‍ ഇന്‍സ്റ്റഗ്രാം റീലുകളുടെ ദൈര്‍ഘ്യം വര്‍ധിപ്പിക്കുമെന്ന് നേരത്തെ തന്നെ റിപ്പോര്‍ട്ടുകള്‍ പ്രചരിച്ചിരുന്നു. എന്നാല്‍ അന്ന് കമ്പനി ഇക്കാര്യം സ്ഥിരീകരിച്ചിരുന്നില്ല
സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ ഇന്‍സ്റ്റഗ്രാം റീലുകളുടെ ദൈര്‍ഘ്യം വര്‍ധിപ്പിച്ചു. മൂന്ന് മിനിറ്റ് വരെയാണ് റീലുകളുടെ ദൈര്‍ഘ്യം വര്‍ധിപ്പിച്ചത്. യൂട്യൂബ് ഷോർട്ട്സിന് സമാനമായി ഉപയോക്താക്കൾക്ക് ഇപ്പോൾ ഇന്‍സ്റ്റഗ്രാമിൽ മൂന്ന് മിനിറ്റ് വരെ ദൈർഘ്യമുള്ള വീഡിയോകൾ അപ്‌ലോഡ് ചെയ്യാനാകും. നേരത്തെ പരമാവധി 90 സെക്കന്‍ഡുകള്‍ ദൈര്‍ഘ്യമാണ് റീലുകള്‍ക്ക് അനുവദിച്ചിരുന്നത്. ഇൻസ്റ്റാഗ്രാം മേധാവി ആദം മൊസേരിയാണ് റീലിന്റെ ദൈര്‍ഘ്യം വര്‍ധിപ്പിച്ച കാര്യം വ്യക്തമാക്കിയത്.
ഏതാനും മാസം മുമ്പാണ് യൂട്യൂബ് ഷോര്‍ട്ട് വീഡിയോ ദൈര്‍ഘ്യം മൂന്ന് മിനിറ്റായി വര്‍ധിപ്പിച്ചത്. ഇതിന്റെ ചുവടുപിടിച്ചാണ് ഇന്‍സ്റ്റഗ്രാമിന്റെയും നീക്കം. യുഎസില്‍ ടിക്ക്‌ടോക്ക് നേരിടുന്ന നിരോധന ഭീഷണിയും കണക്കിലെടുത്തുള്ള മത്സരബുദ്ധിയോടെയുള്ള നീക്കമാകാം ഇതെന്നും വിലയിരുത്തുന്നു.
ടിക് ടോക്കിനോടും, യൂട്യൂബിനോടും മത്സരിക്കാന്‍ ഇന്‍സ്റ്റഗ്രാം റീലുകളുടെ ദൈര്‍ഘ്യം വര്‍ധിപ്പിക്കുമെന്ന് നേരത്തെ തന്നെ റിപ്പോര്‍ട്ടുകള്‍ പ്രചരിച്ചിരുന്നു. എന്നാല്‍ അന്ന് കമ്പനി ഇക്കാര്യം സ്ഥിരീകരിച്ചിരുന്നില്ല. 10 മിനിറ്റ് വരെയാക്കി ദൈര്‍ഘ്യം വര്‍ധിപ്പിക്കുമെന്ന് അഭ്യൂഹമുണ്ടായിരുന്നെങ്കിലും, മൂന്ന് മിനിറ്റ് ദൈര്‍ഘ്യമാണ് കമ്പനി ഒടുവില്‍ തീരുമാനിച്ചിരിക്കുന്നത്.
“ഇനി നിങ്ങൾക്ക് മൂന്ന് മിനിറ്റ് വരെ ദൈർഘ്യമുള്ള റീലുകൾ ഇൻസ്റ്റാഗ്രാമിലേക്ക് അപ്‌ലോഡ് ചെയ്യാൻ കഴിയും. നേരത്തെ ഇത് 90 സെക്കന്‍ഡ് മാത്രമായിരുന്നു. കാരണം ഞങ്ങള്‍ ഹ്രസ്വ വീഡിയോകളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് ആഗ്രഹിച്ചിരുന്നത്. എന്നാല്‍ 90 സെക്കന്‍ഡ് വളരെ കുറഞ്ഞ സമയമാണെന്ന് ക്രിയേറ്റേഴ്‌സിന്റെ ഫീഡ്ബാക്ക് കിട്ടി. പരിധി മൂന്ന് മിനിറ്റാക്കി ഉയര്‍ത്തുന്നത് നിങ്ങള്‍ പങ്കിടാന്‍ ആഗ്രഹിക്കുന്ന കഥകള്‍ പറയാന്‍ സഹായകരമാകുമെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നു”-മൊസേരി പറഞ്ഞു.
View this post on Instagram
പുതിയ മാറ്റങ്ങളിലേക്ക്
ഇന്‍സ്റ്റഗ്രാം മറ്റ് ചില മാറ്റങ്ങളിലേക്കും കടക്കുകയാണെന്നാണ് റിപ്പോര്‍ട്ട്. ഇന്‍സ്റ്റഗ്രാമിന്റെ ‘ഐക്കണിക് സ്‌ക്വയർ പ്രൊഫൈൽ ഗ്രിഡു’കൾ ദീർഘചതുരാകൃതിയിലേക്ക് മാറുമെന്നാണ് റിപ്പോര്‍ട്ട്. അപ്ലോഡ് ചെയ്യുന്ന കണ്ടന്റുകള്‍ നിലവിലെ ആകൃതിയില്‍ അമിതമായി ക്രോപ്പ് ചെയ്യപ്പെടുന്നതിനാലാണ് ഇതിന് മാറ്റം വരുത്താന്‍ ഇന്‍സ്റ്റഗ്രാം തീരുമാനിച്ചതെന്നാണ് റിപ്പോര്‍ട്ട്.
യുഎസില്‍ ടിക്ക് ടോക്ക് നേരിടുന്ന നിരോധന ഭീഷണിയും, പുതിയ മാറ്റങ്ങളും നിരവധി പുതിയ ഉപയോക്താക്കളെ ലഭിക്കാന്‍ സഹായിക്കുമെന്നാണ് ഇന്‍സ്റ്റഗ്രാമിന്റെ പ്രതീക്ഷ.
റെഡ്‌നോട്ടും രക്ഷപ്പെട്ടു
ടിക് ടോക്ക് യുഎസില്‍ നേരിടുന്ന പ്രതിസന്ധി ചൈനീസ് കമ്പനിയായ റെഡ്‌നോട്ടിന് അനുഗ്രഹമായിരുന്നു. സമാന സാഹചര്യമാണ് ഇന്‍സ്റ്റഗ്രാമും പ്രതീക്ഷിക്കുന്നത്. നിരവധി പുതിയ ഉപയോക്താക്കളെയാണ് റെഡ്‌നോട്ടിന് അടുത്തിടെ ലഭിച്ചത്. ഇന്‍സ്റ്റഗ്രാമിന് ബദലായി ചൈനയില്‍ ഉപയോഗിക്കുന്ന റെഡ്‌നോട്ട് അവിടെ സിയാവോങ്ഷു എന്ന പേരിലാണ് അറിയപ്പെടുന്നത്.
യുഎസ് ഡൗണ്‍ലോഡ് റാങ്കിംഗില്‍ റെഡ്‌നോട്ട് അടുത്തിടെ മുന്നിലെത്തിയിരുന്നു. ഏഴ് ലക്ഷത്തിലധികം പുതിയ ഉപയോക്താക്കള്‍ റെഡ്‌നോട്ടിന് ലഭിച്ചതായാണ് റിപ്പോര്‍ട്ട്. കമ്പനിയുമായി അടുത്ത വൃത്തങ്ങള്‍ റോയിട്ടേഴ്‌സിനോടാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. യുഎസില്‍ റെഡ്‌നോട്ടിന്റെ ഡൗണ്‍ലോഡുകള്‍ മുന്‍വര്‍ഷത്തെ അപേക്ഷിച്ച് വന്‍തോതില്‍ വര്‍ധിച്ചിരുന്നു. ഏതാണ്ട് 200 ശതമാനം വര്‍ധനവാണ് രേഖപ്പെടുത്തിയതെന്ന് ആപ്പ് ഡാറ്റ ഗവേഷണ സ്ഥാപനമായ സെൻസർ ടവറിന്റെ കണക്കുകൾ വ്യക്തമാക്കുന്നു.