Tata Electronics Starts Exporting Chips: ടാറ്റാ ഇലക്ട്രോണിക്‌സിൻ്റെ സെമികണ്ടക്ടര്‍ ചിപ്പുകള്‍ ഇനി അന്താരാഷ്ട്ര മാര്‍ക്കറ്റിലേക്ക്: യൂറോപ്പിലും ജപ്പാനിലും യു.എസിലും ബിസിനസ് പങ്കാളികള്‍
ടാറ്റ ഇലക്ട്രോണിക്സ് ഉല്‍പ്പാദന ശേഷി വര്‍ദ്ധിപ്പിക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കുക മാത്രമല്ല, അന്താരാഷ്ട്ര പങ്കാളികളുടെ ശൃംഖല സജീവമായി വികസിപ്പിക്കുകയും ചെയ്യുന്നു.
ബംഗളുരു: ബംഗളുരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ടാറ്റാ ഇലക്ട്രോണിക്‌സിന്റെ സെമി കണ്ടക്ടക്ടര്‍ ചിപ്പുകള്‍ അന്താരാഷ്ട്ര വിപണിയിലും ഇനി ലഭ്യം. ജപ്പാന്‍ യു.എസ്., യൂറോപ്പ് എന്നിവിടങ്ങളിലാണ് കമ്പനിയുടെ ബിസിനസ് പങ്കാളികള്‍ ഉള്ളത്.
വളരെയധികം മത്സരം നിറഞ്ഞതാണ് സെമി കണ്ടക്ടര്‍ വിപണന രംഗം. ഇവിടേക്ക് ടാറ്റയിലൂടെ ഇന്ത്യയും പുതിയൊരു കാല്‍വെപ്പാണ് ഇതിലൂടെ നടത്തിയിരിക്കുന്നത്. രാജ്യത്തെ സാങ്കേതിക രംഗത്തെ സംബന്ധിച്ചിടത്തോളം ഏറെ പ്രതീക്ഷ തരുന്ന ഒരു ചുവടു വയ്പാണ് ഇത്.
നിലവില്‍ പൈലറ്റ് പ്രൊഡക്ഷനില്‍
പദ്ധതി നിലവില്‍ പൈലറ്റ് പ്രൊഡക്ഷന്‍ ( പ്രാരംഭ ഘട്ടത്തില്‍ അല്ലെങ്കില്‍ പരീക്ഷണ ഘട്ടത്തില്‍ എന്നും പറയാം) ഘട്ടത്തിലാണ്. ടാറ്റ ഇലക്ട്രോണിക്‌സ് റിസേര്‍ച്ച് ആന്‍ഡ് ഡെവലപ്‌മെന്റ് സെന്ററിന്റെ ബംഗളുരു കേന്ദ്രത്തിലാണ് ഇത് നടക്കുന്നത്.
പുതിയ രംഗത്തേക്കുള്ള കടന്നുവരവ് ആയതുകൊണ്ടു തന്നെ ആ മേഖലയില്‍ പേരെടുക്കാനും വിശ്വാസ്യത ഉറപ്പിക്കാനും സമയം ആവശ്യമാണ്. ആഗോള തലത്തിലുള്ള ബിസിനസ് പങ്കാളികള്‍ക്ക് ചിപ്പുകള്‍ അയച്ചു കൊടുത്തശേഷം അവരുടെ പ്രതികരണങ്ങള്‍ അറിയേണ്ടതുണ്ട്. അതിനു ശേഷം 2027-ല്‍ പൂര്‍ണമായുള്ള രീതിയില്‍ ഉത്പാദനം ആരംഭിക്കും.
ടാറ്റ ഇലക്ട്രോണിക്സ് ഉല്‍പ്പാദന ശേഷി വര്‍ദ്ധിപ്പിക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കുക മാത്രമല്ല, അന്താരാഷ്ട്ര പങ്കാളികളുടെ ശൃംഖല സജീവമായി വികസിപ്പിക്കുകയും ചെയ്യുന്നു.
വിവിധ ആഗോള വിപണികളില്‍ ചുവടുറപ്പിക്കുക എന്ന ലക്ഷ്യത്തോടെയുള്ളതാണ് ഈ വ്യാപനം, അര്‍ദ്ധചാലക മേഖലയിലെ പ്രധാനി ആയി ഉയര്‍ന്നു വരാനുള്ള ശ്രമങ്ങളുടെ ഭാഗമാണ് ഇതെല്ലാം എന്നാണ് പൊതുവേയുള്ള വിലയിരുത്തല്‍.
കൊമേര്‍ഷ്യല്‍ ഉത്പാദനത്തിലേക്കുള്ള പാതയില്‍
വിവിധ വലിപ്പത്തിലുള്ള സെമി കണ്ടക്ടര്‍ ചിപ്പുകള്‍ തയ്യാറാക്കുന്നതിന്റെ ഭാഗമായി അതിന്റെ ഡിസൈനുകള്‍ രൂപപ്പെടുത്തുന്നതിന്റെ അവസാന ഘട്ടത്തിലാണ് കമ്പനി. 28 എന്‍എം, 55 എന്‍.എം, 65 എന്‍.എം എന്നീ വലുപ്പങ്ങാളാണ് ഇപ്പോള്‍ പരിഗണനയില്‍ ഉള്ളത്. ചിപ്പ് ഉത്പാദനത്തിന്റെ അവസാന ഘട്ടമായ ടേപ്പ് ഔട്ട് എന്ന ഘട്ടത്തിലാണ് ഇപ്പോള്‍ സെമി കണ്ടക്ടര്‍ ഉള്ളത്.
തന്ത്രപരമായ പങ്കാളിത്തവും സര്‍ക്കാര്‍ സംരംഭങ്ങളും
ഈ വര്‍ഷം ആദ്യം, ടാറ്റ ഗ്രൂപ്പ്, തായ്വാനിലെ പവര്‍ചിപ്പ് സെമികണ്ടക്ടര്‍ മാനുഫാക്ചറിംഗ് കോര്‍പ്പറേഷന്റെ (പിഎസ്എംസി) പങ്കാളിത്തത്തോടെ ടാറ്റ ഒരു പുതു ചുലട് വച്ചിരുന്നു. ഗുജറാത്തിലെ ധോലേരയില്‍ രാജ്യത്തെ ആദ്യത്തെ അര്‍ദ്ധചാലക ഫാബ്രിക്കേഷന്‍ പ്ലാന്റ് സ്ഥാപിക്കുന്നതിന് ഇന്ത്യന്‍ സര്‍ക്കാരില്‍ നിന്ന് ടാറ്റ് അനുമതി നേടിക്കൊണ്ടാണ് ഈ ചുവട് വച്ചത്.
ഈ പ്ലാന്റിന് പ്രതിമാസം 50,000 വേഫറുകളുടെ ശേഷി ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. ഇത് ഇന്ത്യയുടെ അര്‍ദ്ധ ചാലക നിര്‍മ്മാണ ശേഷി ഗണ്യമായി ഉയര്‍ത്തുന്നതാണ്.
അര്‍ദ്ധചാലക ചിപ്പുകള്‍ വിതരണം ചെയ്യുന്നതിനായി ടാറ്റ ഇലക്ട്രോണിക്‌സ് ടെസ്ലയുമായി തന്ത്രപരമായ കരാറില്‍ ഒപ്പുവച്ചതാണ് മറ്റൊരു മുന്നേറ്റം. സെമിക്കണ്‍ ഇന്ത്യ പ്രോഗ്രാം, ഇന്ത്യ അര്‍ദ്ധചാലക മിഷന്‍ (ഐ എസ് എം) തുടങ്ങിയ സംരംഭങ്ങളുടെ പിന്തുണയോടെ ആഭ്യന്തര ചിപ്പ് ഉല്‍പ്പാദനം ഉത്തേജിപ്പിക്കുന്നതിനുള്ള ഇന്ത്യയുടെ വിപുലമായ നീക്കത്തിന്റെ ഭാഗമാണിത്.