Koo App Shutdown : ട്വിറ്ററിൻ്റെ കിളി പറത്താനെത്തിയ ഇന്ത്യൻ ആപ്പിൻ്റെ കിളി പോയി! കൂ ആപ്പ് പ്രവർത്തനം അവസാനിപ്പിച്ചു
Koo App Shutting Down Issue : എലോൺ മസ്കിൻ്റെ ഉടമസ്ഥയിലുള്ള എക്സിന് (നേരത്തെ ട്വിറ്റർ) ബദലായി ഇന്ത്യയിൽ അവതരിപ്പിച്ച സോഷ്യൽ മീഡിയ ആപ്ലിക്കേഷനായിരുന്നു കൂ. ഇന്ത്യക്ക് പുറമെ ദക്ഷിണാമേരിക്കൻ രാജ്യമായ ബ്രസീൽ ആഫ്രിക്കയിലെ നൈജീരിയയിലും ആപ്പിൻ്റെ പ്രവർത്തനം വ്യാപിപ്പിച്ചിരുന്നു.
മൈക്രോ ബ്ലോഗിങ് വെബ്സൈറ്റായ എക്സിന് (നേരത്തെ ട്വിറ്റർ) ബദലായി ഇന്ത്യയിൽ അവതരിപ്പിച്ച കൂ ആപ്പിൻ്റെ (Ko App) പ്രവർത്തനം അവസാനിപ്പിച്ചു. സാമ്പത്തികമായി പ്രതിസന്ധിയിലായിരുന്ന ആപ്ലിക്കേഷൻ്റെ പ്രവർത്തനം മറ്റ് കമ്പനികൾ ആരും ഏറ്റെടുക്കാൻ തയ്യാറാകാതെ വന്നതോടെയാണ് പൂർണ്ണമായും അവസാനിപ്പിക്കേണ്ടി വന്നതെന്ന് (Koo App Shutdown) ദി മോർണിങ് കോൺടെക്സ്റ്റ് റിപ്പോർട്ട് ചെയ്യുന്നു. ആപ്പിൻ്റെ പ്രവർത്തനം ഏറ്റെടുക്കാനുള്ള ചർച്ച ഓൺലൈൻ മാധ്യമ കമ്പനിയായ ഡെയ്ലി ഹണ്ടുമായി ചർച്ച നടന്നിരുന്നു. എന്നാൽ ആ ചർച്ച പരാജയപ്പെട്ടതോടെയാണ് ഇന്ത്യയിൽ തദ്ദേശിയമായ രൂപപ്പെടുത്തിയ ആപ്ലിക്കേഷൻ്റെ പ്രവർത്തനം അവസാനിപ്പിക്കേണ്ടി വന്നതെന്ന് ദി മോർണിങ് കോൺടെക്സ്റ്റ് തങ്ങളുടെ വൃത്തത്തെ ഉദ്ദരിച്ചുകൊണ്ട് റിപ്പോർട്ട് ചെയ്യുന്നു.
ഇന്ത്യയിൽ തദ്ദേശിയമായി വികസിപ്പിച്ചെടുത്ത ആപ്ലിക്കേഷന് കേന്ദ്രമന്ത്രിമാരുടെയും നടി നടന്‍മാരുടെ പിന്തുണയിൽ വലിയതോതിൽ പ്രചാരം ലഭിച്ചിരുന്നു. കർഷക സമരത്തിനിടെ ചർച്ചയായ ടൂൾ കിറ്റ് വിവാദത്തിൽ ട്വിറ്ററുമായി കേന്ദ്ര സർക്കാർ ഉടക്കിയതോടെയാണ് കൂ ആപ്പിന് ഇന്ത്യ സോഷ്യൽ മീഡിയ മാർക്കറ്റിൽ സ്ഥാനം ലഭിച്ച് തുടങ്ങിയത്. പിന്നാലെ ആത്മനിർഭ ഭാരതിൻ്റെ ഭാഗമായി കേന്ദ്രത്തിൽ നിന്നുള്ള പിന്തുണയും കൂ ആപ്പിന് ലഭിച്ചിരുന്നു. ആദ്യഘട്ടത്തിൽ തന്നെ ഇന്ത്യയിൽ കൂടുതൽ പ്രചാരം ലഭിച്ചതോടെ കൂ ആപ്പിൻ്റെ പ്രവർത്തനം ബ്രസീലിലേക്കും നൈജീരിയയിലേക്കും വ്യാപിപ്പിച്ചിരുന്നു.
2020ൽ അപ്രമേയ രാധാകൃഷ്ണനും മായങ്ക് ബിദവട്കയും ചേർന്നാണ് കൂ ആപ്പിന് രൂപം നൽകിയത്. ആപ്പ് അവതരിപ്പിച്ച് ചുരുങ്ങിയ സമയം കൊണ്ട് ആറ് കോടിയിൽ അധികം ഉപയോക്താക്കളെ കൂവിന് ലഭിച്ചിരുന്നു. ഒരു ഘട്ടത്തിൽ ഈ എണ്ണം ഇന്ത്യയിലെ ആകെയുള്ള എക്സ് ഉപയോക്താക്കളെ മലർത്തിയടിക്കുമോയെന്ന സംശയം പോലും ഉടലെടുത്തൂ. പത്ത് ഭാഷകളിലായിട്ടാണ് ആദ്യ ഇന്ത്യൻ മൈക്രോ ബ്ലോഗിങ് വെബ്സൈറ്റ് അവതരിപ്പിക്കുന്നത്. 2020ൽ കേന്ദ്ര സർക്കാരിൻ്റെ ആത്മനിർഭർ ആപ്പ് ചലഞ്ച് പുരസ്കാരം കൂ ആപ്പിന് ലഭിച്ചിരുന്നു.
2021ൽ 4.1 മില്യൺ യു.എസ് ഡോളർ നിക്ഷേപം കമ്പനിക്ക് ആദ്യം നേടാനായി. പിന്നീട് അത് 31 മില്യൺ ഡോളാറായും 2022ൽ അത് 57 മില്യൺ ഡോളറാക്കി കൊണ്ട് കൂ ഉയർത്തി. ആ സമയത്ത് കൂ എക്കാലത്തെയും ഉയർന്ന ആക്ടീവ് യൂസേഴ്സിനെ നേടിയെടുക്കാൻ സാധിച്ചിരുന്നു. 90 ലക്ഷം ആക്ടീവ് യൂസേഴ്സായിരുന്നു 2022 ജൂലൈയിൽ കൂ ആപ്പിനുണ്ടായിരുന്നത്. എന്നാൽ പിന്നീട് ഇന്ത്യൻ മൈക്രോ ബ്ലോഗിങ് ആപ്പിന് തങ്ങളുടെ ഉപയോക്താക്കളെ നിലനിർത്താൻ സാധിച്ചില്ല. ഇത് കമ്പനിയുടെ പ്രവർത്തനത്തിനായിട്ടുള്ള നിക്ഷേപം കണ്ടെത്തുന്നതിനെ ബാധിക്കുകയും ചെയ്തു. ഈ കഴിഞ്ഞ ഏപ്രിലിൽ കൂവിൻ്റെ നിർമാതാക്കൾ സ്വന്തം കൈയ്യിൽ നിന്നും പണമെടുത്താണ് ആപ്പിലെ ജീവനക്കാർക്ക് ശമ്പളം നൽകിയതെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.