Huawei Tri-Fold: മൂന്ന് മടക്കിൽ സാധനം പോക്കറ്റിലാകും….; ആപ്പിളിന് മുട്ടുകുത്തിക്കാൻ ഇതാ വാവെയ് ട്രൈ-ഫോൾഡ്
Huawei Tri-Fold Smartphone: ആപ്പിൾ ഐഫോൺ 16 സിരീസ് അവതരിപ്പിച്ച് ചുരുക്കം മണിക്കൂറുകൾക്ക് ശേഷമാണ് വാവെയ് മേറ്റ് എക്‌സ്‌ടി പുറത്തിറക്കിയതെന്നത് ശ്രദ്ധേയമാണ്. എന്നാൽ ആപ്പിളിന് വെല്ലുവിളിയായാണ് വാവെയുടെ പുതിയ ട്രിപ്പിൾ സ്ക്രീൻ അവതരിപ്പിച്ചിരിക്കുന്നത്.
സ്മാർട്ട്ഫോൺ വിപണിയിൽ കോളിളക്കം സൃഷ്ടിക്കാൻ ആപ്പിളും വാവെയ്‌യും. ഒരേദിനം പുത്തൻ മോഡലുകൾ അവതരിപ്പിച്ചിരിക്കുകയാണ് അമേരിക്കൻ കമ്പനിയായ ആപ്പിളും ചൈനീസ് ബ്രാൻഡായ വാവെയ്‌യും. ആപ്പിൾ ഐഫോൺ 16 സിരീസ് പുറത്തിറക്കിയ അതേ ദിവസം തന്നെ വാവെയ് സ്‌മാർട്ട്ഫോൺ ചരിത്രത്തിലെ ആദ്യ ട്രിപ്പിൾ സ്ക്രീൻ (Tri-Fold Smartphone) ഫോൾഡബിളുമായി (Huawei Mate XT Ultimate ) രംഗത്തെത്തിയിരിക്കുന്നത്. എന്നാൽ റിലീസിന് മുമ്പ് തന്നെ വൻ പ്രീ-ബുക്കിംഗ് ആണ് വാവെയ് മേറ്റ് എക്‌സ്‌ടി അൾട്ടിമേറ്റിന് ലഭിച്ചിരിക്കുന്നത്.
ആപ്പിൾ ഐഫോൺ 16 സിരീസ് അവതരിപ്പിച്ച് ചുരുക്കം മണിക്കൂറുകൾക്ക് ശേഷമാണ് വാവെയ് മേറ്റ് എക്‌സ്‌ടി പുറത്തിറക്കിയതെന്നത് ശ്രദ്ധേയമാണ്. എന്നാൽ ആപ്പിളിന് വെല്ലുവിളിയായാണ് വാവെയുടെ പുതിയ ട്രിപ്പിൾ സ്ക്രീൻ അവതരിപ്പിച്ചിരിക്കുന്നത്. എന്നാൽ ഐഫോൺ 16 മോഡലുകളെക്കാൾ ഉയർന്ന വിലയാണ് വാവെയ് മേറ്റ് എക്‌സ്‌ടിക്കുള്ളത്. അതേസമയം, ശനിയാഴ്‌ച ബുക്കിംഗ് ആരംഭിച്ച് വെറും മൂന്ന് ദിവസംകൊണ്ട് തന്നെ 40 ലക്ഷത്തിലേറെ പ്രീ-ബുക്കിങ്ങാണ് ഇതിന് ലഭിച്ചത്.
വാവെയ് മേറ്റ് എക്‌സ്‌ടിയുടെ അടിസ്ഥാന വില ആരംഭിക്കുന്നത് 19,999 യുവാനിലാണ് (2,35,109.78 ഇന്ത്യൻ രൂപ). അതേസമയം ഐഫോൺ 16 സിരീസിലെ ഏറ്റവും മുന്തിയ സ്ഥാനക്കാരനായ ഐഫോൺ 16 പ്രോ മാക്‌സ് 1 ടിബി വേരിയൻറിൻറെ വില 1,84,900 രൂപയാണ്. എന്നാൽ വിലകൂടിയതിൽ വാവെയ് മേറ്റ് എക്‌സ്‌ടിക്ക് മാത്രം അവകാശപ്പെടാവുന്ന ചില പ്രത്യേകതകളുണ്ട്.
ALSO READ: ഐഫോൺ 16 ഇറങ്ങിയതോടെ ഐഫോൺ 15 വാങ്ങിയവർക്ക് റീഫണ്ട്; വിശദാംശങ്ങളറിയാം
ചുവപ്പ്, കറുപ്പ് നിറങ്ങളിലാണ് വാവെയ് മേറ്റ് എക്‌സ്‌ടിയുടെ ട്രൈ ഫോൾഡ് വേരിയൻറുകൾ ലഭ്യമാകുന്നത്. മൂന്ന് സ്ക്രീനുകളുള്ള മടക്കിവെക്കാവുന്ന ഈ ഫോൺ അഞ്ച് വർഷം നീണ്ട പ്രയത്നത്തിനൊടുവിലാണ് പുറത്തിറക്കാനായത് എന്ന് വാവെയ് കൺസ്യൂമർ ബിസിനസ് ചെയർമാൻ പറയുന്നു. ഏറ്റവും വലുതും കനംകുറഞ്ഞതുമായ ഫോൾഡബിൾ സ്‌മാർട്ട്ഫോൺ എന്ന വിശേഷണവും വാവെയ് മേറ്റ് എക്‌സ്‌ടി അവകാശപ്പെടുന്നു. ലോകത്തെ ആദ്യ ട്രിപ്പിൾ ഫോൾഡ് ഫോൾഡബിൾ എന്ന വിശേഷണത്തിന് പുറമെയാണ് ഈ വിശേഷണം.
മേറ്റ് എക്‌സ്‌ടിയുടെ പ്രത്യേകതകൾ
50 എംപി പ്രധാന ക്യാമറ, 12 എംപി ആൾട്രാ-വൈഡ്-ആംഗിൾ ലെൻസ്, 5.5x ഒപ്റ്റിക്കൽ സൂമോടെ 12 എംപി ടെലിഫോട്ടോ ലെൻസ്, 8 എംപി സെൽഫി ക്യാമറ എന്നിവയാണ് മേറ്റ് എക്‌സ്‌ടിയിലുള്ളത്. പൂർണമായും തുറന്നുവെക്കുമ്പോൾ 3.6 എംഎം മാത്രമാണ് കനം വരിക എങ്കിലും 5600 എംഎഎച്ചിൻറെ സിലികോൺ കാർബൺ ബാറ്ററി മികച്ച ചാർജ് ഈ ഫോൺ ഉറപ്പുനൽകുന്നു.
വാവെയ് മേറ്റ് എക്‌സ്‌ടിയിൽ ലോകത്തെ ഏറ്റവും കനംകുറഞ്ഞ സ്മാർട്ട്ഫോൺ ബാറ്ററിയാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. 66 വാട്ട്‌സ് ഫാസ്റ്റ് വയേർഡ് ചാർജറും 50 വാട്ട്‌സ് വയർലെസ് ചാർജറും ഫോണിനുണ്ട്. യുഎസ് നിരോധനം ഉള്ളതിനാൽ സ്വന്തം ചിപ്‌സെറ്റിലാണ് മേറ്റ് എക്‌സ്‌ടിയെയും വാവെയ് അവതരിപ്പിച്ചിരിക്കുന്നത്.