RedNote : ‘ടിക്‌ടോക്കിന് പ്രാണവേദന, റെഡ്‌നോട്ടിന് വീണവായന’; ഒറ്റയടിക്ക് ചൈനീസ് കമ്പനിക്ക് യുഎസില്‍ കിട്ടിയത് നിരവധി ഉപയോക്താക്കളെ
TikTok and RedNote : 700,000ത്തിലധികം പുതിയ ഉപയോക്താക്കള്‍ റെഡ്‌നോട്ടിന് ലഭിച്ചതായി കമ്പനിയുമായി അടുത്ത വൃത്തങ്ങള്‍ പ്രതികരിച്ചു. യുഎസില്‍ റെഡ്‌നോട്ടിന്റെ ഡൗണ്‍ലോഡുകള്‍ മുന്‍വര്‍ഷത്തെ അപേക്ഷിച്ച് ഈയാഴ്ച 200 ശതമാനം വര്‍ധിച്ചതായി ആപ്പ് ഡാറ്റ ഗവേഷണ സ്ഥാപനമായ സെൻസർ ടവറിന്റെ കണക്കുകൾ
യുഎസില്‍ ടിക് ടോക്കിന് നിരോധനം ഏര്‍പ്പെടുത്തിയേക്കുമെന്ന റിപ്പോര്‍ട്ടുകള്‍ അനുഗ്രഹമായത് മറ്റൊരു ചൈനീസ് കമ്പനിയായ റെഡ്‌നോട്ടിന്. നിരവധി ഉപയോക്താക്കളെ പുതിയതായി റെഡ്‌നോട്ടിന് ലഭിക്കുന്നുവെന്നാണ് റിപ്പോര്‍ട്ട്. തിങ്കളാഴ്ച ‘ടിക്‌ടോക്ക് റെഫ്യൂജിസ്’ എന്ന പേരില്‍ നടന്ന ഒരു ലൈവ് ചാറ്റില്‍, അമ്പതിനായിരത്തിലധികം യുഎസ്, ചൈനീസ് ഉപയോക്താക്കള്‍ ഭാഗമായതായാണ് റിപ്പോര്‍ട്ട്. ചൈനയില്‍ സിയാവോങ്ഷു എന്ന പേരിലാണ് റെഡ്‌നോട്ട് അറിയപ്പെടുന്നത്. ഇന്‍സ്റ്റഗ്രാമിന് ബദലായി ചൈനയില്‍ ഉപയോഗിക്കുന്ന ആപ്ലിക്കേഷനാണിത്. ഈയാഴ്ച യുഎസ് ഡൗണ്‍ലോഡ് റാങ്കിംഗില്‍ റെഡ്‌നോട്ട് മുന്നിലെത്തിയിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. ടിക്‌ടോക്കിന് നിരോധനം വന്നാല്‍ ഉപയോക്താക്കള്‍ ബദലായി റെഡ്‌നോട്ടിനെ കാണുന്നുവെന്ന് ഈ കണക്കുകള്‍ സൂചിപ്പിക്കുന്നു.
700,000-ത്തിലധികം പുതിയ ഉപയോക്താക്കള്‍ റെഡ്‌നോട്ടിന് ലഭിച്ചതായി കമ്പനിയുമായി അടുത്ത വൃത്തങ്ങള്‍ റോയിട്ടേഴ്‌സിനോട് പ്രതികരിച്ചു. യുഎസില്‍ റെഡ്‌നോട്ടിന്റെ ഡൗണ്‍ലോഡുകള്‍ മുന്‍വര്‍ഷത്തെ അപേക്ഷിച്ച് ഈയാഴ്ച 200 ശതമാനം വര്‍ധിച്ചതായി ആപ്പ് ഡാറ്റ ഗവേഷണ സ്ഥാപനമായ സെൻസർ ടവറിന്റെ കണക്കുകൾ വ്യക്തമാക്കുന്നു. സെന്‍സര്‍ ടവറിന്റെ കണക്കുകള്‍ പ്രകാരം കഴിഞ്ഞ ആഴ്ചയേക്കാള്‍ 194 ശതമാനമാണ് വര്‍ധിച്ചത്.
ബൈറ്റ്ഡാൻസിന്റെ ഉടമസ്ഥതയിലുള്ള മറ്റൊരു സോഷ്യൽ മീഡിയ ആപ്ലിക്കേഷനായ ലെമൺ8-നും നിരവധി ഉപയോക്താക്കളെ പുതിയതായി ലഭിച്ചിരുന്നു. ഡിസംബറില്‍ ഡൗണ്‍ലോഡുകള്‍ 190 ശതമാനം വര്‍ധിച്ചെന്നാണ് റിപ്പോര്‍ട്ട്. ഇംഗ്ലീഷ് ഭാഷാ ഉള്ളടക്കം മോഡറേറ്റ് ചെയ്യുന്നതിനും, ഇംഗ്ലീഷ്-ചൈനീസ് വിവര്‍ത്തന ടൂളുകള്‍ നിര്‍മ്മിക്കുന്നതിനും വേണ്ടിയുള്ള ശ്രമകരമായ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുവെന്ന് കമ്പനിയുമായി അടുത്ത വൃത്തങ്ങള്‍ റോയിട്ടേഴ്‌സിനോട് പറഞ്ഞു.
Read Also : യൂട്യൂബ് പ്രീമിയം രണ്ട് വര്‍ഷത്തേക്ക് സൗജന്യം; വമ്പന്‍ ഓഫറുമായി ജിയോ; പ്ലാനുകള്‍ ഇങ്ങനെ
റെഡ്‌നോട്ടിന് നിലവില്‍ ഒരു പതിപ്പ് മാത്രമേയുള്ളൂ. വിദേശ, ആഭ്യന്തര ആപ്ലിക്കേഷനുകള്‍ എന്ന നിലയില്‍ വിവിധ പതിപ്പുകള്‍ പുറത്തിറക്കിയിട്ടില്ല. ചൈനീസ് സോഷ്യല്‍ മീഡിയ ആപ്ലിക്കേഷനെ സംബന്ധിച്ച് ഒറ്റ പതിപ്പായി നിലനില്‍ക്കുന്നത് അപൂര്‍വുമാണ്. എന്നാല്‍ ടിക് ടോക്കിനെ പോലെ ആഗോള പ്രശസ്തി നേടുന്നതിനുള്ള സാധ്യതയായാണ് നിലവിലെ സാഹചര്യങ്ങളെ കമ്പനി കാണുന്നതെന്നാണ് റിപ്പോര്‍ട്ട്.
17 ബില്യണ്‍ ഡോളറിന്റെ മൂല്യമുള്ള സ്റ്റാര്‍ട്ടപ്പായ റെഡ്‌നോട്ടില്‍, മറ്റ് സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളിലെ പോലെ ഫോട്ടോകള്‍, വീഡിയോകള്‍ തുടങ്ങിയവ പങ്കുവയ്ക്കാനാകും. ചൈനയില്‍ ഒരു സാധ്യതയുള്ള ഐപിഒ ആയാണ് റെഡ്‌നോട്ടിനെ വിലയിരുത്തുന്നത്. റെഡ്‌നോട്ടുമായി ബിസിനസ് ഇടപാടുകളുള്ള ഹാങ്ഷൗ വണ്‍ചാന്‍സ് ടെക് കോര്‍പ്പ് പോലുള്ള ചൈന ലിസ്റ്റഡ് കമ്പനികളുടെ ഓഹരി വില ചൊവ്വാഴ്ച 20 ശതമാനം വരെ ഉയര്‍ന്നിരുന്നു.
യുഎസിലെ നിരോധനം
സുരക്ഷാ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് യുഎസില്‍ ടിക്‌ടോക്ക് നിരോധിക്കാനൊരുങ്ങുന്നത്. ടിക്‌ടോക്കിന് യുഎസില്‍ പ്രവര്‍ത്തനം തുടരണമെങ്കില്‍, ഉടമസ്ഥരായ ബൈറ്റ്ഡാന്‍സ് യുഎസിലെ ടിക്‌ടോക്ക് വില്‍ക്കേണ്ടി വരും. അല്ലെങ്കില്‍ സേവനം അവസാനിപ്പിക്കണം. നിലവില്‍ ഏകദേശം 170 മില്യണ്‍ പേരാണ് യുഎസില്‍ ടിക്‌ടോക്ക് ഉപയോഗിക്കുന്നത്. നേരത്തെ ഇന്ത്യയും ടിക്‌ടോക്ക് നിരോധിച്ചിരുന്നു.
നിരോധനവുമായി ബന്ധപ്പെട്ടുള്ള നിയമനിര്‍മ്മാണം വരുന്നതിന് മുമ്പ് വില്‍പനയ്ക്കായി പല മാര്‍ഗങ്ങളും തേടുകയാണ് ബൈറ്റ്ഡാന്‍സ്. ഇലോണ്‍ മസ്‌കിന് ടിക്‌ടോക്ക് വില്‍ക്കുന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ പരിഗണനയിലുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.