Honor GT Pro: ഏറ്റവും നൂതന ചിപ്സെറ്റ്; വമ്പൻ ബാറ്ററി: ഹോണർ ജിടി പ്രോ അവതരിപ്പിച്ചു
Honor GT Pro Introduced In China: ഹോണർ ജിടി പ്രോ ചൈനീസ് മാർക്കറ്റിൽ അവതരിപ്പിച്ചു. ഏറ്റവും നൂതന ചിപ്സെറ്റും 7200 എംഎഎച്ചിൻ്റെ വമ്പൻ ബാറ്ററിയുമാണ് ഫോണിൻ്റെ പ്രത്യേകതകൾ. തകർപ്പൻ ബാറ്ററിയും ഫോണിലുണ്ട്.

ഏറ്റവും നൂതന ചിപ്സെറ്റും വമ്പൻ ബാറ്ററിയുമായി ഹോണർ ജിടി പ്രോ അവതരിപ്പിച്ചു. ചൈനീസ് വിപണിയിൽ ഈ മാസം 23നാണ് ഫോൺ അവതരിപ്പിച്ചത്. സ്നാപ്ഡ്രാഗൺ 8 എലീറ്റ് ചിപ്സെറ്റിൽ പ്രവർത്തിക്കുന്ന ഫോണിൽ 7,200 എംഎഎച്ചിൻ്റെ വമ്പൻ ബാറ്ററിയാണുള്ളത്. ട്രിപ്പിൾ റിയർ ക്യാമറ യൂണിറ്റടക്കം തകർപ്പൻ ഫീച്ചറുകളാണ് ഫോണിലുള്ളത്. 16 ജിബി വരെയാണ് ഫോണിലെ റാം. വൺ ടിബി വരെ ഇൻ്റേണൽ മെമ്മറി.
12 ജിബി റാം + 256 ജിബി ഇൻ്റേണൽ മെമ്മറിയുടെ ബേസിക് വേരിയൻ്റിന് ചൈനയിൽ വില ഇന്ത്യൻ കറൻസിയിൽ ഏകദേശം 43,000 രൂപയാണ്. 12 ജിബി + 512 ജിബി വേരിയൻ്റിന് 46,000 രൂപയും 16 ജിബി+512 ജിബി വേരിയൻ്റിന് 50,000 രൂപയയും നൽകണം. 16 ജിബി റാം + 1 ടിബി ഇൻ്റേണൽ മെമ്മറി ടോപ്പ് വേരിയൻ്റിന് വില 56,000 രൂപയാണ്. മൂന്ന് നിറങ്ങളിലാണ് ഫോൺ ലഭ്യമായിട്ടുള്ളത്. ബേണിംഗ് സ്പീഡ് ഗോൾഡ്, ഐസ് ക്രിസ്റ്റൽ, ഫാൻ്റം ബ്ലാക്ക് എന്നീ നിറങ്ങളാണ് ഇവ.
ആൻഡ്രോയ്ഡ് 15 അടിസ്ഥാനമാക്കിയുള്ള കമ്പനി സ്കിൻ മാജിക്ഒഎസ് 9ലാണ് ഫോൺ പ്രവർത്തിക്കുക. 6.78 ഇഞ്ച് ആണ് ഡിസ്പ്ലേ. ഒയേസിസ് പോളറൈസ്ഡ് ഐ പ്രൊട്ടക്ഷൻ ഗേമിങ് സ്ക്രീൻ ആണ് ഫോണിൽ. ഒക്ട കോർ സ്നാപ്ഡ്രാഗൺ എലീറ്റ് ചിപ്സെറ്റാണ് ഫോണിൽ ഉപയോഗിച്ചിരിക്കുന്നത്. 50 മെഗാപിക്സലിൻ്റെ വൈഡ് ആംഗിൾ ആണ് റിയർ എൻഡിലെ പ്രധാന ക്യാമറ. 50 മെഗാപിക്സൽ അൾട്രവൈഡ്, 50 മെഗാപിക്സൽ ടെലിഫോട്ടോ സെൻസറും ക്യാമറ മോഡ്യൂളിൽ ഉണ്ട്. ടെലിഫോട്ടോ സെൻസറിൽ 3x ഒപ്ടിക്കൽ സൂമും 50x ഡിജിറ്റൽ സൂമും ടെലിഫോട്ടോ സെൻസറിൽ ഉണ്ട്. 50 മെഗാപിക്സലിൻ്റേതാണ് സെൽഫി ക്യാമറ.