Google Map : പുതിയ ലുക്കിൽ ഗൂഗിൾ മാപ്പ്; ആൻഡ്രോയ്ഡ് ഫോണുകളിൽ അപ്ഡേറ്റ് ലഭ്യമായിത്തുടങ്ങി
Google Map New Update : യുഐയിൽ അടക്കം മാറ്റങ്ങളുമായി ഗൂഗിൾ മാപ്പിൻ്റെ പുതിയ അപ്ഡേറ്റ് ആൻഡ്രോയ്ഡ് ഫോണുകളിൽ ലഭ്യമായിത്തുടങ്ങി. പുതിയ അപ്ഡേറ്റിൽ എഡ്ജ് ടു എഡ്ജ് ലേഔട്ട് മാറി റൗണ്ടഡ് കോർണറുകളിലേക്ക് ഗൂഗിൾ മാപ്പ്സ് മാറിയിട്ടുണ്ട്.
ഗൂഗിൾ മാപ്പിൻ്റെ ഏറ്റവും പുതിയ അപ്ഡേറ്റ് ആൻഡ്രോയ്ഡ് ഫോണുകളിൽ ലഭ്യമായിത്തുടങ്ങി. യുഐയിൽ അടക്കം മാറ്റങ്ങളുമായാണ് ഗൂഗിൾ മാപ്പിൻ്റെ പുതിയ അപ്ഡേറ്റ് എത്തുന്നത്. മാപ്പിന് താഴെയുള്ള നീളൻ മെനുവിനെ ഒതുക്കി ഒരു വൃത്തത്തിലാക്കി എന്നതാണ് ഏറ്റവും വലിയ മാറ്റം. ഡയറക്ഷൻസ് ആൻഡ് നാവിഗേഷൻ പേജിലും മാറ്റങ്ങളുണ്ട്. മുകളിൽ കാണിച്ചിരിക്കുന്ന പല വിവരങ്ങളും ഇപ്പോൾ മാപ്പിൻ്റെ താഴെയാണ്.
ഇക്കഴിഞ്ഞ ഫെബ്രുവരിയിലാണ് ഗൂഗിൾ മാപ്പിലെ ഈ മാറ്റങ്ങൾ ആദ്യമായി കണ്ടുതുടങ്ങിയത്. അന്ന് മുതൽ തന്നെ പുതിയ അപ്ഡേറ്റ് ഉടനെത്തുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ, അഞ്ച് മാസങ്ങൾക്ക് ശേഷമാണ് പുതിയ അപ്ഡേറ്റ് വ്യാപകമായി ലഭ്യമായിത്തുടങ്ങിയത്. പുതിയ അപ്ഡേറ്റ് വളരെ ഒതുക്കമുള്ളതാണ്. മുകളിലെ സെർച്ച് ബാറും ഡെസ്റ്റിനേഷൻ ടൈപ്പ് ചെയ്യാനുള്ള ബോക്സുകളും മറ്റും ചെറുതാക്കിയിട്ടുണ്ട്. ഇവിടെ എഡ്ജ് ടു എഡ്ജ് ലേഔട്ട് മാറി റൗണ്ടഡ് കോർണറുകളാണ് പുതിയ അപ്ഡേറ്റിലുള്ളത്.
നേരത്തെ മുകളിലുണ്ടായിരുന്ന പലതും ഇപ്പോൾ താഴേക്ക് മാറി. ലൊക്കേഷൻ വിവരങ്ങളും നാവിഗേഷൻ ഓപ്ഷനുകളും ഇപ്പോൾ താഴെയാണ്. രണ്ട് സ്ഥലങ്ങൾ തമ്മിലുള്ള ദൂരവും എത്തിച്ചേരാനെടുക്കുന്ന സമയവുമൊക്കെ ഇപ്പോൾ താഴെയാണ്. ഇതും എഡ്ജ് ടു എഡ്ജ് അല്ല. ലൊക്കേഷൻ വിവരങ്ങളുടെ പേജിൽ ഒരു ഷെയർ ബട്ടണുണ്ട്. ഇതിലൂടെ ഈ ലൊക്കേഷൻ വേഗത്തിൽ ഷെയർ ചെയ്യാനും പുതിയ അപ്ഡേറ്റിൽ സാധിക്കും.
ഓൺലൈൻ ടാക്‌സി സേവന ദാതാക്കളായ ഒല ഗൂഗിൾ മാപ്പിന് പകരം സ്വന്തം മാപ്പ് രൂപകല്പന ചെയ്തിരുന്നു. ഒല കാബ്‌സ് ആപ്പിൽ നിന്ന് ഗൂഗിൾ മാപ്പ്‌സ് സേവനം ഒഴിവാക്കുകയാണെന്ന് ഒല സ്ഥാപകൻ ഭവിഷ് അഗർവാൾ എക്സിലൂടെ പറഞ്ഞു. പകരം ഒല തന്നെ വികസിപ്പിച്ച ഒല മാപ്പ്‌സ് സേവനമാവും ഇനി ഉപയോഗിക്കുക.
Also Read : Ola Maps: ഗൂഗിൾ മാപ്പിൻ്റെ ആവശ്യമില്ല…; വഴികാട്ടാൻ ഒലക്ക് ഇനി സ്വന്തം മാപ്പ്
ഗൂഗിൾ മാപ്പ് സേവനം ഉൾപ്പെടുത്തുന്നതിനായി കമ്പനി 100 കോടി ഡോളറാണ് ഒരു വർഷം ചെലവാക്കിക്കൊണ്ടിരുന്നതെന്നും ഒല മാപ്പ്‌സിലേക്ക് മാറാനുള്ള തീരുമാനത്തിലൂടെ ആ ചിലവ് ഇല്ലാതാക്കിയതായും ഭവിഷ് അഗർവാൾ വ്യക്തമാക്കി. സ്ട്രീറ്റ് വ്യൂ, ന്യൂറൽ റേഡിയൻസ് ഫീൽഡ്‌സ്, ഇൻഡോർ ഇമേജസ്, 3ഡി മാപ്പ്‌സ്, ഡ്രോൺ മാപ്‌സ് ഉൾപ്പടെ നിരവധി പുതിയ ഫീച്ചറുകൾ ഉടൻ തന്നെ ഒല കാബ്‌സിലെത്തുമെന്നും ഭവിഷ് അഗർവാൾ കൂട്ടിച്ചേർത്തു.
2021 ഒക്ടോബറിലാണ് പുനെയിൽ പ്രവർത്തിക്കുന്ന ജിയോ സ്‌പേഷ്യൽ കമ്പനിയായ ജിയോസ്‌പോക്കിനെ ഒല ഏറ്റെടുക്കുന്നത്. ഒല കാബ്‌സ് ആപ്പിനെ കൂടാതെ ഒലയുടെ ഇലക്ട്രിക് സ്‌കൂട്ടറുകളിലും സോഫ്റ്റ്‌വെയർ അപ്‌ഡേറ്റിലൂടെ ഒല മാപ്പ്‌സ് സേവനം എത്തുന്നതാണ്.
കഴിഞ്ഞ മേയിൽ ക്ലൗഡ് സേവനദാതാവായ മൈക്രോസോഫ്റ്റ് എഷ്വറുമായുള്ള സഹകരണവും ഒല വേണ്ടെന്നുവച്ചിരുന്നു. പകരം ഒലയുടെ തന്നെ എഐ സ്ഥാപനമായ കൃത്രിമിന്റെ (Krturim) സെർവറുകളിലേക്ക് ഒല ഗ്രൂപ്പിൻ്റെ സേവനങ്ങളുടെയെല്ലാം പ്രവർത്തനം മാറ്റുകയായിരുന്നു. 100 കോടിയുടെ നഷ്ടമാണ് ഇതുവഴി മൈക്രോസോഫ്റ്റിനുണ്ടായത് എന്നാണ് പുറത്തുവന്നറിപ്പോർട്ടുകൾ.