Google AI Glasses: എഐ കണ്ണട അവതരിപ്പിച്ച് ഗൂഗിൾ: ഒപ്പം ജെമിനി ഫീച്ചറുകളും
Google AI Glasses With Gemini: എഐ ഗ്ലാസ് അവതരിപ്പിച്ച് ഗൂഗിൾ. ജെമിനി ഫീച്ചറുകൾ ഉൾപ്പെടെ വിവിധ സൗകര്യങ്ങൾ അടങ്ങുന്നതാണ് പുതിയ എഐ ഗ്ലാസ്.

ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് പിന്തുണയുള്ള കണ്ണട അവതരിപ്പിച്ച് ഗൂഗിൾ. ജെമിനി 2.5 മോഡലിൻ്റെ ഫീച്ചറുകൾ ഉൾക്കൊള്ളുന്നതാണ് ഗൂഗിളിൻ്റെ എഐ കണ്ണട. ടെഡ്ടോക്കിന് നൽകിയ ലൈവ് ഡെമോയിൽ ഗൂഗിൾ ഈ കണ്ണട അവതരിപ്പിച്ചു. ഏറെ വൈകാതെ തന്നെ കണ്ണട വിപണിയിലെത്തുമെന്നാണ് സൂചന.
ഗൂഗിൾ ആൻഡ്രോയ്ഡ് എക്സ്ആർ ജനറൽ മാനേജറും വൈസ് പ്രസിഡൻ്റുമായ ഷഹ്റാം ഇസാദിയാണ് കണ്ണട അവതരിപ്പിച്ചത്. ടെഡ്ടോക്കിലെ അവതരണത്തിൽ കമ്പനിയുടെ പുതിയ പ്രൊഡക്ടുകളിൽ ഉൾപ്പെടുന്നതാണ് എഐ ഗ്ലാസ് എന്ന് അദ്ദേഹം അറിയിച്ചു. ടൂ വേ റിയൽ ടൈം വോയിസ് കോൺവർസേഷൻ ഫീച്ചറും ജെമിനി ലൈവും അടക്കമുള്ള നൂതന സാങ്കേതികവിദ്യകൾ അടങ്ങിയതാണ് ഗൂഗിൾ എഐ ഗ്ലാസ്. 2013ൽ നിർമ്മാാണത്തിലുണ്ടായിരുന്ന പ്രോട്ടോടൈപ്പിൻ്റെ അതേ പേരിലാവും ഗ്ലാസ് ഇറങ്ങുക. പഴയ കണ്ണടയിൽ ഗവേഷണങ്ങൾ നടന്നിരുന്നെങ്കിലും ഇത് നിർമ്മാണത്തിലേക്ക് നീണ്ടില്ല. എന്നാൽ, പഴയ മോഡലിൽ നിന്ന് വ്യത്യസ്തമായി പുതിയ കണ്ണടയിൽ ജെമിനി ഫീച്ചറുകൾ കൂടിയുണ്ടാവും. പ്രൊജക്ട് അസ്ത്രയുടെ ഭാഗമായാണ് ഈ കണ്ണടയെപ്പറ്റിയുള്ള വിവരം ആദ്യം പുറത്തുവിട്ടത്.
സാധാരണ കണ്ണട പോലെയാണ് എഐ ഗ്ലാസിൻ്റെ രൂപഘടന. എന്നാൽ, ക്യാമറ സെൻസറുകളും സ്പീക്കറുകളും കണ്ണടയിലുണ്ടാവും. കണ്ണടയിലുള്ള സ്ക്രീനിലൂടെ ജെമിനിയുമായി ആശയവിനിമയം നടത്താം. ഉപഭോക്താവ് കാണുന്നതെല്ലാം കണ്ണടയും കാണും. ഇതുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്ക് തത്സമയം മറുപടി നൽകാനും ഗൂഗിൾ എഐ കണ്ണടയ്ക്ക് സാധിക്കും. കാണുന്നത് 10 മിനിട്ട് വരെ ഓർത്തുവെക്കാനും ഇതിന് കഴിയും.
2024 ഡിസംബറിൽ ആൻഡ്രോയ്ഡ് എക്സ്ആർ ഓപ്പറേറ്റിങ് സിസ്റ്റം അവതരിപ്പിക്കുന്നതിനിടെ ഗൂഗിൾ എഐ ഗ്ലാസുകളെപ്പറ്റി സൂചന നൽകിയിരുന്നു. സാംസങുമായുള്ള സഹകരണത്തോടെയാണ് ആൻഡ്രോയ്ഡ് എക്സ്ആർ വികസിപ്പിക്കുന്നത് എന്ന് ഗൂഗിൾ പറഞ്ഞു. ആർട്ടിഫിഷ്യൽ ഇൻ്റലിജൻസിലും എആറിലും വിആറിലും നടത്തിയ വർഷങ്ങൾ നീണ്ട നിക്ഷേപങ്ങൾ ഹെഡ്സെറ്റുകളും ഗ്ലാസുകളും വികസിപ്പിക്കുന്നതിന് സഹായിക്കും എന്നും കമ്പനി അന്ന് പറഞ്ഞു. ഈ പ്രഖ്യാപനം ഇപ്പോൾ യാഥാർത്ഥ്യമാകുന്നു എന്നാണ് ഗൂഗിളിൻ്റെ പുതിയ നീക്കം തെളിയിക്കുന്നത്.