Narendra Modi : മോദി പറഞ്ഞത് കൃത്യം, സോഷ്യല്‍ മീഡിയയും അത് പരീക്ഷിച്ചു; എഐയുടെ ‘പൊള്ളത്തരം’ പുറത്ത്
Prime Minister Narendra Modi's Paris speech : എഐയുടെ ഒരു പോരായ്മയെക്കുറിച്ച് പാരീസില്‍ നടന്ന ആഗോള എഐ ഉച്ചകോടിക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ വെളിപ്പെടുത്തല്‍ ഏറെ ചര്‍ച്ചയായി. മനുഷ്യർ ഇടതു കൈകൊണ്ട് എഴുതുന്ന ചിത്രങ്ങൾ സൃഷ്ടിക്കാൻ എഐയ്ക്ക് സാധിക്കുന്നില്ലെന്നായിരുന്നു വെളിപ്പെടുത്തല്‍. പിന്നാലെ ആളുകള്‍ ഇത് പരീക്ഷിച്ചു.

പ്രധാനമന്ത്രിയുടെ പാരീസ് പ്രസംഗം
എന്തിനും ഏതിനും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ സഹായം തേടുന്നവരാണ് നമ്മളില്‍ പലരും. സംശയങ്ങള്‍ ലഘൂകരിക്കാനും, പ്രോജക്ടുകള്‍ ചെയ്യുന്നതിനും ഉള്‍പ്പെടെ എഐ സഹായം തേടുന്നു. എന്നാല്‍ എഐയ്ക്ക് പല പോരായ്മകളുമുണ്ടെന്നും പകല്‍ പോലെ വ്യക്തമാണ്. എന്നാല്‍ പലര്‍ക്കും അത്ര കണ്ട് സുപരിചിതമല്ലാത്ത എഐയുടെ ഒരു പോരായ്മയെക്കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ വെളിപ്പെടുത്തല്‍ ഏറെ ചര്‍ച്ചയായിരിക്കുകയാണ്. കഴിഞ്ഞ ദിവസം പാരീസില്‍ നടന്ന ആഗോള എഐ ഉച്ചകോടിക്കിടെയായിരുന്നു സംഭവം.
സമീപകാലത്ത് എഐ ആളുകള്‍ക്ക് എത്രത്തോളം സഹായകരമായി എന്നതിനെക്കുറിച്ച് പ്രസംഗിക്കുകയായിരുന്നു പ്രധാനമന്ത്രി. ഇതിനിടെയാണ് ജനറേറ്റീവ് എഐയ്ക്ക് പൂര്‍ണമായും പ്രതീക്ഷയ്‌ക്കൊത്ത് ഉയരനായിട്ടില്ലെന്ന് അദ്ദേഹം വ്യക്തമാക്കിയത്.
കുറച്ച് മാസം മുമ്പ് വരെ മനുഷ്യന്റെ കൈ സംബന്ധിച്ച് തെറ്റായ വിവരങ്ങളാണ് ജനറേറ്റീവ് എഐ മോഡലുകള്‍ നല്‍കിയിരുന്നത്. ചിലയിടത്ത് കൂടുതല്‍ വിരലുകളും, ചിലപ്പോള്‍ കുറച്ച് വിരലുകളും മാത്രമുള്ള ചിത്രങ്ങളാണ് നല്‍കിയിരുന്നത്. എന്നാല്‍ പിന്നീട് ഇത് മെച്ചപ്പെട്ടു. ഇതുപോലൊരു പോരായ്മയെക്കുറിച്ചാണ് മോദിയും വെളിപ്പെടുത്തിയത്. മനുഷ്യർ ഇടതു കൈകൊണ്ട് എഴുതുന്ന ചിത്രങ്ങൾ സൃഷ്ടിക്കാൻ എഐയ്ക്ക് സാധിക്കുന്നില്ലെന്നായിരുന്നു പ്രധാനമന്ത്രിയുടെ വെളിപ്പെടുത്തല്‍.
“നിങ്ങളുടെ മെഡിക്കൽ റിപ്പോർട്ട് ഒരു എഐ ആപ്പിലേക്ക് അപ്‌ലോഡ് ചെയ്‌താൽ, ലളിതമായ ഭാഷയിൽ അത് നിങ്ങള്‍ക്ക് വിശദീകരിച്ച് തരും. ഇടതു കൈകൊണ്ട് എഴുതുന്ന ഒരാളുടെ ചിത്രം വരയ്ക്കാൻ ഇതേ ആപ്പിനോട് ആവശ്യപ്പെട്ടാൽ, വലതു കൈകൊണ്ട് എഴുതുന്ന ഒരാളുടെ ചിത്രം വരയ്ക്കാനാണ് സാധ്യത”-പ്രധാനമന്ത്രിയുടെ വാക്കുകള്‍.
SHOCKING: PM Modi Exposes AI’s Right-Handed Bias.
~ PM Modi revealed that if you ask an AI app to generate an image of someone writing with their LEFT HAND, it will most likely show them using their RIGHT HAND😮I didn't know this. AI Bias is real🤯 pic.twitter.com/IcNSvOcFnO
— The Analyzer (News Updates🗞️) (@Indian_Analyzer) February 11, 2025
പ്രധാനമന്ത്രിയുടെ ഈ പരാമര്‍ശം സോഷ്യല്‍ മീഡിയയില്‍ വളരെ ചര്‍ച്ചയായി. അതുവരെ കേട്ടുകേഴ്‌വി ഇല്ലാതിരുന്ന എഐയുടെ ആ പോരായ്മ പരീക്ഷിച്ചറിയാന്‍ പലരും തീരുമാനിച്ചു.
Haha… Indian PM Modi is right:
AI cannot create an image of a person writing with the left hand! pic.twitter.com/oOiNTjj9Qh
— S.L. Kanthan (@Kanthan2030) February 12, 2025
വ്യത്യസ്ത പ്രോംപ്റ്റുകൾ ഉപയോഗിച്ച് ഇടതു കൈകൊണ്ട് എഴുതുന്ന മനുഷ്യരുടെ ചിത്രങ്ങൾ സൃഷ്ടിക്കാൻ ആളുകൾ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. പലപ്പോഴും വലതു കൈ ഉപയോഗിച്ച് എഴുതുന്ന മനുഷ്യരുടെ ചിത്രങ്ങളാണ് എഐ നല്‍കിയത്. പ്രധാനമന്ത്രി പറഞ്ഞത് ശരിയാണെന്ന് അടിവരയിടുന്നതായിരുന്നു ഈ പരീക്ഷഫലങ്ങള്‍.