Foldable iPhone: ആപ്പിളിൻ്റെ ഫോൾഡബിൾ ഐഫോണിൻ്റെ ഇന്നർ ഡിസ്പ്ലേ 7.74 ഇഞ്ച്; ഫോണിനെപ്പറ്റിയുള്ള കൂടുതൽ വിവരങ്ങൾ പുറത്ത്
Foldable iPhone features: ഫോൾഡബിൾ ഐഫോണിൻ്റെ ഡിസൈൻ ഓപ്പോ ഫൈൻഡ് എൻ മോഡലിന് സമാനമാവുമെന്ന് സൂചന. 7.74 ഇന്നർ ഡിസ്പ്ലേ അടക്കമാവും ഫോൺ പുറത്തിറങ്ങുക എന്നാണ് റിപ്പോർട്ടുകൾ.

പണിപ്പുരയിലിരിക്കുന്ന ആപ്പിളിൻ്റെ ഫോൾഡബിൾ ഐഫോണിനെപ്പറ്റിയുള്ള കൂടുതൽ വിവരങ്ങൾ പുറത്ത്. ഇന്നർ ഡിസ്പ്ലേ 7.74 ഇഞ്ച് ആവുമെന്നാണ് വിവരം. ചൈനീസ് സമൂഹമാധ്യമങ്ങളിലാണ് ഫോൾഡബിൾ ഐഫോണിനെപ്പറ്റിയുള്ള കൂടുതൽ വിവരങ്ങൾ പുറത്തുവന്നത്. ഫോൺ എപ്പോഴാണ് അവതരിപ്പിക്കുന്നതെന്ന് കമ്പനി അറിയിച്ചിട്ടില്ല. ഔദ്യോഗികമായി ഇതിൻ്റെ ഫീച്ചേഴ്സും കമ്പനി പുറത്തുവിട്ടിട്ടില്ല.
ബുക്ക്‌സ്റ്റൈൽ ഫോൾഡബിൾ ഫോണാണ് ഐഫോൺ പുറത്തിറക്കുന്നത്. നേരത്തെ സാംസങ്, ഓപ്പോ, വാവെ തുടങ്ങി വിവിധ കമ്പനികൾ ഫോൾഡബിൾ ഫോൺ പുറത്തിറക്കിയിരുന്നെങ്കിലും ഐഫോൺ ഇതുവരെ ഫോൾഡബിൾ ഫോൺ അവതരിപ്പിച്ചിരുന്നില്ല. മാർക്കറ്റിൽ ഔട്ട്ഡേറ്റഡാവാതിരിക്കാൻ ഫോൾഡബിൾ ഫോൺ പുറത്തിറക്കേണ്ടതുണ്ടെന്ന് ആപ്പിൾ തീരുമാനിക്കുകയായിരുന്നു. ഇത് ഔദ്യോഗികമായി കമ്പനി അറിയിച്ചിട്ടില്ല.
പുറത്തുവരുന്ന റിപ്പോർട്ടുകൾ പ്രകാരം ഓപ്പോ ഫൈൻഡ് എൻ സീരീസ് ഡിസൈന് സമാനമാവും ഫോൾഡബിൾ ഐഫോണിൻ്റെ ഡിസൈൻ. 5.49 ഇഞ്ചിൻ്റെ കവർ ഡിസ്പ്ലേ ആവും ഫോണിലുണ്ടാവുക. ഓപ്പോ ഫൈൻഡ് എൻ ഫോണിൻ്റെ ആദ്യതലമുറയുടെ കവർ ഡിസ്പ്ലേയും ഇതേ വലിപ്പമായിരുന്നു. ഫൈൻസ് എൻ മോഡലിനെക്കാൾ കട്ടികൂടിയ ഫോണാവും ഇതെന്നും റിപ്പോർട്ടുകളുണ്ട്. 7.74 ഇഞ്ചിൻ്റെ ഇന്നർ ഡിസ്പ്ലേ ആവും ഫോണിലുണ്ടാവുക. ഐപാഡ് തുറക്കുന്നത് പോലെയാവും ഈ ഫോണും തുറക്കുക. അതുകൊണ്ട് തന്നെ വലിപ്പമേറിയ ഡിസ്പ്ലേ ആവും ഫോൾഡബിൾ ഐഫോൺ സമ്മാനിക്കുക. സ്മാർട്ട്ഫോണിൻ്റെയും ടാബിൻ്റെയും സവിശേഷതകളൊക്കെ ഫോണിൽ ലഭിക്കും. ഓപ്പോ ഫൈൻഡ് എൻ സീരീസും, സാംസങ് ഗ്യാലക്സി സെഡ് ഫോൾഡ് സീരീസുമൊക്കെയാവും ഫോൾഡബിൾ ഐഫോണിൻ്റെ പ്രധാന എതിരാളികൾ.




2026 തുടക്കത്തിൽ തന്നെ ഫോൺ അവതരിപ്പിക്കപ്പെട്ടേക്കുമെന്നാണ് റിപ്പോർട്ടുകൾ. അതേസമയം, ഫോൾഡബിൾ ഐപാഡും മാക്ബുക്കും 2027ലാവും അവതരിപ്പിക്കപ്പെടുക. അൾട്ര തിൻ ഗ്ലാസുകളാവും ഈ ഡിവൈസുകളിൽ ഉപയോഗിക്കുക.
ദിവസങ്ങൾക്ക് മുൻപാണ് വിലകുറഞ്ഞ ഐഫോൺ എന്നറിയപ്പെടുന്ന ഐഫോൺ 16ഇ പുറത്തിറങ്ങിയത്. ഐഫോൺ എസ്ഇ4 എന്നാണ് നേരത്തെ ഫോൺ അറിയപ്പെട്ടിരുന്നത്. ഈ മോഡലിൻ്റെ പേര് പിന്നീട് ഐഫോൺ 16ഇ എന്നാക്കിയത്. ഐഫോൺ 16 പരമ്പരയിൽ പെട്ട അവസാനത്തെ മോഡലാണിത്. ഫോനിൻ്റെ ക്യാമറ പോരേന്നാണ് പൊതുവായ വിമർശനം. ആപ്പിളിൻ്റെ ഡെഡിക്കേറ്റഡ് ക്യാമറ കൺട്രോൾ ബട്ടൺ ഉൾപ്പെടെ പ്രധാനപ്പെട്ട ക്യാമറ ഫീച്ചറുകളും ഐഫോൺ 16ഇയിൽ ഇല്ല. പഴയ മോഡലുകളിൽ ഉണ്ടായിരുന്നത് പോലുള്ള ബേസിക് ഫോട്ടോ മോഡുകളാവും ഐഫോൺ 16ഇയിൽ ഉണ്ടാവുക എന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഈ മാസം 28നാവും ഐഫോൺ 16ഇ വില്പന ആരംഭിക്കുക.