Fake message: വാഹനങ്ങള്‍ക്ക് പിഴയെന്ന എസ്എംഎസിലും വ്യാജനോ? അന്വേഷണം നടത്തി ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണറേറ്റ്
New Cyber Message Froad : മോട്ടോർ വാഹനവകുപ്പിന്റെ ലോഗോ പ്രൊഫൈലാക്കിയ വാട്സാപ്പ് അക്കൗണ്ടുകളിൽ നിന്നാണ് സന്ദേശം. കേസിന്റെ വിശദാംശങ്ങൾ അറിയാൻ സന്ദേശത്തിലുള്ള ലിങ്കിൽ പ്രവേശിക്കണമെന്ന നിർദേശം ഇതിനൊപ്പം ലഭിക്കും.
തിരുവനന്തപുരം: വ്യാജ സന്ദേശങ്ങൾ ഉണ്ടാക്കുന്ന പൊല്ലാപ്പുകൾ പലതും നാം കണ്ടിട്ടുണ്ട്. ഗതാഗത വകുപ്പിന്റെ പിഴയുടെ വിവരം പറഞ്ഞ് വ്യാജ സന്ദേശം അയക്കുന്നത് സംബന്ധിച്ചുള്ള വാർത്തകളാണ് ഇപ്പോൾ കേൾക്കുന്നത്. ഗതാഗത നിയമലംഘനങ്ങൾ സംബന്ധിച്ച് വാഹന ഉടമകൾക്ക് വാട്സാപ്പിൽ വരുന്ന പിഴസന്ദേശങ്ങൾ വന്നാൽ ഇനി ഒന്നു കരുതി ഇരിക്കുക. ഇതിനു പിന്നിൽ വിവരം ചോർത്തൽ ആകാം ഉദ്ദേശം.
വ്യാജസന്ദേശങ്ങൾ വ്യാപകമായതോടെ അന്വേഷിക്കാൻ ട്രാൻസ്‌പോർട്ട് കമ്മിഷണറേറ്റ് ഇറങ്ങി. സൈബർ പോലീസിനോടാണ് അന്വേഷിക്കാൻ ആവശ്യപ്പെട്ടിരിക്കുന്നത്. വാഹനങ്ങൾക്ക് പിഴ ചുമത്തുന്ന വിവരം എസ്.എം.എസിലൂടെയാണ് അറിയിക്കുന്നത്. ഇതേ സന്ദേശത്തിനു സമാനമായ വാചകഘടനയുള്ള സന്ദേശമാണ് വ്യാജ സന്ദേശത്തിലും ഉള്ളത്. വാഹന രേഖകളിൽ ചേർത്ത മൊബൈൽ നമ്പറിലേക്കാണ് അറിയിപ്പ് വരുന്നത് എന്നതാണ് പ്രത്യേകത.
മോട്ടോർ വാഹനവകുപ്പിന്റെ ലോഗോ പ്രൊഫൈലാക്കിയ വാട്സാപ്പ് അക്കൗണ്ടുകളിൽ നിന്നാണ് സന്ദേശം. കേസിന്റെ വിശദാംശങ്ങൾ അറിയാൻ സന്ദേശത്തിലുള്ള ലിങ്കിൽ പ്രവേശിക്കണമെന്ന നിർദേശം ഇതിനൊപ്പം ലഭിക്കും. എന്നാൽ, ഇത് പ്രവർത്തനക്ഷമമല്ല. നിയലംഘന വിവരങ്ങൾ അറിയാൻ കഴിയാതെ വന്നതോടെ പലരും മോട്ടോർവാഹനവകുപ്പിലെ അധികൃതരെ സമീപിക്കുമ്പോഴാണ് കള്ളി വെളിച്ചത്തായത്.
എസ്.എം.എസിലൂടെ മാത്രമേ പിഴചുമത്തൽ വിവരം വകുപ്പ് കൈമാറുകയുള്ളൂ എന്ന രീതിയെയാണ് ഇവർ മുതലെടുത്തത്. മൊബൈൽഫോണിലെ പാസ്വേഡ് ഉൾപ്പെടെയുള്ള വിവരങ്ങൾ ചോർത്താൻ തയ്യാറാക്കിയതാണോ ഈ വഴി എന്ന സംശയം തോന്നിയതോടെയാണ് അന്വേഷിക്കാൻ തീരുമാനിച്ചത്. ഇതിൽ പ്രവേശിച്ച ചിലരുടെ മൊബൈൽ ഫോൺ പ്രവർത്തനം കുറച്ചുനേരം തടസ്സപ്പെട്ടിരുന്നതായും വിവരമുണ്ട്.
ഇതുവരെ പണം നഷ്ടമായതായി പരാതി ലഭിച്ചിട്ടില്ലെന്നും അധികൃതർ പറഞ്ഞു. ഇത്തരം തട്ടിപ്പുകളിൽ പെടാതിരിക്കാൻ അജ്ഞാത ലിങ്കുകളിൽ കയരരുതെന്ന് സൈബർ വിഭാഗം മുന്നറിയിപ്പ് നൽകാറുള്ളതാണ്. എന്നാൽ, പിഴസംബന്ധിച്ച വിവരം അറിയാനുള്ള വ്യഗ്രതയിൽ പലരും ഈ ലിങ്കിലേക്ക് കയറുന്നുണ്ട്. അടുത്തിടെയാണ് വാഹനരേഖകളിൽ ഉടമകളുടെ മൊബൈൽ നമ്പർ നിർബന്ധമാക്കിയത്. വാഹന ഉടമകളുടെ വിവരങ്ങൾ ചോർന്നതിന്റെ തെളിവാണ് വ്യാജസന്ദേശങ്ങൾ എന്നാണ് ഇതിൽ നിന്ന് മനസ്സിലാക്കേണ്ടത്.