5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

European Space Agency: 10 ദിവസം വെറുതെ കിടന്നാൽ പ്രതിഫലം 4.73 ലക്ഷം രൂപ; അവസരം സ്പേസ് ഏജൻസിയിൽ, കാരണം ഇതാണ്

European Space Agency Bed Rest: പത്ത് വോളണ്ടിയർമാരാണ് യൂറോപ്യൻ സ്‌പേസ് ഏജൻസിയുടെ പഠനത്തിൽ പങ്കെടുക്കുന്നത്. ഫ്രാൻസിലെ ടൂലൂസിലുള്ള മീഡ്‌സ് സ്‌പേസ് ക്ലിനിക്കിലാണ് പഠനം നടത്താൻ ​ഗവേഷകർ ഒരുങ്ങുന്നത്. ബഹിരാകാശ ശാസ്ത്രവുമായി ബന്ധപ്പെട്ടുള്ള പഠനങ്ങളാണ് ഇവിടെ നടക്കുന്നത്.

European Space Agency: 10 ദിവസം വെറുതെ കിടന്നാൽ പ്രതിഫലം 4.73 ലക്ഷം രൂപ; അവസരം സ്പേസ് ഏജൻസിയിൽ, കാരണം ഇതാണ്
Image Credit source: Social Media
neethu-vijayan
Neethu Vijayan | Published: 16 Mar 2025 07:51 AM

ബഹിരാകാശയാത്രികരുടെ ആരോഗ്യവും പ്രകടനവും മെച്ചപ്പെടുത്താനുള്ള പഠനങ്ങളിൽ പങ്കെടുക്കാനെത്തിയവർക്ക് 5000 യൂറോ (ഏകദേശം 4.73 ലക്ഷം രൂപ) പ്രതിഫലം. ബഹിരാകാശ പര്യവേക്ഷണ സ്ഥാപനമായ യൂറോപ്യൻ സ്‌പേസ് ഏജൻസി (European Space Agency-ESA) ആണ് ഈ അവസരം ഒരുക്കുന്നത്. പഠനത്തിൽ പങ്കെടുക്കാൻ നിങ്ങൾ അനങ്ങാതെ പത്ത് ദിവസം കിടന്നാൽ മാത്രം മതിയാകും.

കിടക്കുക എന്നാൽ നിങ്ങൾ കരതുന്ന പോലെ സാധാരണകിടക്കയിലെ സുഖകരമായി കിടക്കുക എന്നല്ല. ബാത്ടബ് പോലെ സജ്ജമാക്കിയ കട്ടിലിൽ ജലം നിറച്ച് അതിനുമുകളിൽ നനവിനെ പ്രതിരോധിക്കുന്ന തുണി വിരിച്ച് തയ്യാറാക്കിയ കിടക്കയിലാണ് 10 ദിവസം അനങ്ങാതെ കിടക്കേണ്ടത്. ബഹിരാകാശയാത്രയിൽ ശരീരത്തിന് അനുഭവപ്പെടുന്ന ഭാരമില്ലായ്മ ഉൾപ്പെടെയുള്ളവയെ കുറിച്ചുള്ള പഠനമാണ് ഇതിന് പിന്നിലെ ലക്ഷ്യം.

പത്ത് വോളണ്ടിയർമാരാണ് യൂറോപ്യൻ സ്‌പേസ് ഏജൻസിയുടെ പഠനത്തിൽ പങ്കെടുക്കുന്നത്. ഫ്രാൻസിലെ ടൂലൂസിലുള്ള മീഡ്‌സ് സ്‌പേസ് ക്ലിനിക്കിലാണ് പഠനം നടത്താൻ ​ഗവേഷകർ ഒരുങ്ങുന്നത്. ബഹിരാകാശ ശാസ്ത്രവുമായി ബന്ധപ്പെട്ടുള്ള പഠനങ്ങളാണ് ഇവിടെ നടക്കുന്നത്. വിവാൾഡി എന്നാണ് ഈ വിചിത്ര ​ഗവേഷണത്തിന് പേര് നൽകിയിരിക്കുന്നത്. നിലവിൽ ഗവേഷണത്തിന്റെ മൂന്നാമത്തേതും അവസാനത്തേതുമായ ഘട്ടമാണിപ്പോൾ നടന്നുവരുന്നതെന്നും ​ഗവേഷകർ അറിയിച്ചു.

വെള്ളത്തിനുമുകളിൽ കൈകളും തലയും അൽപം ഉയർന്നാവും കിടക്കുക. മറ്റുസഹായങ്ങളില്ലാതെ പൊങ്ങിക്കിടക്കുമ്പോൾ അന്താരാഷ്ട്ര ബഹിരാകാശനിലയത്തിൽ കഴിയുന്നതിന് സമാനമായ അവസ്ഥയാണ് പരീക്ഷണത്തിലേർപ്പെടുന്നവർ അനുഭവിക്കേണ്ടി വരിക. ബഹിരാകാശ പരിതസ്ഥിതിയുമായി പൊരുത്തപ്പെടാൻ ശരീരം സ്വീകരിക്കുന്ന സംവിധാനത്തെ കൂടുതൽ നിരീക്ഷിക്കുന്നതിനും മനസ്സിലാക്കുന്നതിനുമായാണ് ഇപ്പോൾ ഈ പഠനം നടത്തുന്നത്.