Elon Musk X Mail : ജിമെയിലിനെ ‘വെട്ടാന്‍’ എക്‌സ് മെയില്‍ ? മസ്‌കിന്റെ കളികള്‍ കമ്പനി കാണാന്‍ പോകുന്നതേയുള്ളൂ
Elon Musk hinted at a new email feature : എക്‌സ് അക്കൗണ്ടായ 'ഡോഡ്ജിഡിസൈനര്‍' ആണ് ഈ ആശയം ആദ്യം മുന്നോട്ടുവച്ചത്. 'എക്‌സ് മെയില്‍' കൂളായിരിക്കും എന്നായിരുന്നു ഈ അക്കൗണ്ടില്‍ വന്ന ട്വീറ്റ്. ഉടന്‍ തന്നെ മസ്‌കിന്റെ മറുപടി എത്തി
സന്ദേശങ്ങള്‍ അയക്കാന്‍ ഗൂഗിളിന്റെ ഇമെയില്‍ ആപ്ലിക്കേഷനായ ജിമെയില്‍ ഉപയോഗിക്കുന്നവരാണ് നമ്മളില്‍ പലരും. ലോകത്ത് നിരവധി ഇമെയില്‍ ആപ്ലിക്കേഷനുകള്‍ ഉണ്ടെങ്കിലും ജിമെയിലിന്റെ ജനപ്രീതി ഏറെ പ്രശസ്തമാണ്. അത്രയേറെ പേരാണ് ജിമെയില്‍ ഉപയോഗിക്കുന്നത്. പലര്‍ക്കും ജിമെയില്‍ അവരുടെ ദൈനംദിന ജീവിതത്തിന്റെ ഭാഗമായി മാറി. എന്നാല്‍ ജിമെയിലിന് എതിരാളി വന്നാലോ ? ഒരു ഇമെയില്‍ ആപ്ലിക്കേഷന്‍ പുറത്തിറക്കിയേക്കുമെന്നാണ് ശതകോടീശ്വരന്‍ എലോണ്‍ മസ്‌ക് നല്‍കുന്ന സൂചന.
എക്‌സ് അക്കൗണ്ടായ ‘ഡോഡ്ജിഡിസൈനര്‍’ ആണ് ഈ ആശയം ആദ്യം മുന്നോട്ടുവച്ചത്. ‘എക്‌സ് മെയില്‍’ കൂളായിരിക്കും എന്നായിരുന്നു ഈ അക്കൗണ്ടില്‍ വന്ന ട്വീറ്റ്. ഉടന്‍ തന്നെ മസ്‌കിന്റെ മറുപടി എത്തി. ”അതെ, ചെയ്യേണ്ട കാര്യങ്ങളില്‍ ഒന്നാണ് ഇത്’ എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. ഇതോടെയാണ് മസ്‌ക് ‘എക്‌സ് മെയില്‍’ പുറത്തിറക്കിയേക്കുമെന്ന സൂചന ശക്തമായത്. അങ്ങനെയെങ്കില്‍ എക്‌സ് മെയില്‍ ജി മെയിലിന് എതിരാളിയാകുമോയെന്ന് സംശയിക്കുന്നവരുമുണ്ട്.
എന്തായാലും മസ്‌കിന്റെ മറുപടി ശ്രദ്ധേയമായി. സമ്മിശ്ര പ്രതികരണമാണ് ഇതു സംബന്ധിച്ച് ഉയരുന്നത്. എക്‌സ് ഫോണ്‍ പുറത്തിറക്കുമോയെന്നായിരുന്നു ഒരാളുടെ ചോദ്യം. എക്‌സ് മെയില്‍ ദയവായി വേഗം പുറത്തിറക്കൂവെന്ന് മറ്റൊരാള്‍ ആവശ്യപ്പെട്ടു. കാത്തിരിക്കുവാണെന്ന് മറ്റ് പലരും അഭിപ്രായപ്പെട്ടു.
ആഗോള ഇമെയില്‍ വിപണി( global email client market)യില്‍ ആപ്പിള്‍ മെയിലാണ് (53.67 ശതമാനം) മുന്നിലെന്ന് 2024 സെപ്തംബര്‍ വരെയുള്ള കണക്കുകള്‍ വ്യക്തമാക്കുന്നു. ജിമെയില്‍ (30.7 ശതമാനം) രണ്ടാമതാണ്. ഔട്ട്‌ലുക്ക് (4.38 ശതമാനം), യൂഹാ മെയില്‍ (2.4 ശതമാനം) തുടങ്ങിയവ പിന്നിലുണ്ട്.
എലോണ്‍ മസ്‌ക്
ജിമെയിലിന് എതിരാളി എത്തിയാലും, ഇല്ലെങ്കിലും സമ്പത്തിന്റെ കാര്യത്തില്‍ മസ്‌കിന് നിലവില്‍ എതിരാളികളില്ല. ആസ്തി 40,000 ഡോളര്‍ കടന്ന ആദ്യ വ്യക്തിയായി മസ്‌ക് മാറി. ആസ്തി 30,000 കോടി ഡോളര്‍ കടന്ന ഏക വ്യക്തിയും മസ്‌കാണ്. എതിരാളികളില്ലാത്ത കുതിപ്പാണ് ടെസ്ലയുടെയും, എക്‌സിന്റെയും, സ്‌പേസ് എക്‌സിന്റെയും തലവന്‍ നടത്തുന്നത്.
ടെസ്ലയുടെയും, സ്‌പേസ്എക്‌സിന്റെയും ഓഹരികളാണ് മസ്‌കിന്റെ സമ്പത്ത് കുതിച്ചുയരാന്‍ പ്രധാന കാരണം. യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ മസ്‌ക് പിന്തുണച്ചത് ഡൊണാള്‍ഡ് ട്രംപിനെയായിരുന്നു. ട്രംപിന്റെ വിജയത്തിന് ശേഷം ടെസ്ലയുടെ വിപണിമൂല്യത്തില്‍ കുതിപ്പുണ്ടായി. മസ്കിനെ ട്രംപ് ഡിപ്പാർട്ട്മെന്റ് ഒഫ് ഗവൺമെന്റ് എഫിഷ്യൻസി മേധാവികളിൽ ഒരാളായി തിരഞ്ഞെടുത്തിരുന്നു. മസ്‌കിനൊപ്പം ഇന്ത്യന്‍ വംശജനും സംരഭകനുമായ വിവേക് രാമസ്വാമിയും വകുപ്പിന്റെ ചുമതല വഹിക്കും.
Read Also : ഐഫോൺ 17 എയറിൻ്റെ വില പ്രോ മോഡലുകളെക്കാൾ കുറവായിരിക്കുമെന്ന് വിവരം; ഫോൾഡബിൾ ഐഫോൺ 2026ൽ
ആസ്തിയുടെ കാര്യത്തില്‍ രണ്ടാമതുള്ളത് ആമസോണ്‍ സ്ഥാപകനായ ജെഫ് ബെസോസ് ആണ്. ഏതാണ്ട് 24,900 കോടി ഡോളറാണ് ബെസോസിന്റെ ആസ്തി. മെറ്റയുടെ മേധാവി മാര്‍ക്ക് സക്കര്‍ബര്‍ഗ് മൂന്നാമതുണ്ട്. ഏകദേശം 22,400 കോടി ഡോളറാണ് സക്കര്‍ബര്‍ഗിന്റെ ആസ്തി.
19,800 കോടി ഡോളറോളം ആസ്തിയുള്ള ഓറക്കിള്‍ മേധാവി ലാറി എലിസണ്‍ നാലാമതുണ്ട്. എല്‍വിഎംഎച്ചിന്റെ മേധാവിയായ ബെര്‍ണാണ്ട് അര്‍ണോയാണ് അഞ്ചാമത്. ഏകദേശം 18,100 കോടി ഡോളറാണ് ഇദ്ദേഹത്തിന്റെ ആസ്തി. 7,930 കോടിയോളം ഡോളര്‍ ആസ്തിയുള്ള അദാനിയാണ് രണ്ടാമത്.