X AI supercomputer: എഐ ചാറ്റ്‌ബോട്ടിനായി സൂപ്പർ കംപ്യൂട്ടർ നിർമ്മിക്കാനൊരുങ്ങി ഇലോൺ മസ്‌ക്
2025 അവസാനത്തോടെ ഈ സൂപ്പർ കംപ്യൂട്ടർ യാഥാർത്ഥ്യമാക്കാനാണ് മസ്‌ക് പദ്ധതിയിടുന്നത്. ഒറാക്കിളുമായി സഹകരിച്ചാണ് ഇത് നിർമ്മിക്കുകയെന്നാണ് വിവരം.
എക്‌സ് എഐയുടെ ഗ്രോക്ക് എന്ന എഐ ചാറ്റ്‌ബോട്ടിന് വേണ്ടി സൂപ്പർ കംപ്യൂട്ടർ നിർമ്മിക്കാനൊരുങ്ങി ടെസ്ല സ്‌പേസ് എക്‌സ് മേധാവി ഇലോൺ മസ്‌ക്. മസ്‌കിന്റെ ഉടമസ്ഥതയിലുള്ള എഐ സ്റ്റാർട്ട്അപ്പ് ആണ് എക്‌സ് എഐ.
ഗ്രോക്കിന്റെ ശക്തിയേറിയ ഭാവി പതിപ്പുകളുടെ നിർമ്മാണത്തിനും പ്രവർത്തനത്തിനും വേണ്ടിയാണ് സൂപ്പർ കംപ്യൂട്ടർ നിർമ്മിക്കുന്നതെന്നാണ് റിപ്പോർട്ട്. പദ്ധതിയുടെ കാര്യം മസ്‌ക് കമ്പനിയിലെ നിക്ഷേപകരുമായി ചർച്ച ചെയ്തുവെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
2025 അവസാനത്തോടെ ഈ സൂപ്പർ കംപ്യൂട്ടർ യാഥാർത്ഥ്യമാക്കാനാണ് മസ്‌ക് പദ്ധതിയിടുന്നത്. ഒറാക്കിളുമായി സഹകരിച്ചാണ് ഇത് നിർമ്മിക്കുകയെന്നാണ് വിവരം. എന്നാൽ ഇതുമായി ബന്ധപ്പെട്ട് ഇരുകമ്പനികളും ഇതുവരെ ഔദ്യോഗിക പ്രഖ്യാപനങ്ങൾ നടത്തിയിട്ടില്ല.
ഇന്ന് നിലവിലുള്ള ജിപിയു ക്ലസ്റ്ററുകളേക്കാൾ നാലിരട്ടി വലിപ്പമുള്ളതായിരിക്കും ഇതെന്നും എൻവിഡിയയുടെ മുൻനിര ഗ്രാഫിക്‌സ് പ്രൊസസിങ് യൂണിറ്റായ എച്ച്100 ഉപയോഗിച്ചാവും ഇതിന്റെ നിർമ്മാണമെന്നുമാണ് ദി ഇൻഫർമേഷൻ എന്ന വെബ്‌സൈറ്റ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
ഇന്ന് എഐ രംഗത്ത് ഉപയോഗത്തിലുള്ള ശക്തിയേറിയ ജിപിയു ആണ് എച്ച്100. എൻവിഡിയ നിർമ്മിക്കുന്ന ഈ ചിപ്പിന് ആഗോള തലത്തിൽ ആവശ്യക്കാരേറെയാണ്. വൻവിലയുള്ള ഈ ചിപ്പുകൾക്ക് എതിരാളികളുമില്ല. ഇക്കാരണത്താൽ കമ്പനികൾ സൂപ്പർ കംപ്യൂട്ടറുകൾ നിർമ്മിക്കുന്നതിനായി വൻതുക മുടക്കിയാണ് എച്ച്100 ചിപ്പുകൾ വാങ്ങുന്നത്.
ഓപ്പൺ എഐയെയും ഗൂഗിളിനേയും വെല്ലുവിളിച്ചാണ് കഴിഞ്ഞവർഷം മസ്‌ക് എക്‌സ് എഐയ്ക്ക് തുടക്കമിട്ടത്. ഗ്രോക്ക് എന്ന പേരിൽ ഒരു ചാറ്റ്‌ബോട്ട് അവതരിപ്പിക്കുകയും ചെയ്തു.
ഏകദേശം 20000 എൻവിഡിയ എച്ച്100 ജിപിയുകൾ ഉപയോഗിച്ചാണ് ഗ്രോക്ക് 2 മോഡലിന് പരിശീലനം നൽകിയതെന്നാണ് മസ്‌ക് പറയുന്നത്. ഗ്രോക്ക് 3 മോഡലിന് ഒരു ലക്ഷത്തിലേറെ എച്ച്100 ചിപ്പുകൾ വേണ്ടിവരും.
വാട്‌സാപ്പ് മെസേജിങ് ആപ്ലിക്കേഷനെതിരെ കഴിഞ്ഞ ദിവസം മസ്ക് രംഗത്തെത്തിയിരുന്നു. വാട്‌സാപ്പ് ഓരോ രാത്രിയും ഉപഭോക്താക്കളുടെ ഡാറ്റ കടത്തുകയാണെന്നായിരുന്നു ആരോപണം.
ഈ ഡാറ്റ വിശകലനം ചെയ്യുകയും പരസ്യത്തിനായും ഉല്പന്നത്തിന് ഉപഭോക്താക്കളെ നിർമ്മിച്ചെടുക്കാനും ഉപയോഗിക്കുകയാണെന്നുമുള്ള ഒരു എക്‌സ് ഉപഭോക്താവിന്റെ പോസ്റ്റിന് നൽകിയ മറുപടിയിലാണ് മസ്‌ക് ഇക്കാര്യം പറഞ്ഞത്.