Apple Vision Pro : ആപ്പിൾ വിഷൻ പ്രോയിൽ ഇനി സിനിമകളും സീരീസുകളും; പ്രത്യേകം ചിത്രീകരിച്ച ഉള്ളടക്കങ്ങൾ ഉടനെത്തും
Apple Vision Pro Exclusive Contents : ആപ്പിൾ വിഷൻ പ്രോയിൽ ഇനി ഇമ്മഴ്സിവ് സിനിമകളും സീരീസുകളും ലഭ്യമായിത്തുടങ്ങും. ഡിവൈസിനായി പ്രത്യേകം ചിത്രീകരിച്ച ഉള്ളടക്കങ്ങൾ ഈ ആഴ്ച തന്നെ റിലീസാകുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്.
ആപ്പിൾ വിഷൻ പ്രോയിൽ ഇനി സിനിമകളും സീരീസുകളും റിലീസാവും. ഡിവൈസിനായി പ്രത്യേകം ചിത്രീകരിച്ച ഇമ്മഴ്സിവ് ഉള്ളടക്കങ്ങൾ ഈ ആഴ്ച തന്നെ എത്തുമെന്ന് കമ്പനി അറിയിച്ചു. 180 ഡിഗ്രി ഫീൽഡ് ഓഫ് വ്യൂവിൽ 8കെ ത്രീഡി വിഡിയോകൾക്കൊപ്പം സ്പാഷ്യൽ ഓഡിയോ കൂടി റെക്കോർഡ് ചെയ്തതാണ് ആപ്പിളിൻ്റെ പുതിയ ഇമ്മഴ്സിവ് ഉള്ളടക്കങ്ങൾ. ആപ്പിൾ വിഷൻ പ്രോയുടെ പുതിയ പതിപ്പുകൾ വൈകാതെ പുറത്തിറങ്ങുമെന്നും റിപ്പോർട്ടുകളുണ്ട്.
അമേരിക്ക, ബ്രിട്ടൺ, ഓസ്ട്രേലിയ, കാനഡ, ഹോങ്കോങ്, ഫ്രാൻസ്, ജർമനി, ജപ്പാൻ, സിംഗപ്പൂർ എന്നീ രാജ്യങ്ങളിലെ ഉപഭോക്താക്കൾക്ക് ആപ്പിൾ ടിവി ആപ്പിൽ നിന്ന് സൗജന്യമായി ഉള്ളടക്കങ്ങൾ കാണാം. ചൈനയിലെ ഉപഭോക്താക്കൾക്ക് മിഗു, ടെൻസൻ്റ് വിഡിയോ ആപ്പുകളിൽ നിന്നുള്ള ഉള്ളടക്കങ്ങൾ കാണാം. പുതിയ ഇമ്മഴ്സിവ് ഉള്ളടക്കങ്ങളോ ആപ്പിൾ വിഷൻ പ്രോയോ നിലവിൽ ഇന്ത്യയിലെത്തിയിട്ടില്ല. അതുകൊണ്ട് തന്നെ വിദേശരാജ്യങ്ങളിൽ നിന്ന് ഡിവൈസ് വാങ്ങി ഇന്ത്യയിൽ കൊണ്ടുവന്നവർക്ക് ആപ്പിൾ ടിവി ആപ്പ് വഴി ഉള്ളടക്കങ്ങൾ ഉപയോഗിക്കാനാവുമോ എന്നതിൽ വ്യക്തതയില്ല.
ആപ്പിൾ വിഷൻ പ്രോയ്ക്കായി ആദ്യം ചിത്രീകരിച്ച സബ്മെർജ്ഡ് എന്ന ഷോർട്ട് ഫിലിം ഉൾപ്പെടെയുള്ള ഉള്ളടക്കങ്ങൾ ഉപഭോതാക്കൾക്ക് ലഭിക്കും. ഓസ്കർ പുരസ്കാരജേതാവായ എഡ്‌വാർഡ് ബെർഗെർ ആണ് ഷോർട്ട് ഫിലിം സംവിധാനം ചെയ്തിരിക്കുന്നത്. രണ്ടാം ലോക മഹായുദ്ധകാലവുമായി ബന്ധപ്പെട്ട കഥ പറയുന്ന ചിത്രത്തിൻ്റെ റിലീസ് തീയതി തീരുമാനിച്ചിട്ടില്ല.
Also Read : Apple Vision Pro: വലിയ സ്ക്രീൻ, കുറഞ്ഞ റെസല്യൂഷൻ; വിലകുറഞ്ഞ ആപ്പിൾ വിഷൻ പ്രോ 2025ൽ
ഇതിനിടെ വിലകുറഞ്ഞ ആപ്പിൾ വിഷൻ പ്രോ 2025ൽ വിപണിയിലെത്തിയേക്കുമെന്ന് റിപ്പോർട്ടുകളുണ്ട്. ലോകത്തിലെ ആദ്യത്തെ മിക്സഡ് റിയാലിറ്റി ഹെഡ്സെറ്റ് ആയ ആപ്പിൾ വിഷൻ പ്രോയുടെ വിലകുറഞ്ഞ പതിപ്പ് നിർമ്മാണത്തിലാണെന്നാണ് ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഡിവൈസ് എന്ന് പുറത്തിറങ്ങുമെന്നതിന് ഔദ്യോഗിക സ്ഥിരീകരണം ലഭിച്ചിട്ടില്ലെങ്കിലും 2025 അവസാനത്തോടെ വിലകുറഞ്ഞ ആപ്പിൾ വിഷൻ പ്രോ വിപണിയിൽ അവതരിപ്പിക്കപ്പെടുമെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
വില കുറവായതുകൊണ്ട് തന്നെ കുറഞ്ഞ റെസല്യൂഷനുള്ള സ്ക്രീനുകളാവും ഡിവൈസിലുണ്ടാവുക. എന്നാൽ, നിലവിലുള്ള ആപ്പിൾ വിഷൻ പ്രോയെക്കാൾ അല്പം വലിയ ഡിസ്പ്ലേയാവും ഈ ഡിവൈസിന്. 2.1 ഇഞ്ച് ഒഎൽഇഡി ഓൺ സിലിക്കോൺ ഡിസ്പ്ലേ ആണ് വിലകുറഞ്ഞ ആപ്പിൾ വിഷൻ പ്രോയിൽ ഉണ്ടാവുക. ഒരു ഇഞ്ചിൽ 1700 പിക്സലുകളാവും റെസല്യൂഷൻ.
നിലവിൽ സോണിയാണ് ഈ മൈക്രോഡിസ്പ്ലേകൾ ആപ്പിളിന് നൽകുന്നത്. എന്നാൽ, ഇതിൻ്റെ നിർമ്മാണം വർഷത്തിൽ 9,00,000 പാനലുകളെന്ന് നിജപ്പെടുത്തിയിരിക്കുകയാണ്. ഒരു ഹെഡ്സെറ്റിൽ രണ്ട് സ്ക്രീനുകൾ ഉള്ളതിനാൽ ആകെ 4,50,000 യൂണിറ്റുകളാണ് ഒരു വർഷം കൊണ്ട് ഉണ്ടാക്കാനാവുക. ഇതിനെ മറികടക്കാനുള്ള ശ്രമങ്ങൾ ആപ്പിൾ ആരംഭിച്ചുകഴിഞ്ഞിട്ടുണ്ട്. സാംസങ്, എൽജി തുടങ്ങി മറ്റ് കമ്പനികളോട് ഡിസ്പ്ലേ വാങ്ങാനുള്ള ശ്രമങ്ങളടക്കം ആപ്പിൾ നടത്തുന്നുണ്ട്. ഇരു കമ്പനികളും ആപ്പിളിനോട് പ്രതികരിച്ചോ എന്നതിൽ വ്യക്തതയില്ല.