AI doctor with iOS 19: എഐ ഡോക്ടറെ അവതരിപ്പിക്കാൻ ഒരുങ്ങി ആപ്പിൾ; പുതിയ ഫീച്ചർ എത്തുക ഐഒഎസ് 19ന് ഒപ്പം?
AI doctor with iOS 19: 'മൾബറി' എന്ന പേരിൽ പുതിയ ഹെൽത്ത് ആപ്പിന്റെ പണികൾ പുരോഗമിക്കുകയാണ്. ജൂണിൽ നടക്കുന്ന വേൾഡ്‌വൈഡ് ഡെവലപ്പേഴ്‌സ് കോൺഫറൻസിൽ (WWDC) iOS 19-നൊപ്പം എഐ ഡോക്ടറെയും വെളിപ്പെടുത്തുമെന്നാണ് വിവരം.

ലോകത്തിലെ ഏറ്റവും വലിയ സാങ്കേതിക വിദ്യ സ്ഥാപനങ്ങളിൽ ഒന്നാണ് ആപ്പിൾ. പുത്തൻ ഫീച്ചറുകളുടെ കാര്യത്തിൽ ആപ്പിൾ എന്നും മുൻപന്തിയിലാണ്. റിപ്പോർട്ടുകൾ അനുസരിച്ച് ഹെൽത്ത് ഫീച്ചറിൽ പുതുമ തേടുകയാണ് കമ്പനി. ഹൃദയമിടിപ്പ് അറിയുക, SpO2 സ്ഥിതിവിവരക്കണക്കുകൾ, ഇസിജി, ഹിയറിംഗ് എയ്ഡ് ഫീച്ചർ, ഹെൽത്ത് മെട്രിക്സ് തുടങ്ങി നിരവധി ഫീച്ചറുകൾ ഐഫോണിന്റെ ഹെൽത്ത് ആപ്പിലുണ്ട്.
കഴിഞ്ഞ കുറച്ച് വർഷങ്ങളായി, ആപ്പിൾ വാച്ച്, എയർപോഡുകൾ പോലുള്ള വെയറബിളുകളിൽ ഇസിജി മോണിറ്ററിംഗ്, ഫാൾ ഡിറ്റക്ഷൻ തുടങ്ങിയ പുതിയ ആരോഗ്യ-ട്രാക്കിംഗ് സവിശേഷതകൾ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇപ്പോഴിതാ വ്യക്തിഗത ആരോഗ്യവുമായി ബന്ധപ്പെട്ട് ഒരു പുതിയ എഐ ഡോക്ടറെ ആപ്പിൾ വികസിപ്പിക്കുന്നുണ്ടെന്നാണ് റിപ്പോർട്ട്. വ്യക്തിഗത ആരോഗ്യത്തിൽ മാർഗ്ഗ നിർദ്ദേശം നൽകാൻ ഇവയ്ക്കാകും. ബ്ലൂംബെർഗിലെ മാർക്ക് ഗുർമാനാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
പദ്ധതിയുടെ ഭാഗമായി ‘മൾബറി’ എന്ന പേരിൽ പുതിയ ഹെൽത്ത് ആപ്പിന്റെ പണികൾ പുരോഗമിക്കുകയാണ്. ജൂണിൽ നടക്കുന്ന വേൾഡ്‌വൈഡ് ഡെവലപ്പേഴ്‌സ് കോൺഫറൻസിൽ (WWDC) iOS 19-നൊപ്പം എഐ ഡോക്ടറെയും വെളിപ്പെടുത്തുമെന്നാണ് വിവരം. iOS 19-മായി സംയോജിപ്പിച്ചായിരിക്കും പുതിയ ഫീച്ചർ. ഗുർമാന്റെ റിപ്പോർട്ടനുസരിച്ച്, AI ഡോക്ടർ, ഹെൽത്ത് ആപ്പിനുള്ളിലെ ഒരു വെർച്വൽ മെഡിക്കൽ അസിസ്റ്റന്റ് ആയിട്ടായിരിക്കും പ്രവർത്തിക്കുക. ഐഫോൺ, ആപ്പിൾ വാച്ച് , മറ്റ് ആരോഗ്യ ട്രാക്കിംഗ് ആക്‌സസറികൾ എന്നിവയിൽ നിന്ന് ശേഖരിക്കുന്ന ഡാറ്റ ഇത് വിശകലനം ചെയ്യും.
ആപ്പിളിന്റെ മെഷീൻ ലേണിംഗ് കഴിവുകൾ ഉപയോഗിച്ച്, ഹൃദയമിടിപ്പ്, ഉറക്കചക്രങ്ങൾ, മറ്റ് ഘടകങ്ങൾ എന്നിവയെ അടിസ്ഥാനമാക്കി ഉപയോക്താക്കളുടെ ആരോഗ്യ സ്ഥിതി വിവരക്കണക്കുകൾ നൽകാൻ ഈ എഐ ഡോക്ടറിന് സാധിക്കും. എഐ ഡോക്ടറുടെ നിർമ്മാണം വിശകലനം ചെയ്യുന്നതിന് ഒരു കൂട്ടം ഡോക്ടർമാരെയും ആപ്പിൾ നിയോഗിച്ചിട്ടുണ്ട്.