Android 16: ആൻഡ്രോയ്ഡ് 16 എത്തുന്നു; ഈ വർഷം ജൂണിൽ പുറത്തിറങ്ങുമെന്ന് റിപ്പോർട്ട്
Android 16 In June: ആൻഡ്രോയ്ഡ് 16 ജൂൺ മാസത്തിൽ റിലീസായേക്കും. ഗൂഗിൾ തന്നെയാണ് ബാഴ്സലോണയിൽ വച്ച് നടക്കുന്ന മൊബൈൽ വേൾഡ് കോൺഗ്രസിൽ വച്ച് ഈ വിവരം പുറത്തുവിട്ടത്.

ആൻഡ്രോയ്ഡ് 16 ഏറെ വൈകാതെ പുറത്തിറങ്ങിയേക്കും. ബാഴ്സലോണയിൽ വച്ച് നടക്കുന്ന മൊബൈൽ വേൾഡ് കോൺഗ്രസ് കോൺഗ്രസിലാണ് ആൻഡ്രോയ്ഡ് 16നെപ്പറ്റിയുള്ള പുതിയ അപ്ഡേറ്റ് ഗൂഗിൾ പുറത്തുവിട്ടത്. ഈ വർഷം ജൂണിൽ ആൻഡ്രോയ്ഡ് 16 റിലീസാവുമെന്നാണ് വിവരം. സാധാരണ രീതിയിൽ ഓഗസ്റ്റിലാണ് ആൻഡ്രോയ്ഡ് തങ്ങളുടെ ഓപ്പറേറ്റിങ് സിസ്റ്റം പുറത്തിറക്കാറുള്ളത്. എന്നാൽ, ഇത്തവണ നേരത്തെ തന്നെ ആൻഡ്രോയ്ഡിൻ്റെ പുതിയ പതിപ്പ് പുറത്തിറങ്ങിയേക്കും.
ഗൂഗിളിലെ ആൻഡ്രോയ്ഡ് ഇക്കോസിസ്റ്റം പ്രസിഡൻ്റ് സമീർ സമത് ആണ് ഇക്കാര്യം അറിയിച്ചത്. ആൻഡ്രോയ്ഡ് 16നൊപ്പം മറ്റ് ഒഎസ് അപ്ഡേറ്റുകളും ജൂണിൽ തന്നെ പുറത്തിറങ്ങിയേക്കുമെന്നാണ് വിവരം. ആൻഡ്രോയ്ഡ് 16 ഓപ്പറേറ്റിങ് സിസ്റ്റത്തിലൂടെ ആൻഡ്രോയ്ഡ് ഓപ്പൺ സോഴ്സ് പ്രൊജക്ടിലേക്ക് മാറുമെന്നാണ് സൂചന. ഇതിലൂടെ ഓപ്പറേറ്റിങ് സിസ്റ്റത്തിൻ്റെ കസ്റ്റം വേരിയൻ്റുകൾ നിർമ്മിക്കാൻ ഡെവലപർമാർക്ക് അവസരമൊരുങ്ങും. ഇത്തരത്തിൽ നിർമ്മിക്കുന്ന കസ്റ്റം റോമുകൾ റിലീസ് ചെയ്യാനും സാധിക്കും.
പതിവുപോലെ ഗൂഗിൾ പിക്സൽ സ്മാർട്ട്ഫോണുകളിലാവും ആൻഡ്രോയ്ഡ് 16 ആദ്യം റിലീസാവുക. നിലവിൽ ഡെവലപ്പർമാർക്കും ബീറ്റ ടെസ്റ്റർമാർക്കും ആൻഡ്രോയ്ഡ് 16ൻ്റെ ബീറ്റ വേർഷൻ ലഭ്യമായിട്ടുണ്ട്.




ഗൂഗിൾ ജെമിനി
ഗൂഗിളിൻ്റെ എഐ ചാറ്റ് അസിസ്റ്റൻ്റായ ജെമിനിയിൽ പുതിയ ഫീച്ചറുകൾ അവതരിപ്പിക്കുമെന്ന് മൊബൈൽ വേൾഡ് കോൺഗ്രസിൽ വച്ച് തന്നെ ഗൂഗിൾ അറിയിച്ചിരുന്നു. ലൈവ് വിഡിയോ, സ്ക്രീൻ ഷെയറിങ് ഫീച്ചറുകളാണ് ജെമിനി എഐയിൽ പുതിയ അപ്ഡേറ്റായി അവതരിപ്പിക്കുക. ജെമിനി എഐയിൽ പുതിയ രണ്ട് ഫീച്ചറുകളാണ് അവതരിപ്പിക്കുക. ലൈവ് വിഡിയോ ഫീച്ചറിൽ വിഡിയോയുമായി ബന്ധപ്പെട്ട സംഭാഷണങ്ങൾ നടത്താനുള്ള അവസരമുണ്ടാവും. തങ്ങളുടെ ഡിവൈസ് ക്യാമറയിൽ നിന്നുള്ള വിഡിയോകൾ പങ്കുവച്ച് ഇതുമായി ബന്ധപ്പെട്ട വിവരങ്ങൾ ജെമിനിയോട് ചോദിക്കാം. ഇതിന് റിയൽ ടൈമിൽ തന്നെ ജെമിനി ഉത്തരങ്ങൾ നൽകും. സ്ക്രീൻ ഷെയറിങ് ഫീച്ചറിൽ ജെമിനിയുമായി തങ്ങളുടെ സ്ക്രീൻ പങ്കുവച്ച് അതുമായി ബന്ധപ്പെട്ട ചോദ്യങ്ങൾ ചോദിക്കാം. പ്രൊജക്ട് അസ്ത്രയുടെ ഭാഗമായിൽ ഗൂഗിളിൻ്റെ എഐ ഡിവിഷനായ ഡീപ്മൈൻഡ് ആണ് പുതിയ ഫീച്ചറുകൾ വികസിപ്പിച്ചത്.