Airtel – Blinkit: ബ്ലിങ്കിറ്റുമായി സഹകരണം; ഇനി എയർടെൽ സിം കാർഡുകൾ 10 മിനിട്ടിനകം വീടുകളിലെത്തും
Airtel Partners With Blinkit: സിം കാർഡുകൾ വീട്ടിലെത്തിക്കാൻ ബ്ലിങ്കിറ്റുമായി സഹകരണം പ്രഖ്യാപിച്ച് എയർടെൽ. സിം കാർഡുകൾ 10 മിനിട്ടിനകം വീട്ടിലെത്തിക്കുന്നതാണ് സേവനം.

ഡെലിവറി സർവീസായ ബ്ലിങ്കിറ്റുമായി സഹകരണം പ്രഖ്യാപിച്ച് പ്രമുഖ ടെലികോം സേവനമായ എയർടെൽ. സിം കാർഡുകൾ 10 മിനിട്ടികം വീട്ടിലെത്തിക്കാനാണ് ബ്ലിങ്കിറ്റുമായി എയർടെൽ സഹകരണം പ്രഖ്യാപിച്ചത്. പ്രീപെയ്ഡ്, പോസ്റ്റ്പെയ്ഡ് സിം കാർഡുകൾ വീട്ടിൽ ഡെലിവർ ചെയ്യും. ഈ സേവനത്തിനായി വളരെ കുറഞ്ഞ തുക മാത്രം നൽകിയാൽ മതിയെന്നും എയർടെൽ അറിയിച്ചു.
49 രൂപയാണ് ഈ സേവനത്തിനായി നൽകേണ്ട തുക. സിം ലഭിച്ചുകഴിഞ്ഞാൽ സ്വയം കെവൈസി വെരിഫിക്കേഷൻ നടത്താം. ആധാർ കാർഡ് അടിസ്ഥാനമാക്കിയുള്ള വെരിഫിക്കേഷനിലൂടെ സിം ആക്ടിവേറ്റ് ചെയ്യാവുന്നതാണ്. ഇതിനൊപ്പം മൊബൈൽ നമ്പർ പോർട്ടബിളിറ്റി സൗകര്യവും എയർടെൽ ഈ സേവനത്തിലൂടെ എയർടെൽ നൽകുന്നുണ്ട്. മറ്റ് നമ്പരുകളിൽ നിന്ന് എയർടെലിലേക്ക് പോർട്ട് ചെയ്യാനാണ് ഈ സേവനം ഉപയോഗിക്കാനാവുക. ലഭിച്ചുകഴിഞ്ഞാൽ 15 ദിവസത്തിനകം തന്നെ സിം ആക്ടിവേറ്റ് ചെയ്യണമെന്ന് എയർടെൽ അറിയിച്ചു.
“ബ്ലിങ്കിറ്റ് സിം ഡെലിവറി ചെയ്യും. സ്വയം കെവൈസി വെരിഫിക്കേഷൻ നടത്താൻ എയർടെൽ സൗകര്യമൊരുക്കുന്നുണ്ട്. സിം ആക്ടിവേറ്റ് ചെയ്തിട്ട് പോസ്റ്റ്പെയ്ഡ് പ്ലാനോ പ്രീപെയ്ഡ് പ്ലാനോ തിരഞ്ഞെടുക്കാം.”- ബ്ലിങ്കിറ്റ് സിഇഒ ആൽബിന്ദർ ധിൻസ പറഞ്ഞു.
നിലവിൽ പ്രാഥമിക ഘട്ടത്തിലാണ് ഈ സേവനം. രാജ്യത്തെ തിരഞ്ഞെടുത്ത നഗരങ്ങളിൽ മാത്രമാണ് ഇപ്പോൾ ഈ സേവനം ലഭ്യമാവൂ. ഡൽഹി, ഗുഡ്ഗാവ്, ഫരീദാബാദ്, സോണിപത്, അഹ്മദാബാദ്, സൂറത്ത്, ചെന്നൈ, ഭോപ്പാൽ, ഇൻഡോർ, ബെംഗളൂരു, മുംബൈ, പൂനെ, ലഖ്നൗ, ജയ്പൂർ, കൊൽക്കത്ത, ഹൈദരാബാദ് എന്നീ 16 നഗരങ്ങളിൽ മാത്രമാണ് ഇപ്പോൾ ബ്ലിങ്കിൻ്റെ എയർടെൽ സിം ഡെലിവറി ലഭ്യമാവൂ. സമീപഭാവിയിൽ തന്നെ കൂടുതൽ നഗരങ്ങളിലേക്ക് ഈ സർവീസ് വ്യാപിപ്പിക്കുമെന്നാണ് സൂചന.
2013ൽ ആരംഭിച്ച കമ്പനിയാണ് ബ്ലിങ്കിറ്റ്. 2022ൽ ഭക്ഷണവിതരണശൃംഖലയായ സൊമാറ്റോ ബ്ലിങ്കിറ്റിനെ ഏറ്റെടുത്തു. കേരളം അടക്കം വിവിധ ഇടങ്ങളിൽ ഇന്ന് ബ്ലിങ്കിറ്റ് സേവനമുണ്ട്. പലചരക്ക് ഉൾപ്പെടെയുള്ള അവശ്യ സാധനങ്ങൾ 10 മിനിട്ടികം ഡെലിവറി എന്നതാണ് ബ്ലിങ്കിറ്റിൻ്റെ വാഗ്ദാനം.