Airtel Sim Scam: ഉടമയറിയാതെ ഡ്യൂപ്ലിക്കേറ്റ് സിം എടുത്തു; സൈനികന്റെ ബാങ്കിൽ നിന്ന് പിന്‍വലിച്ചത് ലക്ഷങ്ങൾ
Soldier Loss Lakhs of Money Due to Airtel Sim Scam: കൃത്യമായ പരിശോധനകൾ ഇല്ലാതെ എയർടെൽ ഡ്യൂപ്ലിക്കേറ്റ് സിം നൽകിയതിൽ സൈനികന് നഷ്ടമായത് 2,87,630 രൂപ. ബാങ്ക് ഇടപാടുകളുമായി ബന്ധിപ്പിച്ചിരുന്ന നമ്പർ ആണ് തട്ടിപ്പുകാർ കൈവശപ്പെടുത്തിയത്.
ഉടമയറിയാതെ ഡ്യൂപ്ലിക്കേറ്റ് സിം എടുത്ത് തട്ടിപ്പുകാർ ബാങ്കിൽ നിന്നും പിൻവലിച്ചത് ലക്ഷങ്ങൾ. സൈനികന്റെ അക്കൗണ്ടിൽ നിന്നാണ് ലക്ഷങ്ങൾ നഷ്ടപ്പെട്ടത്. വർഷങ്ങളായി എയർടെൽ സിം ഉപയോഗിച്ച് വരുന്ന സൈനികന്റെ എസ്ബിഐ ബാങ്ക് അക്കൗണ്ടിൽ ഉണ്ടായിരുന്നത് 2,87,630 രൂപയാണ്. ബാങ്ക് ഇടപാടുകളുമായി ബന്ധിപ്പിച്ചിരുന്ന നമ്പർ ആണ് കൃത്യമായ പരിശോധനകൾ ഇല്ലാതെ ഡ്യൂപ്ലിക്കേറ്റ് സിം എടുത്ത് നൽകിയത്. തുടർന്ന്, സിം കൈവശപ്പെടുത്തിയ തട്ടിപ്പുകാർ പണം പിൻവലിക്കുകയായിരുന്നു.
സംഭവ സമയത്ത് ജമ്മു കാശ്മീരിൽ ഡ്യൂട്ടിയിൽ ആയിരുന്ന സൈനികൻ വിവരമറിഞ്ഞ ഉടനെ എയർടെലുമായി ബന്ധപ്പെട്ടു. എന്നാൽ, പിൻവലിച്ച പണം തിരികെ നൽകാൻ എയർടെൽ തയ്യാറാവാത്ത സാഹചര്യത്തിൽ ഉത്തരാഖണ്ഡിലെ അൽമോറ ജില്ലാ ഉപഭോക്തൃ ഫോറത്തിൽ പരാതി നൽകുകയായിരുന്നു. തന്റെ എയർടെൽ നമ്പറിലുള്ള ഡ്യൂപ്ലിക്കേറ്റ് സിം ഉപയോഗിച്ച് പേടിഎം, സ്നാപ് ഡീൽ, എയർടെൽ മണി, എംപൈസ എന്നിവ വഴി തട്ടിപ്പുകാർ പണം പിൻവലിച്ചതായി സൈനികന്റെ പരാതിയിൽ പറയുന്നു.
എയർടെൽ ഡ്യൂപ്ലിക്കേറ്റ് സിം നൽകിയതാണ് തട്ടിപ്പിന് ഇടയാക്കിയതെന്ന് അന്വേഷണത്തിൽ കണ്ടെത്തി. നഷ്ടപ്പെട്ട പണവും, നഷ്ടപരിഹാരവും, നിയമപോരാട്ടത്തിന് ചെലവായ പണവും എയർടെൽ നൽകണമെയിരുന്നു ജില്ലാ ഉപഭോക്തൃ ഫോറം ഉത്തരവിട്ടത്. എന്നാൽ എയർടെൽ ഇത് അംഗീകരിക്കാതെ ഉയർന്ന കോടതികളെ സമീപിച്ചു. തുടർന്ന് വിവിധ കോടതികളിലും, സംസ്ഥാന ഉപഭോക്തൃ കമ്മീഷനിലും, ദേശീയ ഉപഭോക്തൃതർക്ക പരിഹാര കമ്മീഷനിലും (എൻസിഡിആർസി) വിചാരണ നടന്നു. ഒടുവിൽ, ജില്ലാ ഫോറത്തിന്റെ ഉത്തരവ് ശരിവെച്ച് സൈനികന് പലിശയടക്കം 4.83 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ എൻ.സി.ഡി.ആർ.സി എയർടെല്ലിന് ഉത്തരവിട്ടു.
ALSO READ: എസ്.എസ്.എൽ.വി പുതിയ മുന്നേറ്റത്തിന്റെ തുടക്കം; ഇനി വരുന്നത് ഇത്തിരിക്കുഞ്ഞന്മാരുടെ കാലം
തട്ടിപ്പ് നടത്തിയത് എങ്ങനെ
പേടിഎം, സ്നാപ് ഡീൽ, എയർടെൽ മണി, എംപൈസ പോലുള്ള പണമിടപാട് ആപ്പുകളുമായി ബന്ധിപ്പിച്ചിരുന്ന സിം ആണ് തട്ടിപ്പുകാർ കൈവശപ്പെടുത്തിയത്. ഈ ആപ്പുകൾ വഴിയാണ് അവർ പണം പിൻവലിച്ചത്. 2017 മെയ് 21നും മെയ് 27നും ഇടയ്ക്കാണ് അക്കൗണ്ടിൽ നിന്നും പണം പിൻവലിച്ചത്. ഈ സമയം ജമ്മു കാശ്മീരിൽ ഡ്യൂട്ടിയിൽ ആയിരുന്നു സൈനികൻ. അവിടെ എയർടെൽ സിമ്മിന് റേഞ്ച് ഇല്ലാത്തത് കൊണ്ടുതന്നെ പണം പിന്വലിക്കപ്പെട്ടത് അറിഞ്ഞിരുന്നില്ല. പിന്നീട് മൊബൈൽ നെറ്റ്‌വർക്ക് പരിധിയിൽ എത്തിയപ്പോഴാണ് സംഭവം മനസിലാക്കിയത്. സൈനികന്റെ സിം ജമ്മുകശ്മീരിലെ സെക്ടറിൽ ആക്ടീവായി നിൽക്കുമ്പോഴാണ് ബിഹാറിലെ നവദ ജില്ലയിൽ നിന്ന് ഡ്യൂപ്ലിക്കേറ്റ് സിം ഉപയോഗിച്ച് അവർ പണം പിൻവലിക്കുന്നത്.
സംഭവത്തിൽ ഉത്തരാഖണ്ഡിലെ ജില്ലാ ഫോറത്തിൽ സൈനികൻ പരാതി നൽകി. തുടർന്നുള്ള അന്വേഷണത്തിൽ എയർടെൽ ഡ്യൂപ്ലിക്കേറ്റ് സിം നൽകിയതിൽ നിരവധി പൊരുത്തക്കേടുകൾ കണ്ടെത്തി. ആദ്യ സിം നൽകിയപ്പോൾ സ്വീകരിച്ച രേഖകളിൽ ഉള്ള പരാതിക്കാരന്റെ ഫോട്ടോ, ഐ.ഡി കാർഡ് എന്നിവ ആയിരുന്നില്ല ഡ്യൂപ്ലിക്കേറ്റ് സിം വാങ്ങാൻ വന്നയാൾ സമർപ്പിച്ച രേഖകളിൽ ഉണ്ടായിരുന്നത്. ഡ്യൂപ്ലിക്കേറ്റ് സിം നൽകുന്നതിന് മുമ്പ് ആദ്യം സിം നൽകിയപ്പോൾ സമർപ്പിച്ച രേഖകളുമായി സാമ്യമുണ്ടോ എന്ന് പരിശോധിക്കണം എന്ന വ്യവസ്ഥയുണ്ട്. എന്നാൽ എയർടെൽ അത് പാലിച്ചില്ലെന്ന് കണ്ടെത്തിയാണ് ജില്ലാ ഉപഭോക്തൃ ഫോറം എയർടെല്ലിന് പിഴയിട്ടത്. എയർടെൽ ഉന്നത കോടതികളിൽ ഹർജിയുമായി മുന്നോട് പോയെങ്കിലും ജില്ലാ ഉപഭോക്തൃ ഫോറത്തിന്റെ ഉത്തരവ് എൻ.സി.ഡി.ആർ.സി ശരിവെക്കുകയായിരുന്നു.
ശ്രദ്ധിക്കേണ്ടത്
ഇതുപോലുള്ള സിം തട്ടിപ്പുകൾ മുതിർന്ന പൗരന്മാർ ഉൾപ്പെടെയുള്ള ഉപഭോക്താക്കളെ കൂടുതൽ ബാധിക്കും. ദീർഘനേരം നീണ്ടു നിൽക്കുന്ന സിം നെറ്റ്‌വർക്ക് പ്രശ്‌നങ്ങൾ, പെട്ടെന്ന് സിം നിർജീവമാകുക, സിം മാറ്റാൻ അഭ്യർത്ഥിക്കുന്ന വ്യാജ കോളുകൾ തുടങ്ങിയവയിൽ നിന്നും നമ്മൾ ജാഗ്രത പാലിക്കണം. 4-5 മണിക്കൂറിൽ കൂടുതൽ സമയത്തേക്ക് പെട്ടെന്ന് നെറ്റ്‌വർക്ക് നിർജ്ജീവമാകുകയാണെങ്കിൽ, ഉടൻ തന്നെ ടെലികോം സേവന ദാതാവിനോട് പരാതിപ്പെടുകയും പരിശോധിക്കുകയും വേണം. കൂടുതൽ കൃത്യമായ വിശദാംശങ്ങൾ ശേഖരിക്കുന്നതിന് തട്ടിപ്പുകാർ ഫിഷിംഗ്, സോഷ്യൽ എഞ്ചിനീയറിംഗ് അല്ലെങ്കിൽ ഡാറ്റാ ലംഘനങ്ങൾ ഉപയോഗിച്ചേക്കാം.