AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

ChatGPT: അപൂര്‍വ രോഗാവസ്ഥയുമായി നാല് വയസുകാരന്‍; കൃത്യമായി മനസിലാക്കാനാകാതെ ഡോക്ടര്‍മാര്‍; ഉത്തരം കണ്ടെത്തി ചാറ്റ്ജിപിടി

AI in healthcare: എഐ പോലുള്ള സംവിധാനങ്ങളില്‍ പൂര്‍ണമായും ആശ്രയിക്കരുതെന്നാണ് വിദഗ്ധരുടെ മുന്നറിയിപ്പ്. ചാറ്റ്ജിപിടി പോലുള്ള എഐ സംവിധാനങ്ങള്‍ മെഡിക്കല്‍ പ്രൊഫഷണലുകള്‍ക്ക് പകരമല്ല. അവയ്ക്ക് ക്ലിനിക്കല്‍ ജഡ്ജ്‌മെന്റ് നടത്താനോ, രോഗിയുടെ ഹിസ്റ്ററി കണ്ടെത്താനോ സാധിക്കില്ല. അതുകൊണ്ട് തന്നെ നിരവധി പോരായ്മകളും സംഭവിച്ചേക്കാം

ChatGPT: അപൂര്‍വ രോഗാവസ്ഥയുമായി നാല് വയസുകാരന്‍; കൃത്യമായി മനസിലാക്കാനാകാതെ ഡോക്ടര്‍മാര്‍; ഉത്തരം കണ്ടെത്തി ചാറ്റ്ജിപിടി
പ്രതീകാത്മക ചിത്രം Image Credit source: Freepik
jayadevan-am
Jayadevan AM | Published: 15 Apr 2025 18:39 PM

മീപകാല ചര്‍ച്ചകളില്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഒരു പ്രധാന വിഷയമാണ്. എഐയുടെ പ്രയോജനങ്ങള്‍, വെല്ലുവിളികള്‍ എന്നിവയെ ചുറ്റിപ്പറ്റിയാണ് പല ചര്‍ച്ചകളും. ആരോഗ്യമേഖലയില്‍ എഐ ഏതൊക്കെ തരത്തില്‍ പ്രയോജനപ്പെടുമെന്ന ചോദ്യവും പ്രസക്തമാണ്. ആ ചോദ്യത്തിനുള്ള ഉത്തരം അങ്ങ് അമേരിക്കയില്‍ കിട്ടും. 2023ല്‍ നടന്ന ഒരു സംഭവമാണ് വീണ്ടും ചര്‍ച്ചയാകുന്നത്. ഡോക്ടര്‍മാര്‍ക്ക് കണ്ടെത്താന്‍ പറ്റാത്ത ഒരു ആരോഗ്യപ്രശ്‌നം എഐ കണ്ടെത്തിയെന്നായിരുന്നു വാര്‍ത്ത. ടുഡേ.കോം ആണ് ഇത് റിപ്പോര്‍ട്ട് ചെയ്തത്.

തന്റെ നാല് വയസുള്ള മകന്‍ അലക്‌സിന്റെ ആരോഗ്യപ്രശ്‌നങ്ങളായിരുന്നു കോര്‍ട്ട്‌നി എന്ന സ്ത്രീയുടെ ദുഃഖം. പതിനേഴ് ഡോക്ടര്‍മാരെ അവര്‍ സമീപിച്ചു. അലക്‌സിന്റെ രോഗത്തെക്കുറിച്ച് ആര്‍ക്കും കണ്ടെത്താനായില്ല. മൂന്ന് വര്‍ഷത്തോളം കോര്‍ട്ട്‌നിക്ക് മകന്റെ രോഗം എന്താണെന്ന് കണ്ടെത്താന്‍ സാധിച്ചില്ല.

തുടര്‍ച്ചയായ പല്ലു വേദനകളായിരുന്നു തുടക്കം. തുടര്‍ന്ന് ആശ്വാസത്തിനായി വസ്തുക്കളില്‍ കടിക്കുന്നത് പോലുള്ള വിചിത്രമായ പെരുമാറ്റങ്ങളും അലക്‌സില്‍ ശ്രദ്ധിക്കപ്പെട്ടു. തുടര്‍ന്ന് അലക്‌സിന്റെ വളര്‍ച്ച മന്ദഗതിയിലായി. കാലുകളില്‍ ‘ഇമ്പാലന്‍സും’ സംഭവിച്ചു. നിരവധി പരിശോധനകള്‍ നടത്തിയിട്ടും ഒന്നും കണ്ടെത്താനായില്ല.

ഒടുവില്‍ അവര്‍ ചാറ്റ്ജിപിടിയുടെ സഹായം തേടി. അലക്‌സിന്റെ എംആര്‍ഐ കുറിപ്പുകളിലെ വിശദാംശങ്ങള്‍ നല്‍കി. അലക്‌സിന് ‘ടെതേര്‍ഡ് കോര്‍ഡ് സിന്‍ഡ്രോം’ എന്ന രോഗമാണെന്ന് നിമിഷങ്ങള്‍ക്കുള്ളില്‍ എഐ ഉത്തരം നല്‍കി. അപൂര്‍വമായ ന്യൂറോളജിക്കല്‍ കണ്ടീഷനാണിത്.പിന്നീട് ഒരു ന്യൂറോ സര്‍ജനും ഈ രോഗം സ്ഥിരീകരിച്ചു. ഉടന്‍ തന്നെ അലക്‌സ് ശസ്ത്രക്രിയക്ക് വിധേയനായി. ഇപ്പോള്‍ സുഖം പ്രാപിച്ച് വരുന്നുവെന്നാണ് റിപ്പോര്‍ട്ട്.

Read Also : Samsung Galaxy S25 Ultra: സാംസങ് എസ്25 അൾട്രയ്ക്ക് വൻ വിലക്കുറവ്; ഓഫർ ഈ മാസം അവസാനം വരെ

എന്നാല്‍ ഇത്തരം എഐ പോലുള്ള സംവിധാനങ്ങളില്‍ പൂര്‍ണമായും ആശ്രയിക്കരുതെന്നാണ് വിദഗ്ധരുടെ മുന്നറിയിപ്പ്. ചാറ്റ്ജിപിടി പോലുള്ള എഐ സംവിധാനങ്ങള്‍ മെഡിക്കല്‍ പ്രൊഫഷണലുകള്‍ക്ക് പകരമല്ല. അവയ്ക്ക് ക്ലിനിക്കല്‍ ജഡ്ജ്‌മെന്റ് നടത്താനോ, രോഗിയുടെ ഹിസ്റ്ററി കണ്ടെത്താനോ സാധിക്കില്ല. അതുകൊണ്ട് തന്നെ നിരവധി പോരായ്മകളും സംഭവിച്ചേക്കാം. എഐ ഒരിക്കലും ഡോക്ടര്‍മാര്‍ക്ക് പകരമല്ലെന്നും വിദഗ്ധര്‍ വ്യക്തമാക്കി.

നിരാകരണം: എഐയുടെ സ്വാധീനം വ്യക്തമാക്കാന്‍ വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്ത സംഭവമാണ് ഇവിടെ വിശദീകരിച്ചിരിക്കുന്നത്. ഇത് ടിവി മലയാളം സ്ഥിരീകരിക്കുന്നില്ല. എഐ സംവിധാനങ്ങള്‍ ഒരിക്കലും ഡോക്ടര്‍മാര്‍ക്ക് പകരമല്ല. ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് ഡോക്ടറുടെ ചികിത്സ തേടുക. സ്വയംചികിത്സ ഒഴിവാക്കുക