Yuzvendra Chahal – Dhanashree Verma: ഇൻസ്റ്റഗ്രാമിൽ പരസ്പരം അൺഫോളോ ചെയ്തു; ചഹാലും ധനശ്രീയും ഔദ്യോഗികമായി വേർപിരിഞ്ഞെന്ന് അഭ്യൂഹം
Yuzvendra Chahal And Dhanashree Verma Unfollow Each Other On Instagram: ഇന്ത്യൻ ക്രിക്കറ്റ് താരം യുസ്‌വേന്ദ്ര ചഹാലും ധനശ്രീ വർമ്മയും വേർപിരിയുന്നു എന്ന അഭ്യൂഹങ്ങൾ ശക്തമാവുന്നു. ഇരുവരും ഇൻസ്റ്റഗ്രാമിൽ പരസ്പരം അൺഫോളോ ചെയ്തതോടെയാണ് അഭ്യൂഹങ്ങൾ ശക്തമായത്.
ഇന്ത്യൻ ക്രിക്കറ്റ് താരം യുസ്‌വേന്ദ്ര ചഹാലും ഭാര്യയും കൊറിയോഗ്രാഫറുമായ ധനശ്രീ വർമ്മയും ഔദ്യോഗികമായി വേർപിരിഞ്ഞെന്ന് അഭ്യൂഹം. ഇരുവരും ഇൻസ്റ്റഗ്രാമിൽ നിന്ന് പരസ്പരം അൺഫോളോ ചെയ്ത് ചിത്രങ്ങളെല്ലാം നീക്കം ചെയ്തതോടെയാണ് അഭ്യൂഹം ശക്തമായത്. ഇരുവരും ബന്ധം അവസാനിപ്പിക്കുകയാണെന്ന് നേരത്തെ തന്നെ റിപ്പോർട്ടുകൾ വന്നിരുന്നു. ഇതിനെ ശരിവെക്കുന്നതാണ് പുതിയ സംഭവവികാസങ്ങൾ. 2020 ഡിസംബർ 11നാണ് ചഹാലും ധനശ്രീയും വിവാഹിതരാവുന്നത്.
ഇരുവരും പരസ്പരം ഇൻസ്റ്റഗ്രാമിൽ അൺഫോളോ ചെയ്തതിനൊപ്പം ചഹാൽ ധനശ്രീയ്ക്കൊപ്പമുള്ള ചിത്രങ്ങളെല്ലാം നീക്കം ചെയ്തു. ധനശ്രീ ചഹാലിനൊപ്പമുള്ള ചിത്രങ്ങൾ നീക്കം ചെയ്തിട്ടില്ല. ഇരുവരും വേർപിരിയുകയാണെന്ന വാർത്തകൾ സത്യമാണെന്ന് ഇരുവരുമായി അടുത്ത വൃത്തങ്ങൾ അറിയിച്ചതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു. “വേർപിരിയൽ ഉറപ്പാണ്. എപ്പോഴാണ് അത് ഔദ്യോഗികമാവുക എന്നേയുള്ളൂ. ഇരുവരും വേർപിരിയാനുള്ള കൃത്യമായ കാരണം അറിയില്ല. പക്ഷേ, തങ്ങളുടെ ജീവിതം വ്യത്യസ്തമായി ജീവിക്കാൻ ഇരുവരും തീരുമാനിക്കുകയായിരുന്നു.” ഇരുവരുമായി അടുത്ത ആളുകൾ പറഞ്ഞതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു.
2023ലാണ് ഇരുവരും വേർപിരിയുകയാണെന്ന അഭ്യൂഹങ്ങൾ പ്രത്യക്ഷപ്പെട്ടുതുടങ്ങിയത്. ഇൻസ്റ്റഗ്രാമിലെ തൻ്റെ പേരിൽ നിന്ന് ചഹാൽ എന്ന പേര് എടുത്തുമാറ്റിയതാണ് ഈ അഭ്യൂഹങ്ങൾക്ക് തുടക്കമിട്ടത്. ഇതിനിടെ ‘ന്യൂ ലൈഫ് ലോഡിങ്’ എന്ന ഇൻസ്റ്റഗ്രാം സ്റ്റോറിയുമായി ചഹാലും രംഗത്തുവന്നു. ഇതിനിടെ വേർപിരിയുകയാണെന്ന വാർത്തകൾ തള്ളി ചഹാൽ രംഗത്തുവന്നിരുന്നു. എന്നാൽ, കേട്ടതൊക്കെ ശരിയാണെന്നതാണ് നിലവിലെ റിപ്പോർട്ടുകൾ. ഇരുവരും ഇത് ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ഇൻസ്റ്റഗ്രാം അക്കൗണ്ടിലെ പുതിയ നീക്കങ്ങൾ പരിശോധിക്കുമ്പോൾ ഇതാണ് സൂചനയെന്ന് ആരാധകർ പറയുന്നു. വേർപിരിയൽ പ്രഖ്യാപനം ഇരുവരും ഉടൻ നടത്തുമെന്നാണ് സൂചനകൾ.
ലെഗ് സ്പിന്നറായ യുസ്‌വേന്ദ്ര ചഹാൽ 1990 ജൂലായ് 23നാണ് ജനിച്ചത്. 2016ൽ ഇന്ത്യൻ ടീമിൽ അരങ്ങേറി. ടെസ്റ്റിൽ താരം ഇതുവരെ കളിച്ചിട്ടില്ല. 72 ഏകദിന മത്സരങ്ങളിൽ നിന്ന് 121 വിക്കറ്റും 80 ടി20യിൽ നിന്ന് 96 വിക്കറ്റുമാണ് താരത്തിനുള്ളത്. ടി20 ലോകകപ്പ്, ഏഷ്യാ കപ്പ് ജേതാവാണ്. ഐപിഎലിൽ മുംബൈ ഇന്ത്യൻസ്, റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു, രാജസ്ഥാൻ റോയൽസ് എന്നീ ടീമുകൾക്കായി കളിച്ചിട്ടുള്ള ചഹാൽ നിലവിൽ പഞ്ചാബ് കിംഗ്സിൻ്റെ താരമാണ്. 2025 ഐപിഎൽ ലേലത്തിൽ 18 കോടി രൂപയ്ക്കാണ് ചഹാലിനെ പഞ്ചാബ് സ്വന്തമാക്കിയത്. ഇതോടെ ഐപിഎൽ ചരിത്രത്തിലെ തന്നെ ഏറ്റവും വിലപിടിച്ച സ്പിന്നറായി ചഹാൽ മാറിയിരുന്നു.
കൊറിയോഗ്രാഫറും നടിയുമായ ധനശ്രീ വർമ്മ 1996 സെപ്തംബർ 27നാണ് ജനിച്ചത്. ബാലി പ്യാർ ചാഹിയേ അടക്കം വിവിധ സംഗീത വിഡിയോകളിൽ ധനശ്രീ വർമ്മ അഭിനയിച്ചിട്ടുണ്ട്. തകർപ്പൻ ഡാൻസറായ താരത്തിൻ്റെ ഡാൻസ് വിഡിയോകൾ ഇൻസ്റ്റഗ്രാമിൽ വൈറലാവാറുണ്ട്. ഇന്ത്യൻ ക്രിക്കറ്റ് താരം ശ്രേയാസ് അയ്യർ ഉൾപ്പെടെയുള്ളവരുമായി ധനശ്രീ ഡാൻസ് വിഡിയോകൾ ചെയ്തിട്ടുണ്ട്. ഇതൊക്കെ വൈറലാവുകയും ചെയ്തു.